മാമ്പഴപ്പുളിശ്ശേരി ഇങ്ങനെ തയാറാക്കിയാൽ ഫ്രിജിൽ വയ്ക്കാതെ ഉപയോഗിക്കാം

495760232
SHARE

മാമ്പഴ മധുരത്തിലുള്ള പുളിശേരിയുടെ ഓർമ തന്നെ വായിൽ വെള്ളം നിറയ്ക്കുന്നതാണ്. ഈ മാമ്പഴക്കാലത്ത് ഫ്രിജിൽ വയ്ക്കാതെ ഉപയോഗിക്കാൻ പറ്റുന്ന മാമ്പഴപ്പുളിശ്ശേരിയുടെ രുചിക്കൂട്ട് പരിചയപ്പെടാം.

ചേരുവകൾ

 • നല്ല പഴുത്ത മാമ്പഴം – 5 എണ്ണം
 • മഞ്ഞൾ പൊടി – 1 ചെറിയസ്പൂൺ
 • ജീരകം – ഒരു നുള്ള്
 • പച്ചമുളക് – 10 എണ്ണം
 • നാളീകേരം–  ചെറിയത് ഒന്ന്
 • തൈര് – 350 ഗ്രാം
 • നെയ്യ് – 3 സ്പൂൺ
 • ഉലുവ– 1 സ്പൂൺ
 • വെളുത്തുള്ളി – 2 അല്ലി
 • കടുക് – 1 സ്പൂൺ
 • വറ്റൽമുളക് –  4 എണ്ണം
 • കറിവേപ്പില– 2 തണ്ട്
 • ഉപ്പ് – ആവശ്യത്തിന്

തയാറാക്കുന്ന വിധം

ഒരു മൺചട്ടിയിൽ തൊലി കളഞ്ഞ പഴുത്ത മാമ്പഴം മാങ്ങയുടെ മുകളിൽ വരത്തക്ക രീതിയിൽ വെള്ളവും 1 സ്പൂൺ മഞ്ഞൾപ്പൊടിയും ചേർത്ത് ചെറുതീയിൽ നന്നായി വേവിക്കുക. 

മിക്സിയുടെ വലിയ ജാറിൽ നാളീകേരവും 10 പച്ചമുളകും ഒരു നുള്ള് ജീരകവും തൈരും ചേർത്ത് നന്നായി അരയ്ക്കുക. മാമ്പഴം നല്ലപോലെ വെന്തു വരുമ്പോൾ ഗ്യാസ് ഓഫാക്കുക. ഉടനെ തന്നെ അരപ്പ് മാമ്പഴ ചട്ടിയിലേക്ക് ഒഴിക്കുക. പിന്നീട് ചട്ടി ചൂടാക്കാൻ പാടില്ല. ചട്ടിയിൽ ഉള്ള സ്വാഭാവികമായ ചൂടിൽ അരപ്പ് ചൂടാകാനേ പാടുള്ളൂ. 

അതിനു ശേഷം ആവശ്യത്തിന് ഉപ്പു ചേർക്കുക. തൈര് ഉപയോഗിച്ച് കറികൾ ഉണ്ടാക്കുമ്പോൾ ആദ്യമേ ഉപ്പ് ചേർക്കരുത് തൈര് ഒഴിച്ച ശേഷമേ ഉപ്പു ചേർക്കാവൂ അല്ലെങ്കിൽ സ്വാദ് കുറയും. പിന്നീട് ഒരു പാനിൽ നെയ്യ് ഒഴിക്കുക, നെയ്യ് ചൂടാകുമ്പോൾ കടുക്  ചേർക്കുക ശേഷം വറ്റൽ മുളക് ചേർക്കുക. പിന്നീട് ചതച്ചു വച്ച വെളുത്തുള്ളി ചേർക്കുക. 

അതിനുശേഷം ഉലുവയും കറിവേപ്പിലയും ചേർക്കുക ഉലുവ ബ്രൗൺ നിറമായിക്കഴിയുമ്പോൾ ഉടൻ തന്നെ ഈ പാനിലുള്ള ചേരുവകൾ എല്ലാം മാമ്പഴപുളിശ്ശേരിയിലേക്കു ഒഴിച്ച് ഇളക്കുക.  രാത്രിയിൽ മാമ്പഴപുളിശ്ശേരി ഉണ്ടാക്കി വൃത്തിയായി ഉറുമ്പ് കയറാതെ അടച്ചു വയ്ക്കുക. ഒരിക്കലും ഫ്രിഡ്ജിൽ സൂക്ഷിക്കരുത്. പിറ്റേന്ന് രാവിലെയും ഉച്ചയ്ക്കും ഉപയോഗിച്ചാലും മാമ്പഴപുളിശ്ശേരി കേടാകില്ല.

English Summary : Nadan Recipe , Mango Pulissery.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN RECIPES
SHOW MORE
FROM ONMANORAMA