ADVERTISEMENT

കാലങ്ങളായുള്ള നാട്ടറിവുകൾ പലവിധത്തിൽ അരഞ്ഞുചേർന്ന കട്‌ലറ്റിന്റെ കൂട്ടുകൾ കുറിപ്പുകൾക്കുമപ്പുറം. ഏതു നാടിന്റെയും രുചിക്കനുസരിച്ച് പൊടിക്കൈകൾ കൊണ്ടു മാറ്റിയെടുക്കാവുന്ന ഈ കൊച്ചുവിഭവം വിരുന്നുകളിൽ മുൻപൻ. പച്ചക്കറി, മത്സ്യം, മാംസം, ചെമ്മീൻ എന്നിങ്ങനെ എന്തും സ്വീകരിക്കുന്ന വിശാല വിഭവമാണ് കൈവെള്ളയിലൊതുങ്ങുന്ന കട്‌ലറ്റ്.

ഏതായാലും പിടിച്ചാൽ കിട്ടാത്ത രുചിയും! ഇറച്ചി  അധികം മൂത്തതാകരുത്. ഇതു ചെറുതായി കൊത്തിനുറുക്കി അരച്ചെടുക്കുക. ഉരുളക്കിഴങ്ങ് പുഴുങ്ങിയത്, സവാള, ഇഞ്ചി, പച്ചമുളക്, വെളുത്തുള്ളി, മഞ്ഞൾപ്പൊടി, പുതിനയില തുടങ്ങിയവയാണ് അടിസ്ഥാന ചേരുവകൾ. നാടുമാറുന്നതിനനുസരിച്ച് ചേരുവകളും മാറിക്കൊണ്ടിരിക്കും. ഗരംമസാല, മല്ലയില, കുരുമുളക് തുടങ്ങിയവ ചേർക്കാം. ചേരുവകൾ പ്രത്യേകം അരയ്ക്കുന്നു. ഒരുപാട് അരയണമെന്നില്ല. ഇത് ഇറച്ചി അരച്ചതുമായി യോജിപ്പിക്കുന്നു. എളുപ്പം നോക്കി മൊത്തമായി അരച്ചെടുക്കുന്ന രീതിയുമുണ്ട്.

 

കൂട്ടുകൾ ചെറുതീയിൽ മൂപ്പിച്ച് ഇറച്ചിയും ചേർത്ത് വഴറ്റി അരച്ചെടുക്കുന്നതാണു മറ്റൊരു രീതി. അരച്ചെടുത്ത കൂട്ട് കൈവെള്ളയിൽ വച്ച് ഇഷ്ടമുള്ള രൂപത്തിൽ പരത്തുന്നു. മുട്ടയുടെ വെള്ള അടിച്ചുപതപ്പിച്ചതിൽ ഇതു മുക്കിയെടുത്ത് റസ്‌ക് പൊടിയിൽ ഒപ്പിയെടുക്കുന്നു. കട്‌ലറ്റ് പൊട്ടാതിരിക്കാനാണ് റസ്ക് കുപ്പായം. എണ്ണയിൽ മൂപ്പിച്ചുകോരുമ്പോൾ മൊരുമൊരാന്ന് ഇരിക്കണം. മീൻ കട്‌ലറ്റിൽ അയക്കൂറയാണ് പ്രധാനി. ചൂരയും പരീക്ഷിക്കാം. മീൻ മുള്ളുനീക്കി പുഴുങ്ങി ഉടച്ചെടുക്കണം.

വെജിറ്റബിൾ കട്‌ലറ്റിൽ ഗ്രീൻപീസ്, ഉരുളക്കിഴങ്ങ്, ബീറ്റ്‌റൂട്ട് തുടങ്ങിയവയാണ് പ്രധാന താരങ്ങൾ. പലതരം ചീരകളും പരിപ്പും ചേർത്തുള്ള കട്‌ലറ്റ്  ദുബായിലുമെത്തി. കടലയെണ്ണയിൽ വറുത്തുകോരിയ ഇതു ചൂടോടെ മല്ലിയില ചട്നി കൂട്ടി കഴിക്കുന്നു. കടലപ്പരിപ്പ്, ഇടിച്ചക്ക എന്നിങ്ങനെ കട്‌ലറ്റിലെ കൂട്ടുകൾക്ക് കയ്യും കണക്കുമില്ല.

English Summary : Crispy Cutlet Cooking Tips.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com