ADVERTISEMENT

മലബാറുകാർക്ക് മീനിനോടുള്ള പ്രിയം ഒന്നു വേറെ തന്നെയാണ്. പ്രഭാതഭക്ഷണത്തിൽ പോലും മീൻ ഉൾപ്പെടുത്തുന്നവരാണ് ഭൂരിഭാഗവും. മീനിനോടുള്ള അതേ ഇഷ്ടമാണ് പത്തിരിയോടുള്ളതും.

ചട്ടിപ്പത്തിരി, പെട്ടിപ്പത്തിരി, നൈസ് പത്തിരി,മസാല പത്തിരി, കണ്ണുവച്ച പത്തിരി തുടങ്ങി വ്യത്യസ്ത രുചികളിലുളള സ്വാദൂറും പത്തിരി ഉണ്ടാക്കുന്നതിൽ മലബാറുകാരെ തോൽപ്പിക്കാൻ ആർക്കും കഴിയില്ല. മലബാറിന്റെ ഇഷ്ടവിഭവങ്ങളായ മീനും പത്തിരിയും കൊണ്ടുള്ള മീൻപത്തിരിയുടെ രുചി പരീക്ഷിച്ചാലോ. ചെമ്മീൻ, അയക്കൂറ, ആവോലി, അയല എന്നിവ കൊണ്ടെല്ലാം മീൻ പത്തിരി തയാറാക്കാം.

മസാല തയാറാക്കാൻ

  • ചെമ്മീൻ -250 ഗ്രാം
  • സവാള - 2 വലുത്
  • ഇഞ്ചി-വെളുത്തുള്ളി ചതച്ചത് -2 ടേബിൾ സ്പൂൺ
  • പച്ചമുളക് - 2 -3എണ്ണം
  • തക്കാളി -1 വലുത്
  • മഞ്ഞൾപ്പൊടി -1/2 ടീസ്പൂൺ
  • മുളകുപൊടി - 1 ടീസ്പൂൺ
  • ഗരം മസാല -1/2 ടീസ്പൂൺ
  • അരപ്പ് തയാറാക്കാൻ
  • തേങ്ങ -1/2 കപ്പ്
  • മഞ്ഞൾപ്പൊടി -1/2 ടീസ്പൂൺ
  • മുളക് പൊടി -1 ടീസ്പൂൺ
  • മല്ലി പൊടി -2 ടേബിൾ സ്പൂൺ

 

പത്തിരി തയാറാക്കാൻ

  • പൊന്നി പുഴുങ്ങലരി -2 കപ്പ്
  • തേങ്ങ  അരക്കപ്പ്
  • സവാള - ഒന്നിന്റെ പകുതി
  • പെരുംജീരകം - ഒരു ടേബിൾ സ്പൂൺ

 

തയാറാക്കുന്ന വിധം

ചെമ്മീൻ മഞ്ഞൾപ്പൊടിയും മുളകുപൊടിയും ഇഞ്ചി-വെളുത്തുള്ളി പേസ്റ്റും പാകത്തിന് ഉപ്പും ചേർത്ത് പുരട്ടി കുറഞ്ഞത് അര മണിക്കൂറെങ്കിലും വയ്ക്കണം. അരപ്പിനുള്ള ചേരുവകൾ എല്ലാം കൂടി നന്നായി അരച്ചു മാറ്റിവെയ്ക്കണം. ഒരു ഫ്രൈ പാനിൽ വെളിച്ചെണ്ണ ചൂടാക്കി ചെമ്മീൻ വറുത്തു മാറ്റാം. ഇതിലേക്ക് സവാള ചേർത്ത് ഒന്നു വഴറ്റിയ ശേഷം ഇഞ്ചി-വെളുത്തുള്ളി ചതച്ചതും ചേർത്തു വഴറ്റിയതിനു ശേഷം തക്കാളി ചേർക്കാം.

തക്കാളി നല്ലതു പോലെ വെന്ത ശേഷം ഇതിലേക്ക് നേരത്തെ അരച്ചു വച്ച അരപ്പും ഗരം മസാലപ്പൊടിയും ചേർത്ത്  നല്ലതുപോലെ തിളപ്പിച്ച് വെള്ളം വറ്റിയ ശേഷം വറുത്തുവച്ച ചെമ്മീനും ചേർത്ത് ഇളക്കി അടച്ചുവെച്ചു ചെറുതീയിൽ അഞ്ചോ എട്ടോ മിനിറ്റോ വേവിക്കണം. ഇതിലേക്ക് മല്ലിയിലയും പുതിനയിലയും അരിഞ്ഞതു കൂടി ചേർത്തിളക്കി തീ ഓഫ് ചെയ്യാം. പൊന്നി പുഴുങ്ങലരി നല്ല തിളച്ച വെള്ളത്തിൽ മിനിമം അഞ്ചു മണിക്കൂർ കുതിർത്ത ശേഷം അരി കഴുകി തേങ്ങയും ഉള്ളിയും പെരുംജീരകവും ചേർത്ത് അരച്ചെടുക്കുക.

fish-pathiri
മീൻ പത്തിരി

ഇതിലേക്കാവശ്യമായ ഉപ്പും പത്തിരി പൊടിയും ചേർത്ത് നന്നായി കുഴച്ചെടുക്കുക. ഇലയട ഉണ്ടാക്കുന്ന പരുവത്തിൽ മാവ് തയാറാക്കണം. ഒരു വാഴയില എടുത്ത് തയാറാക്കിയ മാവിൽ നിന്നും വലിയ ഉരുളയെടുത്ത് പരത്തിയെടുക്കുക. ഇതുപോലെ രണ്ട് പത്തിരി റെഡി ആക്കുക. രണ്ടാമത്തെ പത്തിരി ഒരല്പം വലുതായിരിക്കണം. ഒന്നാമത്തെ പത്തിരിയിൽ നല്ല കനത്തിൽ മസാല വെക്കുക. രണ്ടാമത്തെ പത്തിരിയിൽ ചെറിയ രീതിയിൽ മസാല സ്‌പ്രെഡ് ചെയ്യുക. രണ്ടാമത്തെ പത്തിരി കൊണ്ട് ഒന്നാമത്തെ പത്തിരിയെ മൂടിവയ്ക്കുക.അരികുകൾ  നന്നായി അമർത്തി സീൽ ചെയ്യുക. സ്റ്റീമറിൽ വച്ച് 20 മിനിട്ട് നേരം സ്റ്റീം ചെയ്‌തെടുത്താൽ മീൻപത്തിരി റെഡി.

English Summary : Fish Pathiri

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com