ADVERTISEMENT

ചൂടു കൂടിവരുന്നു. ശരീരത്തിൽ ജലാംശം നിലനിർത്താൻ പ്രത്യേകം ശ്രദ്ധിക്കേണ്ട സമയം. അടുക്കളയിലുള്ള പച്ചക്കറികൾ കൊണ്ട് ആരോഗ്യപ്രദമായ ഒരു ജ്യൂസ് തയാറാക്കിയാലോ? 

കാരറ്റ്– തക്കാളി– ഇഞ്ചി ജ്യൂസ്

3 വലിയ കാരറ്റും 2 തക്കാളിയും ചെറിയ കഷണം ഇഞ്ചിയും ജ്യൂസ് ഉണ്ടാക്കാൻ എടുക്കാം. ശുദ്ധജലത്തിൽ വൃത്തിയായി കഴുകി ചെറിയ കഷണങ്ങളാക്കി ആവശ്യത്തിനു വെള്ളം ചേർത്ത് മിക്സറിൽ അടിച്ചെടുക്കുക. ഉപ്പ്. പഞ്ചസാര എന്നിവ ചേർക്കണമെന്നില്ല.

മിന്റ് ലൈം
സ്ഥിരം നാരങ്ങാവെള്ളം ഒന്നു മാറ്റിപ്പിടിക്കാം. കർപ്പൂര തുളസിയുടെയും തുളസിയുടെയും ഗുണവും തേനിന്റെ ഇളം മധുരവുമായി ചൂടിനെ നേരിടാം. വൈറ്റമിൻ സി യും ആന്റി ഓക്സിഡന്റുകളും ഇതിനൊപ്പം ഫ്രീ.

mint-lime

നന്നായി പഴുത്ത ചെറുനാരങ്ങ: നാലെണ്ണം
അധികം പഴുക്കാത്തത്: മൂന്നെണ്ണം
കർപ്പൂരതുളസിയില, തുളസിയില: കാൽ കപ്പ്.
(തുളസിയിലയുടെ അളവ് കുറഞ്ഞിരിക്കണം)
പഞ്ചസാര: മുക്കാൽ കപ്പ്
തേൻ: മൂന്ന് ടേബിൾ സ്പൂൺ

ചെറുനാരങ്ങ നന്നായി പിഴിഞ്ഞു നീരെടുത്ത് അരിച്ചെടുക്കുക. ഇത് ഏകദേശം ഒരു കപ്പ് ഉണ്ടായിരിക്കും. കാൽ കപ്പ് പഞ്ചസാരയും കർപ്പൂര– തുളസിയിലകളും ചേർത്തു നന്നായി ചതച്ചെടുക്കുക. ഇത് ഒരു ചില്ലു ജാറിലേക്കു പകർന്നശേഷം അരിച്ചെടുത്ത നാരങ്ങാനീര് ഇതിലേക്കു ചേർക്കുക. നന്നായി ഇളക്കിയശേഷം ബാക്കി പഞ്ചസാരകൂടി ചേർത്തു നന്നായി അലിയിച്ചെടുക്കുക. ഒരു ഗ്ലാസിൽ തണുത്തവെള്ളവും ഐസ് ക്യൂബുകളും പകുതിയോളം നിറച്ചശേഷം നാരങ്ങാനീര്– തുളസി മിശ്രിതം ചേർക്കുക. ഇതിനുമുകളിലേക്കു തേൻ കൂടി പകർന്നശേഷം കുടിക്കാം.

സ്വീറ്റ് ലസ്സി

പഞ്ചാബിന്റെയും മറ്റു ഉത്തരേന്ത്യൻ പ്രദേശങ്ങളുടെയും സ്വന്തം പാനീയമാണു ലസ്സി. ചൂടിനെ തുരത്തുന്നതിനൊപ്പം കലർപ്പില്ലാത്ത രുചിയും ആരോഗ്യവും നേടാം.

പുളിയില്ലാത്ത കട്ടത്തൈര്: രണ്ടുകപ്പ്
പഞ്ചസാര: മൂന്ന് ടേബിൾ സ്പൂൺ
തണുത്ത പാൽ / വെള്ളം: കാൽ കപ്പ്
ഫ്രഷ് ക്രീം: ഒരു ടീസ്പൂൺ
റോസ് വാട്ടർ / റോസ് എസൻസ്: ഒരു ടീസ്പൂൺ
ഏലയ്ക്ക പൊടിച്ചത്: അര ടീസ്പൂൺ
ബദാം: നീളത്തിൽ അരിഞ്ഞത്: ഒരു ടേബിൾ സ്പൂൺ

Lassi

തൈര്, പഞ്ചസാര, തണുത്തപാൽ, റോസ് എസൻസ് എന്നിവ മിക്സറിലോ ബ്ലെൻഡർ ഉപയോഗിച്ചോ യോജിപ്പിക്കുക. അധികം ശക്തിയായി ബ്ലെൻഡ് ചെയ്യരുത്. വെണ്ണ വേർതിരിയാത്തതുപോലെയേ ചെയ്യാവൂ.

ഇതു റഫ്രിജറേറ്ററിൽ വച്ചു നന്നായി തണുപ്പിച്ചശേഷം ഐസ് ക്യൂബുകളിട്ട ഗ്ലാസിലേക്കു പകരുക. മുകളിൽ ഫ്രഷ് ക്രീമും ബദാമും ഏലയ്ക്ക പൊടിച്ചതും വിതറി അലങ്കരിക്കാം. മധുരം കൂടുതൽ വേണ്ടവർക്കു പഞ്ചസാര കൂടുതൽ ചേർക്കാം.

English Summary : Easy Juice, Healthy Juice

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com