ADVERTISEMENT

ഉൽപത്തിയോളം പഴക്കമുണ്ട് തേനും മനുഷ്യനും തമ്മിലുള്ള ബന്ധത്തിന്. ബൈബിളിൽ തേൻ സമൃദ്ധിയുടെ പര്യായയമാണ്. ഖുറാനിൽ ഇത് വിശുദ്ധ ഭക്ഷണവും. വേദങ്ങളിലും ഉപനിഷത്തുകളിലും ഇത് ഔഷധമാണ്, അമൃതാണ്. മരുന്നിനും സൗന്ദര്യ സംരക്ഷണത്തിനും മാത്രം തേൻ ഉപയോഗിച്ചിരുന്ന കാലം മാറി. തേനിന്റെ പോഷകമൂല്യം അറിഞ്ഞതോടെ ഹണി ഗ്ലേസ്ഡ് വിഭവങ്ങളായി തേൻ ഇന്ന് വൻകിട ഹോട്ടലുകളുടെ വരെ തീൻമേശയിലെത്തിക്കഴിഞ്ഞു. 

തേനിന്റെ ഗുണങ്ങൾ

നമ്മുടെ ദൈനംദിന ആഹാരത്തിലെ വിറ്റാമിനുകളുടെ കുറവ് പരിഹരിക്കാൻ തേൻ സഹായിക്കും. ധാരാളം ആന്റി ഓക്സിഡന്റുകളും വൈറ്റമിനുകളും പൊട്ടാസ്യം, കാൽസ്യം, മഗ്നീഷ്യം, ഇരുമ്പ് തുടങ്ങി ഒട്ടേറെ  ധാതുലവണങ്ങളും അടങ്ങിയതിനാൽ പ്രതിരോധ ശേഷി കൂട്ടുന്നതിലും മുൻപിലാണ്. ശരീരത്തിലുണ്ടാകുന്ന ഓക്സിജൻ ഫ്രീ റാഡിക്കലുകളെ നശിപ്പിക്കാൻ തേനിന് കഴിയും. ദിവസവും കഴിച്ചാൽ സൗന്ദര്യവും ആരോഗ്യവും ഉൻമേഷവും കൂടും, പ്രത്യുൽപാദന ശേഷി വർധിപ്പിക്കും കാൻസർ പോലുള്ള രോഗങ്ങളെ ചെറുക്കും. തേൻ കൊഴുപ്പുരഹിത ആഹാരമായതിനാൽ ശരീരഭാരം കൂട്ടാതെ തന്നെ പരമാവധി ഊർജം തരും. ഇത്രയും പോഷകഗുണമുള്ള  തേനിനെ ദിവസും പലവിധത്തിൽ ഭക്ഷണത്തിൽ ഉൾപ്പെടുത്താം. തേൻ ഒരിക്കലും ചൂടാക്കരുതെന്നു മാത്രം.

വളരെ എളുപ്പം തയാറാക്കാവുന്ന ഏതാനും തേൻ  ഡ്രിങ്കുകൾ 

തേൻ ജാപ്പി

ചായയ്ക്കും കാപ്പിക്കും പകരം ആരോഗ്യപ്രദമായ മറ്റൊരു പാനീയമായാലോ. ഇതിനു വേണ്ട ചേരുവകൾ: തേൻ (2 ടേബിൾ സ്പൂൺ), തേങ്ങാപ്പാൽ (2 ടീ സ്പൂൺ), ചുക്ക് (ചെറിയ കഷണം), ഉലുവ 50 ഗ്രാം, ജീരകം 100 ഗ്രാം, മല്ലി 100 ഗ്രാം, ഏലയ്ക്ക 3 എണ്ണം.

ജീരകം, ഉലുവ, മല്ലി എന്നവ പ്രത്യേകം പ്രത്യേകം വറുത്തെടുക്കുക. ഇതിന്റെ കൂടെ ചുക്കും ഏലയ്ക്കയും ചേർത്ത് മിക്സിയിൽ നല്ലതുപോലെ പൊടിക്കുക. അപ്പോൾ ജാപ്പിക്കുള്ള പൊടിയായി. ഇനി മുക്കാൽ ഗ്ലാസ് വെള്ളം തിളയ്ക്കുമ്പോൾ ഒരു ടീസ്പൂൺ പൊടിയിട്ട് അടുപ്പിൽനിന്ന് വാങ്ങിവയ്ക്കുക.ഇതിലേക്ക് തേങ്ങാപ്പാൽ ചേർത്ത് ഇളക്കുക. ചൂട് കുറഞ്ഞ് കുടിക്കാൻ പാകമാകുമ്പോൾ തേൻ ചേർത്ത് ഉപയോഗിക്കാം.

ഹണി ലെമൺ ടീ

ചെറുചൂടുള്ള ഒരു ഗ്ലാസ് കട്ടൻ ചായയിൽ രണ്ടു സ്പൂൺതേനും ഒരു സ്പൂൺ ചെറുനാരങ്ങാനീരും ചേർത്ത് കുടിക്കാം. 

ഹണി കോള

രാവസ്തുക്കൾ ചേരാത്ത മറ്റൊരു ജൈവപാനീയമാണിത്. തേൻ 100 ഗ്രാം, വെള്ളം 400 മില്ലീ, ഇഞ്ചിനീര് 2 ടേബിൾ സ്പൂൺ, ചെറുനാരങ്ങാ നീര് 1 ടേബിൾ സ്പൂൺ, ഏലയ്ക്ക ചതച്ചത് 5 എണ്ണം. 

എല്ലാ ചേരുവകളും നന്നായി യോജിപ്പിച്ച്  അരിച്ചെടുക്കുക. വെള്ളവും തേനും നന്നായി കലരണം. ചെറുതായി തണുപ്പിച്ച് ഉപയോഗിക്കാം. ദഹനത്തെ സഹായിക്കുന്ന മികച്ച ദാഹശമനിയാണിത്. 

കറ്റാർവാഴ തേൻ ജ്യൂസ്

മികച്ച ആന്റി ഓക്സിഡന്റ്.  ഇത് ശരീരത്തിന്റെ ചൂട് അകറ്റി പ്രതിരോധ ശേഷി കൂട്ടുന്നു.

ചേരുവകൾ: കറ്റാർവാഴ പൾപ് 100 ഗ്രാം, സാലഡ് വെള്ളരിയുടെ തൊലി കളഞ്ഞ് കഷണങ്ങളാക്കിയത് 100 ഗ്രാം, ഇഞ്ചി അരിഞ്ഞെടുത്തത് 20 ഗ്രാം, തേൻ 50 ഗ്രാം. കറ്റാർവാഴ പൾപ്പ് ജ്യൂസറിൽ അടിക്കുക. ഇതിലേക്ക് ഇഞ്ചിയും  സാല‍ഡ് വെള്ളരിയും അടിച്ചുചേർക്കണം. തേൻ കൂട്ടിച്ചേർത്ത് കുടിക്കാം. 

ഓറഞ്ച് സ്മൂത്തി

ചേരുവകൾ: ഓട്സ് 3 ടേബിൾ സ്പൂൺ, പഴം (റോബസ്റ്റ) 40 ഗ്രാം, ഓറഞ്ച് അല്ലികൾ (കുരുവും പാടയും നീക്കിയത്)40 ഗ്രാം, ഓറഞ്ച് ജ്യൂസ് ഒരു സ്പൂൺ,  കട്ടത്തൈര്  40 മില്ലി, തേൻ 50 ഗ്രാം. ഈ ചേരുവകൾ മിക്സിയിൽ നന്നായി അടിച്ചെടുക്കുക. െഎസ് പൊടിച്ചത് ചേർത്ത് അലങ്കരിച്ച് ഉപയോഗിക്കുക.

മുന്തിരി സ്മൂത്തി

ചേരുവകൾ: കുരുവില്ലാത്ത കറുത്ത മുന്തിരി 40 ഗ്രാം, കട്ടത്തൈര് 45 മില്ലി, തേൻ 60 ഗ്രാം, വാനില പൊടിച്ചത് 5 ഗ്രാം. ഇവ മിക്സിയിൽ അടിച്ചെടുത്ത ശേഷം  െഎസ് പൊടിച്ചതും (1ടീസ്പുൺ)  തേൻകട്ടയും (2 ടീസ്പുൺ) ചേർത്ത് അലങ്കരിച്ച് ഉപയോഗിക്കാം. 

അമിതവണ്ണം കുറയ്ക്കാനും തേൻ അത്യുത്തമമാണ്. 

∙ ഒരു ഗ്ലാസ് വെള്ളത്തിൽ 2 ടീസ്പൂൺ തേൻ ചേർത്ത് ദിവസവും അതിരാവിലെ വെറുംവയറ്റിൽ കഴിക്കുന്നത് അമിതവണ്ണം കുറയ്ക്കും. തേനിലെ ഫാറ്റ് സോല്യുബിൾ എൻസൈമുകൾ ശരീരത്തിൽ അടിഞ്ഞുകൂടുന്ന അമിത കൊഴുപ്പിനെ ഉരുക്കിക്കളയും. 

∙ ഒരുസ്പൂൺ തേനും ഒരുസ്പൂൺ ഇഞ്ചി നീരും അര നാരങ്ങയുടെ നീരും ചേർത്തു കുടിക്കുന്നതും ആരോഗ്യത്തിനും വയറിനും നല്ലതാണ്. 

∙ ബ്രഹ്മി ഇടിച്ചുപിഴിഞ്ഞ് 15 മില്ലി നീര് തുല്യ അളവിൽ തേൻ ചേർത്തു കഴിക്കുന്നതും ഉത്തമമാണ്.

∙ വാഴപ്പിണ്ടി നീര് അൽപം തേൻ ചേർത്ത് വെറുംവയറ്റിൽ കഴിക്കാം.

 

കടപ്പാട് 

(ബെന്നി ഡാനിയേൽ
പ്രോഗ്രാം ഓഫിസർ,
ബീ കീപ്പിങ് കൺസോർഷ്യം ആൻഡ് ട്രെയിനിങ് സെന്റർ,
ഹോർട്ടികോർപ്, മാവേലിക്കര)

English Summary : Lemon Honey Water is a soothing herbal concoction.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com