ADVERTISEMENT

ആഹാരം തന്നെയാണ് ഔഷധം. ആരോഗ്യത്തെ ജ്വലിപ്പിച്ചുനിർത്താനും കോവിഡ് പ്രതിരോധത്തിന്റെ മൂർച്ച കൂട്ടാനുമുള്ള മികച്ച വഴിയാണ് നല്ല ഭക്ഷണശീലങ്ങൾ. കഴിക്കുന്ന ഭക്ഷണത്തിന് ശരീരത്തെ ശുദ്ധീകരിക്കാനും കോശങ്ങൾക്ക് പോഷണമേകാനും കഴിയണം. ഇതിനായി വലിയ വില കൊടുത്ത് കടകളിൽ നിന്ന് വിഭവങ്ങൾ വാങ്ങേണ്ടതില്ല. വീട്ടുമുറ്റത്തും പറമ്പിലുമൊക്കെ കാണുന്ന  മഞ്ഞൾ, കറിവേപ്പില, ഇഞ്ചി, തുളസി, പനിക്കൂർക്ക തുടങ്ങിയവയെയും അടുക്കളയിലുള്ള കടുക്, കായം, ചുക്ക്, കുരുമുളക്, ജീരകം എന്നിവയെയുമെല്ലാം ശരിയായ രീതിയിൽ ആഹാരത്തിൽ ഉൾപ്പെടുത്തിയാൽ കോവിഡിനെതിരെ കരുത്ത് നേടാം. ശരീരബലം കൂട്ടാനും അണുക്കളെ ചെറുക്കാനും സഹായിക്കുന്ന മുൻനിര പോരാളികളാണിവ. അപ്പോൾ ഭക്ഷണത്തെ ഔഷധമാക്കി മാറ്റാൻ ഭാരതത്തിന്റെ തനത് വൈദ്യമായ ആയുർവേദത്തെ കൂട്ടുപിടിച്ച്  കൂട്ടി അടുക്കളയിലേക്ക് കയറാം. പ്രതിരോധം ശക്തിപ്പെടുത്തുന്ന ഏതാനും നാടൻ വിഭവങ്ങളിൽനിന്ന് തന്നെ തുടങ്ങാം.

പ്രാതൽ ഭക്ഷണങ്ങൾ

∙ചെറുപയർ ദോശ

ഉഴുന്നിന് പകരം ചെറുപയർ ചേർത്ത് ഉണ്ടാക്കുന്ന ദോശയാണിത്.

ചേരുവകൾ:

  • അരി – 3 ഗ്ലാസ്
  • ചെറുപയർ – 1 ഗ്ലാസ്
  • ഉലുവ – 1 ടീസ്പൂൺ
  • ഇഞ്ചി – ഒരു ചെറിയ കഷണം
  • പച്ചമുളക് – 2–3 എണ്ണം
  • കറിവേപ്പില, ഉപ്പ് - ആവശ്യത്തിന്

 

തയാറാക്കുന്ന വിധം

അരിയും ഉലവയും ചെറുപയറും കഴുകി വെവ്വേറെ പാത്രങ്ങളിൽ 9 മണിക്കൂർ വരെ കുതിരാൻ വയ്ക്കുക. ശേഷം വെള്ളം ഊറ്റി, പച്ചമുളകും ഇഞ്ചിയും കറിവേപ്പിലയും ചേർത്ത് ദോശമാവിന്റെ പാകത്തിൽ അരച്ചെടുത്ത് അരമണിക്കൂർ അടച്ച് വയ്ക്കുക. സാധാരണ ദോശ ചുടുന്നപോലെ ചുട്ട് എടുക്കുക. ഉയർന്ന അളവിൽ പ്രോട്ടീൻ അടങ്ങിയിട്ടുള്ളതിനാൽ പ്രമേഹരോഗികൾക്കും ഉത്തമം.

 

∙ പൊറോട്ടയല്ല, പിരോട്ട

  • പച്ചരി - 600 ഗ്രാം
  • തേങ്ങാപ്പാൽ – 450 മില്ലി
  • നെയ്യ് –  50 ഗ്രാം
  • ഉപ്പ് - പാകത്തിന്
  • ജീരകം – ഒരു നുള്ള്
  • പച്ചമുളക് – 1

 

തയാറാക്കുന്ന വിധം

പച്ചരി 2–3 മണിക്കൂർ കുതിർത്ത് വയ്ക്കുക. വെള്ളം മുഴുവൻ ഊറ്റിയ ശേഷം പൊടിച്ച് അരിപ്പ കൊണ്ട് അരിച്ചെടുക്കുക. പിന്നെ ചുവക്കെ വറുത്തെടുക്കുക. തേങ്ങാപ്പാൽ ചുവടുകട്ടിയുള്ള പാത്രത്തിൽ തിളപ്പിക്കുക. അതിലേക്ക് വറുത്ത മാവ് ചേർത്ത് തിളപ്പിച്ച് പേസ്റ്റ് രൂപത്തിലാക്കി വാങ്ങിവയ്ക്കുക. ചെറുചൂടുള്ള മാവിൽ നെയ്യും ഉപ്പും ജീരവും ചേർത്ത് കൈകൊണ്ട് കുഴച്ച് ചെറിയ ഉരുളകളാക്കി പരത്തിയെടുക്കുക. പിന്നീട് ദേശക്കല്ലിൽ എണ്ണ പുരത്തി രണ്ടുവശവും നന്നായി ചുട്ടെടുക്കുക.

∙ തവിടപ്പം

ഗോതമ്പുപൊടി അല്ലെങ്കിൽ അരിപ്പൊടി സമം തവിടുചേർത്ത് തിളച്ചവെള്ളത്തിൽ കുഴയ്ക്കുക. ഉള്ളി തരിയായി അരിഞ്ഞത് തേങ്ങചിരകിയത്, ഉപ്പ്, ഒരുനുള്ള് ജീരകപ്പൊടി എന്നിവയും ചേർത്ത് കുഴയ്ക്കണം. വാഴയിലയിൽ പരത്തി മീതെ മറ്റൊരു ഇലവച്ച് അടച്ചശേഷം ദേശക്കല്ലിൽവച്ച് ഇരുവശവും ചുട്ട് എടുക്കണം. പൊട്ടുകടല ചേർത്തരച്ച ചമ്മന്തി കൂട്ടിക്കഴിക്കാം.

തുളസി കാപ്പി

2 നുള്ള് ചുക്ക് പൊടി, 4 കുരുമുളക്, 6 തുളസിയില, 5 പനിക്കൂർക്കയില എന്നിവയിട്ട് വെള്ളം തിളപ്പിച്ച് കാപ്പിപ്പൊടി ചേർത്ത് കാപ്പിയുണ്ടാക്കുക. പഞ്ചസാരയ്ക്ക് പകരം പനംകൽക്കണ്ടമോ, കരിപ്പെട്ടി ശർക്കരയോ ചേർക്കുക. ദിവസവും രണ്ടുപ്രാവശ്യം ഈ കാപ്പി കുടിക്കാം.

ചെറുപയർ സൂപ്പ്

അൽപം ചെറുപയർ എടുത്ത് കുറച്ച് ഉപ്പ്, ഇന്തുപ്പ് എന്നിവ ചേർത്ത് നല്ലപോലെ കുക്കറിൽ വേവിച്ചെടുക്കുക. അതിൽ കുറച്ച് വെള്ളം കൂടി ചേർത്ത് നന്നായി തിളപ്പിക്കുക. അൽപം ഇഞ്ചി, വെളുത്തുള്ളി, ചുവന്നുള്ളി എന്നിവ നെയ്യിൽ മൂപ്പിച്ച് ചേർക്കുക. ചൂടോടെ കുടിക്കാം.

ഉള്ളി മൂപ്പിക്കുന്നതിന് മുൻപ് 2 പിടി മലർ കൂടി ചേർത്താൽ മലർകഞ്ഞിയായി കുടിക്കാം.

∙ ദാഹമകറ്റാൻ

കുടിവെള്ളം

ചുക്ക്, മല്ലി, തുളസി ഇട്ട് തിളപ്പിച്ച വെള്ളം ഉപയോഗിക്കാം. രാമച്ചമുണ്ടെങ്കിൽ അതും ചേർക്കാം.

സ്പെഷൽ സംഭാരം

ചുക്ക്, കുരുമുളക്, അയമോദകം, മല്ലി, കറിവേപ്പില എന്നിവ തുല്യമായി എടുത്ത് അൽപം മഞ്ഞൾപ്പൊടി ചേർത്ത് മോര് കാച്ചി ഒരുനേരം കുടിക്കുക. ഇത് നേർപ്പിച്ച് സംഭാരമായും ഉപയോഗിക്കാം.

ഇഞ്ചി, കറിവേപ്പില, ഒരു ചെറുനാരങ്ങ, ഒരു നെല്ലിക്ക ചേർത്ത് ഉണ്ടാക്കുന്ന സംഭാരം ദാഹത്തിന് നല്ലതാണ്. തൈര് അൽപം വെള്ളം ചേർത്ത് മിക്സിയിൽ അടിച്ച്, കടഞ്ഞ് വെണ്ണ മുഴുവൻ മാറ്റിയ മോരാണ് ഉപയോഗിക്കേണ്ടത്.

നാരങ്ങാവെള്ളം

നാരങ്ങാവെള്ളത്തിൽ ഇഞ്ചിനീര് കൂടി ചേർത്ത് ഇടയ്ക്ക് പാനീയമായി ഉപയോഗിക്കാം.

ഉച്ചഭക്ഷണം, കറികൾ

ഔഷധക്കഞ്ഞി

ജീരകം, ഉലുവ, മഞ്ഞൾ, വെളുത്തുള്ളി, കായം, ചെറുപയർ (ഇവയെല്ലാം ആവശ്യത്തിന്) ചേർത്ത് കഞ്ഞിവയ്ക്കുക. പ്രമേഹരോഗികൾക്ക് അരിക്കു പകരം നുറുക്കു ഗോതമ്പ് അല്ലെങ്കിൽ യവം ചേർക്കുക.

ചമ്മന്തി

ഇഞ്ചി, ചുവന്നുള്ളി, തക്കാളി, നെല്ലിക്ക, കറിവേപ്പില, നാളികേരം, ഇവയെല്ലാം ഒരുമിച്ച് ചേർത്ത് ചമ്മന്തി ഉണ്ടാക്കാം. ചുവന്നുള്ളി, ഇഞ്ചി ചേർത്ത് അല്ലെങ്കിൽ തക്കാളി, കറിവേപ്പില, ചുവന്നുള്ളി ചേർത്തും ചമ്മന്തിയരയ്ക്കാം. ഇഞ്ചിക്ക് പകരം മാങ്ങയിഞ്ചി ചേർത്തും ചമ്മന്തി തയാറാക്കാം.

ചുവന്നുള്ളി വറുത്തത്

ചുവന്നുള്ളി അൽപം നെയ് ചേർത്ത് മൂപ്പിച്ച് ഇടയ്ക്ക് കഴിക്കുക. ചോറിനൊപ്പവും കഴിക്കാം.

ഉള്ളി സാമ്പാർ

ചെറിയ ഉള്ളി, മുരിങ്ങക്കായ, മല്ലി, ഉലുവ, കറിവേപ്പില, മഞ്ഞൾ പൊടി, കായം, കടുക്, വറ്റൽമുളക് എന്നിവ ചേർത്ത് സാമ്പാർ ഉണ്ടാക്കുക.

രസം

തക്കാളി, തുവരപ്പരിപ്പ്, ജീരകം,ചുക്ക് പൊടി, കുരുമുളക്, വറ്റൽ മുളക്, മുളക് പൊടി, മല്ലിപ്പൊടി, മല്ലിയില, ഉപ്പ്, കായപ്പൊടി എന്നിവ ചേർത്ത് രസം തയാറാക്കുക.

∙ പയറിലത്തോരൻ

വള്ളിപ്പയറിന്റെയും ചെറുപയറിന്റെയും തളിരിലവച്ച് തോരനുണ്ടാക്കാം

  • ഇല അരിഞ്ഞത് –  1 കപ്പ്
  • പരിപ്പ് വേവിച്ചത്– അര കപ്പ്
  • ചെറിയ ഉള്ളി– കാൽ കപ്പ്
  • വെള്ളിച്ചെണ്ണ–1 ടേബിൾ സ്പൂൺ
  • ഉണക്കമുളക്– 2 എണ്ണം
  • കറിവേപ്പില– 1 തണ്ട്
  • തേങ്ങ ചിരകിയത്–1 മുറി
  • മഞ്ഞൾപ്പൊടി– അര ടീസ്പൂൺ‌
  •  ജീരകം– 1 ടീസ്പൂൺ
  • കടുക് ഒരു നുള്ള്

വെളിച്ചെണ്ണ ചൂടാക്കി കടുകിട്ട് പൊട്ടുമ്പോൾ ഉണക്കമുളകും കറിവേപ്പിലയും ഉള്ളി അരിഞ്ഞതും ചേർക്കുക. ഇവ വഴന്നുകഴിഞ്ഞാൽ ഇല ചേർക്കുക. ഇല പകുതിവേകുമ്പോൾ അതിലേക്ക് വേവിച്ച പരിപ്പ്  ചേർത്ത് ഇതിൽ തേങ്ങ, മഞ്ഞൾപൊടി , ജീരകം ഇവ ചതച്ചതും ഉപ്പും ചേർത്ത് വേവിച്ച് തോർത്തിയെടുക്കുക.

അത്താഴം

ജീരകകഞ്ഞി

  • അരി (പച്ചരി) 1 കപ്പ്
  • ജീരകം, മഞ്ഞൾ ആവശ്യത്തിന്
  • ഉലുവ 1 ടീസ്പൂൺ
  • വെള്ളം– അര കപ്പ്

അരപ്പിന് തേങ്ങ, ഉള്ളി, ജീരകം, മഞ്ഞൾപൊടി, ആവശ്യത്തിന് വെള്ളം ചേർത്ത് അരച്ചത് ഒരു കപ്പ്.

കുക്കറിൽ കഴുകിയ അരി, ജീരകം, ഉലുവ, ഉപ്പ്, മഞ്ഞൾപൊടി, വെള്ളം എന്നിവ ചേർത്ത ശേഷം അടച്ച് വേവിക്കുക (3 വിസിൽ). ശേഷം അതിലേക്ക് അരപ്പ് ആവശ്യത്തിന് വെള്ളം ചേർത്ത് ഒഴിച്ച് തിളപ്പിച്ച് എടുക്കുക.

കടപ്പാട്

നിരാമയ ആയുർവേദ വിഭാഗം

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com