ഒംലെറ്റും റൈസും ചേർന്നുള്ള ഒമുറൈസ്, ജപ്പാനിൽ കുട്ടികളുടെ ഇഷ്ട വിഭവം

omurice
Image Credit : AS Food studio/ Shutterstock
SHARE

ഫ്യൂഷൻ വിഭവങ്ങൾ പരീക്ഷിക്കാൻ ഏറെ ഇഷ്ടമുള്ളവരാണ് നാം. പേരിലും ചേരുവകളിലും ഫ്യൂഷൻ തനിമ നിലനിർത്തുന്ന ജപ്പാൻ വിഭവമാണ് ഒമുറൈസ്. ബ്രേക്ക്ഫാസ്റ്റും ലഞ്ചും ചേരുമ്പോൾ ‘ബ്രഞ്ച്’ എന്ന് പറയുന്നത് പോലെ ഒരു പോർട്മാന്റ്യു വാക്കാണ് ഒമുറൈസ്. ഒംലെറ്റും റൈസും ചേർന്നുള്ള വിഭവമായതിനാലാണ് ‘ഒമുറൈസ്’ എന്ന പേര് വന്നത്. ജപ്പാൻ വിഭവമാണെങ്കിലും കൊറിയ, തയ്‌വാൻ അടക്കമുള്ള ഏഷ്യൻ രാജ്യങ്ങളിൽ ഏറെ പ്രശസ്തമാണ് ഈ വിഭവം. ഇറച്ചിയും പച്ചക്കറിയും ചേർത്തുണ്ടാക്കുന്ന റൈസ് ഒംലെറ്റിനുള്ളിൽ ‘പുതപ്പിച്ചാണ്’ ഒമുറൈസ് വിളമ്പുന്നത്. സൈഡിൽ ടൊമാറ്റോ കെച്ചപ്പും വിളമ്പും. ചിലർ ചോറിനു പകരം നൂഡിൽസ് ചേർത്തും ഒമുറൈസ് ഉണ്ടാക്കാറുണ്ട്.

ചോറും ഓംലെറ്റുമാണ് പ്രധാന ചേരുവകളെങ്കിലും മറ്റുള്ള ചേരുവകൾ പാചകം ചെയ്യുന്ന ആളുടെ ഇഷ്ടത്തിന് അനുസൃതമായി ചേർക്കാമെന്നതും ഒമുറൈസിനെ വ്യത്യസ്തമാക്കുന്നു. വിവിധ സോസേജുകൾ, മിൻസ്ഡ് മീറ്റ്, ഷ്രെഡഡ് ചിക്കൻ,ബീഫ് തുടങ്ങിയ വിവിധ തരത്തിലുള്ള ഇറച്ചികൾ ഒമുറൈസ് ഉണ്ടാക്കുന്ന സമയം ചേർക്കാം. മുട്ട മാത്രം കഴിക്കുന്നവർക്ക് ഇറച്ചിക്ക് പകരം മഷ്റൂം, സോയ ബീൻസ്, കോളിഫ്ലവർ അടക്കമുള്ളവ ഉപയോഗിക്കാം. ജപ്പാനിൽ കുട്ടികളുടെ ഇഷ്ട വിഭവങ്ങളിൽ ഒന്നാണ് ഇത്. ജപ്പാനിലെ വീടുകളിലും റസ്റ്ററന്റുകളിലും ഒമുറൈസ് സ്ഥിരം വിഭവങ്ങളിൽ ഒന്നാണ്. ഒമുറൈസ് ഉണ്ടാക്കാനായി ആഗ്രഹിക്കുന്നവർക്കായി ചേരുവകൾ ഇപ്രകാരം.

ചേരുവകൾ

  • ബട്ടർ/റിഫൈൻഡ് ഓയിൽ – 3 ടേബിൾ സ്പൂൺ
  • വെളുത്തുള്ളി(ചെറുതായി നുറുക്കിയത്)– ഒരു ടേബിൾ സ്പൂൺ
  • സവാള(വലുത് ചെറുതായി നുറുക്കിയത്)– ഒരെണ്ണം
  • പച്ചമുളക്– 3 എണ്ണം
  • ബെൽപെപ്പർ, കാരറ്റ്, കോളിഫ്ലവർ, മഷ്റൂം, സോയബീൻസ്(ഇവയിൽ ഇഷ്ടമുള്ളവ എല്ലാം ചേർത്ത് ഒരു കപ്പ്)
  • ടൊമാറ്റോ കെച്ചപ്പ്– 2 ടേബിൾ സ്പൂൺ(ആവശ്യമെങ്കിൽ ഒയിസ്റ്റർ സോസ്, സോയ സോസ്, ചില്ലി സോസ് എന്നിവയും ചേർക്കാം)
  • ബസ്മതി അരി– (തലേന്ന് രാത്രി വേവിച്ചത് ഫ്രിജിൽ വച്ച് തണുപ്പിച്ചത്)– 2 കപ്പ്
  • മുട്ട– 3 എണ്ണം
  • ഷ്രെഡഡ് ചിക്കൻ– ഒരു കപ്പ്
  • ഉപ്പ്, കുരുമുളക് പൊടി– ആവശ്യത്തിന്

തയാറാക്കുന്ന വിധം

പാൻ ചൂടാക്കി ഇതിൽ ബട്ടറോ എണ്ണയോ ഒഴിക്കുക. ഇതിലേക്ക് വെളുത്തുള്ളി, സവാള, പച്ചമുളക് എന്നിവ ചേർത്ത് നന്നായി വഴറ്റുക. സോസേജ് ആണ് ഉപയോഗിക്കുന്നതെങ്കിൽ വെളുത്തുള്ളി എണ്ണയിൽ ചേർത്തതിനു പിന്നാലെ തന്നെ ചേർക്കുക. അതിനുശേഷം സവാളയും പച്ചമുളകും ചേർക്കുക. ഈ മിശ്രിതം നന്നായി വഴറ്റിയതിനു ശേഷം ഇതിലേക്ക് അരിഞ്ഞു വച്ചിരിക്കുന്ന പച്ചക്കറികൾ ചേർക്കുക.

ഇവ ഒന്ന് നന്നായി വഴറ്റിയതിനു ശേഷം ഇറച്ചി( ഷ്രെഡഡ് ചിക്കൻ) ചേർക്കുക. ഈ സമയം ആവശ്യമെങ്കിൽ അൽപം കുരുമുളകുപൊടി ചേർക്കാം. ശേഷം ചോറ് ചേർത്ത് ഇളക്കുക. ആവശ്യത്തിന് ഉപ്പ് ചേർത്തതിനു ശേഷം ഇതിലേക്ക് ടൊമാറ്റോ കെച്ചപ്പും ചേർത്തിളക്കി അടുപ്പിൽ നിന്ന് മാറ്റുക. ശേഷം ഒരു ബൗളിലേക്ക് ഇവ മാറ്റുക. റൈസ് നന്നായി അമർത്തിയതിനു ശേഷം ബൗളിനു മേൽ ഒരു പ്ലേറ്റ് വച്ച് ബൗൾ കമിഴ്ത്തുക. ബൗളിന്റെ ആകൃതിയിൽ റൈസ് പ്ലേറ്റിൽ ഇടം പിടിക്കും. ഇതിനുമേൽ ഒംലെറ്റ് ചേർത്ത് വിളമ്പുക.

English Summary : Japanese cuisine, omurice with rice, chicken and vegetables.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN RECIPES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

കലാലയങ്ങളിലേക്ക് തിരികെ

MORE VIDEOS
FROM ONMANORAMA