ബ്രെഡ് ഐസ്ക്രീം ടോസ്റ്റ്; തണുപ്പും മധുരവും നാവിലമരുന്ന രുചിക്കൂട്ട്

bread-toast
SHARE

ഐസ്ക്രീം ഇഷ്ടമല്ലാത്തവർ കുറവാണ്. തണുപ്പും മധുരവും നാവിലമരുന്ന രുചിക്കൂട്ട് ഒരാൾക്ക് സമ്മാനിക്കുന്ന സന്തോഷം ചെറുതല്ല. ഐസ്ക്രീം മുഖ്യ ചേരുവയായി വരുന്ന ഒട്ടേറെ വിഭവങ്ങളാണ് അനുദിനം സമൂഹമാധ്യമങ്ങളിലെത്തുന്നത്. അക്കൂട്ടത്തിലെ പുത്തൻ അതിഥിയാണ് ഐസ്ക്രീം ടോസ്റ്റ്. ഐസ്ക്രീമിൽ മുക്കി പൊരിച്ചെടുക്കുന്ന ബ്രെഡ് മാത്രമാണിതെന്ന് കരുതിയെങ്കിൽ തെറ്റി. ചോക്ലേറ്റും കാരമലൈസ്ഡ് ഫ്രൂട്സുമെല്ലാം ചേർന്നു മധുരത്തിന്റെ ആഘോഷമാണ് ഈ ടോസ്റ്റ്. മധുരത്തിന്റെ ഘടകം മാറ്റി വച്ചാൽ ഫ്രെഞ്ച് ടോസ്റ്റുമായി ഏറെ സാമ്യം ഉണ്ട് ഈ വിഭവത്തിന്. പാൽ, പഞ്ചസാര, വാനില എസ്സൻസ് എന്നിവയുടെ സ്ഥാനത്ത് ഐസ്ക്രീം എത്തുന്നുവെന്ന് മാത്രം. നാവിൽ മധുര വിസ്മയം തീർക്കുന്ന ഐസ്ക്രീം ടോസ്റ്റ് തയാറാക്കുന്നത് ഇങ്ങനെ

ചേരുവകൾ

  •  വാനില ഐസ്ക്രീം– 3 സ്കൂപ്പ്
  • മുട്ട– 3 എണ്ണം
  •  ബ്രെഡ്– ആവശ്യത്തിന്
  •  സ്വീറ്റ്/ഡാർക് ചോക്ലേറ്റ്– ആവശ്യത്തിന്
  • ബട്ടർ– 2 ടേബിൾ സ്പൂൺ
  • ആപ്പിൾ/ഏത്തപ്പഴം– ഒരെണ്ണം

തയാറാക്കുന്ന വിധം

∙ 3 സ്കൂപ്പ് വാനില ഐസ്ക്രീം അലിയാനായി മാറ്റിവയ്ക്കുക. ഈ സമയം 3 മുട്ട അൽപം ഉപ്പ് ചേർത്ത് നന്നായി അടിച്ചെടുക്കുക. നന്നായി അലിഞ്ഞ ഐസ്ക്രീം അടിച്ചുവച്ചിരിക്കുന്ന മുട്ട മിശ്രിതത്തിലേക്ക് ചേർത്ത് വീണ്ടും അടിച്ചെടുക്കുക. ശേഷം ഇതിൽ ബ്രെഡ് കഷ്ണങ്ങൾ മുക്കിയെടുക്കുക.

∙ പാൻ ചൂടായതിനു ശേഷം എറ്റവും ചെറിയ തീയിലേക്ക് ഫ്ലെയിം കുറയ്ക്കാൻ ശ്രദ്ധിക്കുക. ശേഷം ഒരു ടേബിൾ സ്പൂൺ ബട്ടർ ചേർക്കുക. ബട്ടർ അലിഞ്ഞു തുടങ്ങിയാലുടൻ പാനിലേക്ക് മുക്കിയെടുത്ത ബ്രെ‍ഡ് കഷ്ണങ്ങൾ വച്ച് ടോസ്റ്റ് ചെയ്തെടുക്കുക. നന്നായി മൊരിഞ്ഞ ഒരു വശത്ത് ചോക്ലേറ്റ് ഗ്രേറ്റ് ചെയ്തോ ചെറിയ കഷ്ണങ്ങളായി മുറിച്ചോ വയ്ക്കുക. ചോക്ലേറ്റ് അലിഞ്ഞു തുടങ്ങുമ്പോൾ ഇതിനു മുകളിൽ ടോസ്റ്റ് ചെയ്ത മറ്റൊരു ബ്രെഡ് വച്ച് പാനിൽ നിന്ന് മാറ്റുക

∙ ബ്രെഡ് എല്ലാം ടോസ്റ്റ് ചെയ്ത് മാറ്റിയതിനു ശേഷം പാനിലേക്ക് വീണ്ടും ഒരു ടേബിൾ സ്പൂൺ ബട്ടർ ചേർക്കുക. ബട്ടർ അലിഞ്ഞ ശേഷം ഇതിലേക്ക് അത്യാവശ്യം വലുപ്പത്തിൽ മുറിച്ചുവച്ചിരിക്കുന്ന പഴങ്ങൾ ചേർത്തിളക്കുക. ഇതിലേക്ക് 2 ടേബിൾ സ്പൂൺ പഞ്ചസാരയും ചേർത്ത് പഴങ്ങൾ കാരമലൈസ് ചെയ്തെടുക്കുക. ഇവ ടോസ്റ്റ് ചെയ്ത ബ്രെഡിനൊപ്പം വിളമ്പുക. ആവശ്യമെങ്കിൽ ടോസ്റ്റിനൊപ്പം ഐസ്ക്രീം, ചോക്ലേറ്റ് സോസ്, കണ്ടെൻസ്ഡ് മിൽക്ക്, തേൻ, മേപ്പിൾ സിറപ്പ് എന്നിവയും മിതമായ അളവിൽ ചേർക്കാം.

English Summary : Ice Cream French Toast.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN RECIPES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എന്നെ വിമർശിച്ചോളൂ, എന്തിനു വീട്ടുകാരെ പറയണം? | Anusree | Manorama Online

MORE VIDEOS
FROM ONMANORAMA