ADVERTISEMENT

കേരളീയ പാരമ്പര്യ സദ്യയിലെ പ്രധാന വിഭവമാണ് കാളൻ. പല സ്ഥലങ്ങളിലും പല രീതിയിലും കാളൻ വയ്ക്കുന്നുണ്ട്. തൈരും ചേനയും നേന്ത്രക്കായയും കുരുമുളകും എല്ലാം ചേർത്ത് നല്ലപോലെ കുറുക്കിയെടുക്കുന്ന കാളനാണ് കേരളത്തിന്റെ പാരമ്പര്യ സദ്യയുടെ മുഖമുദ്ര. 

 

ചേരുവകൾ :

  • കട്ട ഉടച്ച തൈര് ( വെണ്ണ വേർതിരിച്ചെടുക്കാതെ ഒന്ന് കലക്കിയെടുത്തത് ) 2 ലിറ്റർ 
  • നേന്ത്രക്കായ ഇടത്തരം വലുപ്പം - 3 എണ്ണം 
  • ചേന - 750 ഗ്രാം
  • കുരുമുളക് –  70 ഗ്രാം
  • മഞ്ഞൾപ്പൊടി – 3 ടേബിൾസ്പൂൺ 
  • നാളികേരം സാമാന്യം വലുപ്പമുള്ളത് – 2 എണ്ണം 
  • പച്ചമുളക്– 5 എണ്ണം 
  • ജീരകപ്പൊടി – 1 ടീസ്പൂൺ 
  • ഉലുവാപ്പൊടി – 2 ടേബിൾസ്പൂൺ 
  • കറിവേപ്പില – 2 പിടി 
  • കടുക് 30-40 ഗ്രാം 
  • വെളിച്ചെണ്ണ– 4 -5 ടേബിൾസ്പൂൺ 
  • ഉപ്പ്  – പാകത്തിന് 

 

തയാറാക്കുന്ന വിധം

ഒരു ദിവസം മുൻപ് ഉറയൊഴിച്ചു വച്ച നല്ല പുളിയുള്ള തൈര് വെണ്ണ വേർതിരിച്ചെടുക്കാതെ ഒന്ന് കലക്കിയെടുക്കുക.
ഇടത്തരം വലുപ്പമുള്ള ഉരുളിയിലോ ചുവടുകട്ടിയുള്ള എതെങ്കിലും പാത്രത്തിലോ തൈരൊഴിച്ച് അതിൽ ഒരു ടേബിൾസ്പൂൺ മഞ്ഞൾപ്പൊടിയും ചേർത്ത് അടുപ്പത്ത് വയ്ക്കുക.

അതേസമയം തന്നെ നുറുക്കിയ ചേനയും നേന്ത്രക്കായും ഒരു സ്പൂൺ മഞ്ഞൾപ്പൊടി, അല്പം ഉപ്പ്‌, 2-3 മണിക്കൂർ വെള്ളത്തിലിട്ടു കുതർത്തു വച്ച കുരുമുളക് നല്ലപോലെ അരച്ചെടുത്തതും‌ം ചേർത്ത് ഒരു പ്രഷർ കുക്കറിൽ വേവിക്കാൻ വയ്ക്കുക. 2 വിസിൽ വരുന്നത് വരെ വേവിക്കാം.

kuruku-kaalan

ഉരുളിയിൽ വച്ചിരിക്കുന്ന തൈര് തിളച്ച് പതഞ്ഞു വരുമ്പോൾ ആ പത മാത്രം ഒരു തവി കൊണ്ട് അൽപാൽപമായി കോരിയെടുത്ത് മറ്റൊരു ചെറിയ പാത്രത്തിലേക്ക് മാറ്റുക. ഇത് പിന്നീട് ഉപയോഗിക്കാനുള്ളതാണ്.

രണ്ടു വിസിൽ വന്നു കഴിഞ്ഞാൽ കുക്കർ ഓഫ് ചെയ്ത് ആവി പോയതിനു ശേഷം വേവിച്ചു വച്ച കഷ്ണങ്ങൾ കുറുകി വരുന്ന തൈരിലേക്ക് ചേർത്തിളക്കി അല്പം കറിവേപ്പിലയും ചേർത്ത് തൈര് അടുപ്പത്ത് വച്ച് കുറുക്കിക്കൊണ്ടിരിക്കുക. വെള്ളം ഒരു വിധം പാകമായി വന്നാൽ രണ്ടു നാളികേരം ചിരകിയതും പച്ചമുളകും ചേർത്ത് വെള്ളം ചേർക്കാതെ ( ആവശ്യമെങ്കിൽ വെള്ളം തളിച്ചു കൊടുക്കാം ) വെണ്ണപോലെ അരച്ചെടുത്തത് ചേർത്ത് ജീരകപ്പൊടിയും ചേർത്തിളക്കി വെള്ളം നല്ലപോലെ വറ്റി കുറുകിവന്നാൽ തീ ഓഫ് ചെയ്ത് വാങ്ങി വയ്ക്കുക.
ഒരു കരണ്ടിയിൽ വെളിച്ചെണ്ണ ചൂടായി വരുമ്പോൾ അതിലേക്ക് കടുകിട്ട് പൊട്ടിക്കാം കറിവേപ്പിലയും ചേർത്ത് വറുത്തിട്ടത് കുറുകി വച്ചിരിക്കുന്ന കാളനിൽ ചേർക്കുക. ശേഷം ഉലുവാപ്പൊടിയും ചേർത്തിളക്കുക രുചികരമായ കുറുക്കുകാളൻ റെഡി. 

English Summary: Kaalan is a slightly thick preparation with curd, coconut and tubers and vegetables like yam and raw banana.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com