ADVERTISEMENT

വിശേഷ അവസരങ്ങളിലും വിരുന്നു സൽക്കാരങ്ങളിലും മലയാളികളുടെ തീൻമേശയിൽ ഒഴിച്ചുകൂടാനാവാത്ത വിഭവമാണ് ഇറച്ചിക്കറികൾ. ചിക്കൻ, ബീഫ്, മട്ടൺ, പോർക്ക് അടക്കമുള്ളവ കറിയാക്കിയും ഉലർത്തിയും വിളമ്പി നൽകുമ്പോൾ ഭക്ഷണപ്രേമികളുടെ നാവിൽ വെള്ളമൂറുമെന്നുറപ്പാണ്. എന്നാൽ ഇത്തരം അവസരങ്ങളിൽ ഇറച്ചി അധിക അളവിൽ പാകം ചെയ്യുന്നതിനാൽ അടുത്ത ദിവസേത്തക്ക് മിച്ചം വരാനുള്ള സാധ്യതയേറെയാണ്. ഫ്രിജിൽ വച്ച കറി വെറുതേ ചൂടാക്കി കഴിക്കാൻ മടിയുള്ളവർക്ക് അൽപം തേങ്ങാപാലുണ്ടെങ്കിൽ അപ്പത്തിനും ചപ്പാത്തിക്കും കൂടെ കഴിക്കാൻ സാധിക്കുന്ന രുചികരമായ ‘തട്ടിക്കൂട്ട് സ്റ്റ്യൂ’ ഉണ്ടാക്കാവുന്നതാണ്. വിവിധ മസാലക്കൂട്ടുകളിൽ ആദ്യമേ ഒന്നു വേവിച്ച ഇറച്ചിയായതിനാൽ കറിക്കു രുചിയും മണവും കൂടും. പൊതുവേ സ്റ്റ്യൂവിനു കുരുമുളകുപൊടി മാത്രമേ ചേർക്കാറുള്ളുവെങ്കിലും ഈ സ്റ്റ്യൂവിനു കുരുമുളകുപൊടി, ഉപ്പ് എന്നിവ ആവശ്യമെങ്കിൽ മാത്രം ചേർത്താൽ മതിയാകും. ഒരോരുത്തരുടെ രുചിയും താൽപര്യങ്ങളും അനുസരിച്ച് ചേർക്കുന്ന പച്ചക്കറികളിൽ വരെ ഈ വ്യത്യാസം ഉണ്ടാക്കും. ഉരുളക്കിഴങ്ങ്, കാരറ്റ്, ഗ്രീൻ പീസ് എന്നിവയാണ് ചേർക്കുന്നതെങ്കിലും ബീൻസ്, കോളി ഫ്ലവർ, ബെൽ പെപ്പർ അടക്കമുള്ളവയും ആവശ്യമെങ്കിൽ ചേർക്കാം. ഇനി പച്ചക്കറികൾ കുറവാണെങ്കിൽ ഉരുളക്കിഴങ്ങ് മാത്രം ഉപയോഗിച്ചും ‘തട്ടിക്കൂട്ട് സ്റ്റ്യൂ’ ഉണ്ടാക്കാം. മിച്ചം വന്നത് ഫ്രൈ ചെയ്ത ഇറച്ചിയാണെങ്കിൽ അത് ഇടത്തരം രീതിയിൽ ഷ്രെഡ് ചെയ്തു ചേർത്താൽ മതിയാകും.

 

സ്റ്റ്യൂ തയാറാക്കുന്ന വിധം

ഒരു പാനിൽ അൽപം വെളിച്ചെണ്ണ ഒഴിച്ച് ഇതിലേക്ക് രണ്ട് ഗ്രാമ്പു, രണ്ട് ഏലക്ക, ഒരു ചെറിയ കഷ്ണം പട്ട എന്നിവ ചേർക്കുക. ശേഷം രണ്ട് സവാള ചെറുതായി അരിഞ്ഞത് ചേർത്ത് വഴറ്റുക. ഇതിലേക്ക് ആവശ്യമെങ്കിൽ രണ്ട് പച്ചമുളക്, ഒരു ചെറിയ കഷ്ണം ഇഞ്ചി എന്നിവ ചെറുതായി നുറുക്കിയത് ചേർത്ത് വഴറ്റാം. ഒരു തണ്ട് കറിവേപ്പിലയും ഈ സമയം ചേർക്കാം. ശേഷം ഇതിലേക്ക് ഇഷ്ടമുള്ള പച്ചക്കറികൾ ചേർത്ത് വഴറ്റുക. ഒരു കപ്പ് വെള്ളം ഒഴിച്ച് പച്ചക്കറികൾ അൽപം സമയം വേവിക്കുക. ഇവ പാതി വെന്തു കഴിയുമ്പോൾ ഇതിലേക്ക് ഇറച്ചി ചേർക്കാം. ഗ്രേവിക്ക് ആവശ്യമുള്ള വെള്ളമുണ്ടെന്നു ഉറപ്പാക്കിയ ശേഷം വീണ്ടും തിളപ്പിക്കുക. ഗ്രേവിക്ക് കൊഴുപ്പ് കൂട്ടണമെന്നുണ്ടെങ്കിൽ കറിയിൽ ചേർത്ത കുറച്ച് ഉരുളക്കിഴങ്ങ് കഷ്ണങ്ങൾ ഉടച്ചിട്ട് ഇളക്കുക. പച്ചക്കറികൾ വെന്തുവെന്ന് ഉറപ്പായാൽ ആവശ്യാനുസരണം തേങ്ങാപ്പാൽ ചേർത്ത് ചെറുതീയിൽ ചൂടാക്കിയ ശേഷം അടുപ്പിൽ നിന്നു മാറ്റുക.

English Summary : Stew, is delicious and goes well with appam, roti or chapatti.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com