ADVERTISEMENT

1. കാരറ്റ് 

മണ്ണിനടിയിൽ വളരുന്ന (കിഴങ്ങു വർഗത്തിൽപെട്ട) പച്ചക്കറിയാണ് കാരറ്റ്. ബീറ്റാകരോട്ടിൻ ധാരാളം അടങ്ങിയ ഒരു പച്ചക്കറി. മെഴുക്കുപുരട്ടി, തോരൻ, കാരറ്റ് ദോശ, ഗ്രേറ്റ് ചെയ്‌തു ചേർത്തുണ്ടാക്കിയ ഉപ്പുമാവ് തുടങ്ങി പച്ചക്കറി കഴിക്കാൻ മടിയുള്ള കുട്ടികൾക്ക് പല മിശ്രിതങ്ങളാക്കി കാരറ്റ് നൽകാം. പ്രമേഹ രോഗികൾ കാരറ്റ് പതിവായി കഴിക്കുന്നതു നന്നല്ല. ഹൃദയാരോഗ്യത്തിന് ഇത് ഉത്തമമാണ്. വൃക്കസംബന്ധമായ രോഗമുള്ളവർ കാരറ്റ് അരിഞ്ഞു തിളപ്പിച്ച് വെള്ളം ഊറ്റിക്കളഞ്ഞ (ലീച്ചിങ് പ്രോസസ്) ശേഷം മിതമായി ഉപയോഗിക്കുക. 

കാരറ്റ് തോരൻ 

ചേരുവകൾ 

തൊലികളഞ്ഞു വൃത്തിയാക്കിയ ഇടത്തരം കാരറ്റ് 4 എണ്ണം ഗ്രേറ്റ് ചെയ്‌തത്‌. തേങ്ങ ചിരകിയത് കാൽ കപ്പ്. വെളിച്ചെണ്ണ ഒരു ടീസ്‌പൂൺ. പച്ചമുളക് 3 എണ്ണം നെടുകെ കീറിയത്. ഉപ്പു പാകത്തിന്. കറിവേപ്പില ആവശ്യത്തിന്. 

പാകം ചെയ്യുന്ന വിധം 

കടായി ചൂടാകുമ്പോൾ വെളിച്ചെണ്ണയൊഴിച്ച് അതിലേക്കു കറിവേപ്പിലയും പച്ചമുളകും ഇട്ടു ചെറുതായി വഴറ്റിയശേഷം ഗ്രേറ്റ് ചെയ്‌ത കാരറ്റും ഉപ്പും ചേർത്തു നന്നായി ഇളക്കുക, കാരറ്റ് വാടിത്തുടങ്ങുമ്പോൾ തേങ്ങ ചിരകിയതു കൂടി ചേർത്ത് തീ കൂട്ടി, വേവിച്ച് വാങ്ങി ഉപയോഗിക്കാം. കുഴഞ്ഞു പോകാതിരിക്കാനാണ് പാത്രം തുറന്നു വച്ചു വേവിക്കുന്നത്. 

2. കാബേജ് 

ഇലക്കറി വിഭാഗത്തിൽപെട്ട പച്ചക്കറിയാണു കാബേജ്. തൈറോയിഡ്, ഗോയിറ്റർ രോഗികൾ കാബേജ് കൂടുതൽ അളവിൽ പതിവായി കഴിക്കുന്നത് നന്നല്ല. ഹോർമോൺ വ്യതിയാനത്തിന് ഇതു കാരണമായേക്കാം. രോഗികളല്ലാത്തവർ പതിവായി ഉപയോഗിച്ചാലും കുഴപ്പമില്ല. അളവു കുറച്ച് ഉപയോഗിക്കുന്നതാണ് ഉത്തമം. 

pachakam-healthy-cabbage-fry-recipe
Representative Image. Photo Credit: Anastasiiaku / Shutterstock.com

കാബേജ് ഫ്രൈ 

ചേരുവകൾ 

കാബേജ് 250 ഗ്രാം. ചെറുതായി അരിഞ്ഞത്. വെളിച്ചെണ്ണ 2 ടീസ്‌പൂൺ. സവാള വലുത് ഒന്ന് നീളത്തിൽ അരിഞ്ഞത്. വെളുത്തുള്ളി ചതച്ചത് 5 അല്ലി, മുളകുപൊടി രണ്ടര ടീസ്‌പൂൺ, മഞ്ഞൾപൊടി കാൽ ടീസ്‌പൂൺ. മല്ലിയില, ഉപ്പ് ആവശ്യത്തിന്. 

പാനിൽ എണ്ണയൊഴിച്ച് ചൂടാകുമ്പോൾ അതിലേക്ക് ചതച്ച വെളുത്തുള്ളി ഇട്ടു വഴറ്റി ഗോൾഡൻ കളറാകുമ്പോൾ അരിഞ്ഞുവച്ച സവാള കൂടി ചേർത്തു വഴറ്റി അതിലേക്കു കാബേജ് അരിഞ്ഞതും ഉപ്പും ഇട്ട് ഇളക്കി യോജിപ്പിച്ച് 5 മിനിറ്റ് അടച്ചു വച്ചു വേവിക്കുക. മൂടി തുറന്ന് മഞ്ഞൾപൊടിയും മുളകു പൊടിയും ആവശ്യമെങ്കിൽ ഒരു നുള്ള് ഗരം മസാലപ്പൊടിയും ചേർത്ത് ഒന്നുകൂടി വഴറ്റി മല്ലിയിലയും ചേർത്തു വാങ്ങി ഉപയോഗിക്കാം.

Content Summary : Healthy Carrot thoran and cabbage fry recipe by Dietician Shobil Ashy Varghese

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com