ADVERTISEMENT

കൊറിയൻ ക്യുസീനിൽ ഒഴിച്ചു കൂടാനാവാത്ത വിഭവമാണ് തക്ക്ബോക്കി. പേരിലുള്ള കൗതുകം അതേ അളവിൽ രുചിയിലും തെളിയുമെന്നതാണ് തക്ക്ബോക്കിയെ മറ്റുള്ള വിഭവങ്ങളിൽ നിന്നും വ്യത്യസ്തമാക്കുന്നത്. ഗോച്ചുചങ് എന്ന് കൊറിയയിൽ അറിയപ്പെടുന്ന ചില്ലിപേയ്സ്റ്റ്, സോയ് സോസ്, അരിപ്പൊടി കൊണ്ടുള്ള റൈസ് കേക്ക് എന്നിവ കൊണ്ട് എളുപ്പം തയാറാക്കാവുന്ന വിഭവമാണ് ഇത്. ഫ്രൈഡ് എഗ്, ഫിഷ്, സ്കാലിയൻ, കിംച്ചി എന്നിവയാണ് പ്രധാനമായും സൈഡ് ഡിഷ് ആയി ഉപയോഗിക്കുന്നത്. വിവിധ തരം തക്ക്ബോക്കി ഇന്ന് ലഭ്യമാണ്. ക്രീം സോസ് തക്ക്ബോക്കി, ജജങ് തക്ക്ബോക്കി, കറി തക്ക്ബോക്കി തുടങ്ങിയവ ഇതിൽ ചിലതാണ്. ഗോച്ചുചങ് ഇല്ലെങ്കിലും എളുപ്പത്തിൽ ഉണ്ടാക്കാവുന്ന തക്ക്ബോക്കിയുടെ റെസിപ്പി ഇപ്രകാരം

ചേരുവകൾ

  • അരിപ്പൊടി(അപ്പം, ഇടിയപ്പം പൊടി)– 3 കപ്പ്
  • സ്പ്രിങ് ഒണിയൻ– ഒരു കപ്പ്
  • കാബേജ്– ഒരു കപ്പ്
  • കോളിഫ്ലവർ– ഒരു കപ്പ്
  • ബീൻസ്– ഒരു കപ്പ്
  • ഉപ്പ്– ആവശ്യത്തിന്
  • ചൂട് വെള്ളം– ആവശ്യത്തിന്
  • കോൺഫ്ലവർ– രണ്ട് ടേബിൾ സ്പൂൺ

പേയ്സ്റ്റ്

  • ഇഞ്ചി, വെളുത്തുള്ളി പേയ്സ്റ്റ്– ഒരു ടേബിൾ സ്പൂൺ
  • മുളകുപൊടി– ഒരു ടേബിൾ സ്പൂൺ
  • സോയ് സോസ്– രണ്ട് ടേബിൾ സ്പൂൺ
  • റെഡ് ചില്ലി സോസ്– രണ്ട് ടേബിൾ സ്പൂൺ
  • ടൊമാറ്റോ സോസ്– രണ്ട് ടേബിൾ സ്പൂൺ
  • ബട്ടർ– ആവശ്യത്തിന്

തയാറാക്കുന്ന വിധം

  • പത്തിരിക്കും ഇടിയപ്പത്തിനും കുഴയ്ക്കും പോലെ അരിപ്പൊടിയിൽ അൽപം ബട്ടറും ഉപ്പും ആവശ്യത്തിനു ചൂട് വെള്ളവും ചേർത്ത് നന്നായി കുഴച്ച് എടുക്കുക. നല്ല മയത്തിൽ കുഴച്ച് എടുത്തതിനു ശേഷം ഇത് മാറ്റിവയ്ക്കുക.
  • പേയ്സ്റ്റ് ഉണ്ടാക്കാൻ ഒരു ബൗളിൽ പേയ്സ്റ്റിനു വേണ്ട മേൽപറഞ്ഞ ചേരുവകൾ ചേർത്ത് നന്നായി കുഴച്ചു മാറ്റിവയ്ക്കുക.
  • പത്തുമിനിറ്റിനു ശേഷം കുഴച്ചു മാറ്റി വച്ചിരിക്കുന്ന മാവ് ചെറിയ ഉരുളകളാക്കി മാറ്റുക. പിന്നീട് ഒരോ ഉരുളയും നീളൻ സിലിണ്ടർ രൂപത്തിൽ പരത്തിയെടുക്കുക. ഇങ്ങനെ പരത്തി വച്ച മാവ് ചെറിയ കഷ്ണങ്ങളാക്കി മുറിക്കുക. ഇങ്ങനെ മുറിച്ചു മാറ്റിയ കഷ്ണങ്ങളുടെ മേൽ ഒട്ടിപ്പിടിക്കാതിരിക്കാൻ അൽപം അരിപ്പൊടി വിതറി മാറ്റി വയ്ക്കുക.
  • ശേഷം വലിയൊരു പാനിൽ ആവശ്യത്തിന് വെള്ളം ഒഴിച്ച് തിളപ്പിക്കാൻ വയ്ക്കുക. ഇതിലേക്ക് അൽപം ഉപ്പും ബട്ടറും ചേർക്കുക. വെള്ളം തിളച്ച് തുടങ്ങുമ്പോൾ ഇതിലേക്ക് മുറിച്ചു വച്ചിരിക്കുന്ന പച്ചക്കറികളും റൈസ് കേക്കും ചേർക്കുക. ശേഷം ഇതിലേക്ക് മസാല പേയ്സ്റ്റും ചേർത്തു നന്നായി ഇളക്കുക. കേക്ക് വെന്തു തുടങ്ങുമ്പോൾ ഇതിലേക്ക് കേൺഫ്ലവർ– വെള്ളം മിശ്രിതം ചേർത്തു നന്നായി കുറുക്കിയെടുക്കുക. മുകളിൽ സ്പ്രിങ് ഒണിയൻ വിതറി വിളമ്പുക.

English Summary : Tteokbokki, or stir-fried rice cakes is a popular Korean food.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com