ADVERTISEMENT

പ്രഭാതഭക്ഷണം വളരെ പ്രാധാന്യമേറിയതാണ്. ആരോഗ്യം ലഭിക്കാൻ രാജാവിനെപ്പോലെ പ്രാതൽ കഴിക്കണമെന്നാണ് പറയുന്നത്. പക്ഷേ, ഇതുണ്ടാക്കാനുള്ള പെടാപ്പാട് ഏറെയാണെന്നതു വാസ്തവം. രാവിലെ എഴുന്നേറ്റുള്ള ഓട്ടപ്പാച്ചിൽ കുറയ്ക്കാൻ രാത്രി ആദ്യ റൗണ്ട് തയാറെടുപ്പുകൾ നടത്തിയാൽ പാതിജോലി കുറയും. ഇത്തരത്തിൽ തയാറാക്കാവുന്ന രണ്ടു വിഭവങ്ങളിതാ. 

മസൂർ ദാൽ– ഓട്സ്  ദോശ വിത്ത് വെജ്ജീസ്

∙ മസൂർ പരിപ്പ്– അരക്കപ്പ്
∙ ഓട്സ്– ഒരു കപ്പ്
∙ കാരറ്റ് ഗ്രേറ്റ് ചെയ്തത്– അരക്കപ്പ്
∙ സവാള പൊടിയായി അരിഞ്ഞത്– അരക്കപ്പ്
∙ പച്ചമുളകു പൊടിയായി അരിഞ്ഞത്– ഒരു ചെറിയ സ്പൂൺ
∙ മല്ലിയില പൊടിയായി അരിഞ്ഞത്– കാൽ കപ്പ്
∙ മൈക്രോ ഗ്രീൻസ് (ആവശ്യമെങ്കിൽ)– അരക്കപ്പ്
∙ ഉപ്പ്– പാകത്തിന്
∙ എണ്ണ– പാകത്തിന്

 

പാകം ചെയ്യുന്ന വിധം

മസൂർ പരിപ്പും ഓട്സും ഒരു മണിക്കൂർ കുതിർത്ത ശേഷം മയത്തിൽ അരച്ചു വായു കടക്കാത്ത പാത്രത്തിലാക്കി ഫ്രിജിൽ വയ്ക്കാം. രാവിലെ ദോശ ഉണ്ടാക്കുന്നതിനു മുൻപു കാരറ്റ്, സവാള, പച്ചമുളക്, മല്ലിയില, മൈക്രോഗ്രീൻസ് എന്നിവ ചേർത്തു നന്നായി യോജിപ്പിക്കുക. 

പാൻ ചൂടാക്കി എണ്ണ തൂത്ത ശേഷം മാവ് കോരിയൊഴിച്ചു കനം കുറച്ചു പരത്തുക. തിരിച്ചും മറിച്ചുമിട്ടു ഗോൾഡൻ ബ്രൗൺ നിറത്തിലാക്കിയെടുത്തു ചമ്മന്തിക്കൊപ്പം വിളമ്പാം. മാവ് ഫ്രിജിൽ വച്ചിരുന്നാൽ മൂന്നു ദിവസം വരെ കേടാകാതിരിക്കും. 

ഓവർ നൈറ്റ് പാൻകേക്ക്

∙ ചെറുചൂടുള്ള പാൽ– 500 മില്ലി
∙ പഞ്ചസാര– 4 വലിയ സ്പൂൺ
∙ യീസ്റ്റ്– 2 ചെറിയ സ്പൂൺ
∙ ഉപ്പില്ലാത്ത വെണ്ണ ഉരുക്കിയത്/എണ്ണ– നാലു വലിയ സ്പൂൺ
∙ ഗോതമ്പു പൊടി– രണ്ടരക്കപ്പ്
∙ ഉപ്പ്– ഒരു ചെറിയ സ്പൂൺ
∙ മുട്ട– 2 വലുത്, മെല്ലെ അടിച്ചത്
∙ തേൻ, ഫ്രഷ്ഫ്രൂട്സ്– ആവശ്യത്തിന്

പാകം ചെയ്യുന്ന വിധം

പാൽ, പഞ്ചസാര, യീസ്റ്റ് എന്നിവ ഒരു മിക്സിങ് ബൗളിലാക്കി നന്നായി യോജിപ്പിച്ച് 5 മിനിറ്റ് വയ്ക്കുക. പതഞ്ഞു പൊങ്ങിവരുമ്പോൾ വെണ്ണ ഉരുക്കിയതോ എണ്ണയോ ചേർത്തു  നന്നായി അടിച്ചു യോജിപ്പിക്കുക. ഒരു വലിയ ബൗളിൽ ഗോതമ്പുപൊടി, ഉപ്പ് എന്നിവ ചേർത്ത് ഇളക്കുക. ഇതിലേക്കു പാൽ മിശ്രിതം ചേർത്തു കട്ട പിടിക്കാത്ത രീതിയിൽ കലക്കി അരമണിക്കൂർ വയ്ക്കുക. മാവ് നന്നായി പൊങ്ങിവരും. ഇതു വായു കടക്കാത്ത പാത്രത്തിലാക്കി ഏകദേശം 8 മണിക്കൂർ ഫ്രിജിൽ വയ്ക്കാം. 

പാൻകേക്ക് ഉണ്ടാക്കുന്നതിന് അരമണിക്കൂർ മുൻപു മാവ് പുറത്തെടുത്തു മുട്ട അടിച്ചതു ചേർത്തു നന്നായി യോജിപ്പിച്ചു വയ്ക്കുക. പാൻ ചൂടാക്കി ഓരോ സ്പൂൺ വീതം മാവു കോരിയൊഴിച്ചു ഇരുവശവും തിരിച്ചും മറിച്ചുമിട്ടു ഗോൾഡൻ ബ്രൗൺ നിറത്തിൽ ചുട്ടെടുക്കണം. തേൻ, ഫ്രഷ് ഫ്രൂട്സ് എന്നിവയ്ക്കൊപ്പം വിളമ്പാം. 

English Summary : Masoor dal oats dosa, Healthy Breakfast.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com