മധുരപ്പൂത്തിരിയിൽ ദീപാവലി, സ്പെഷൽ‌ മധുരപലഹാരങ്ങൾ‌

HIGHLIGHTS
 • മധുരത്തിൽ കുളിച്ചെത്തുന്ന ആഘോഷമാണ് ദീപാവലി
 • ദീപാവലി സ്പെഷൽ‌ മധുരപലഹാരങ്ങളുടെ രുചിക്കൂട്ടുകൾ
Deepavali-
SHARE

ദീപാവലിക്കു പിന്നിലെ ഐതിഹ്യം പല പ്രദേശങ്ങളിലും വ്യത്യസ്തമാണ്. തെക്കേ ഇന്ത്യയിലെ ഐതിഹ്യമല്ല വടക്കേ ഇന്ത്യയിൽ. പക്ഷേ ആഘോഷം ഒന്നുതന്നെ. തിന്മയുടെ േമൽ നന്മ നേടിയ വിജയമാണ് ദീപാവലി– ദീപങ്ങളുടെ ആഘോഷം. ലോകമെങ്ങും അതിനു മാറ്റമില്ല. അതിന‌ു മധുരത്തിന്റെ അകമ്പടിയാകുമ്പോൾ ദീപാവലി മധുരത്തിന്റെ കൂടി ആഘോഷമാകുന്നു.

കേരളമടക്കമുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ ഉത്തരേന്ത്യൻ വിഭവങ്ങളാണ് ഇന്നും മധുരം കൂട്ടുന്നത്. ഇവയെല്ലാം നമ്മുടെ കൊച്ചു കേരളത്തിലും വിപണി കീഴടക്കിയിട്ട് വര്‍ഷങ്ങളായി. പാൽ കൊണ്ടുള്ള വിഭവങ്ങൾ തന്നെയാണ് ഒന്നാം സ്ഥാനത്ത്. ഒപ്പം മൈദ, കടലമാവ്, കശുവണ്ടി എന്നിവ വിവിധ രുചിക്കൂട്ടിൽ മധുരമേകുന്നു. മൈസൂർ പാക്കിനാണ് ദീപാവലി വിപണിയിൽ ഒന്നാം സ്ഥാനം. വിവിധ തരം ഹൽവകൾ, ഗുലാബ് ജാമൻ, ബർഫികൾ, ലഡു, ജിലേബി, പേഡകൾ എന്നിവയും മധുരത്തിന് അകമ്പടിയേകും. ദീപവലിക്ക് മധുരം പകരും ചില രുചിക്കൂട്ടുകൾ ഇതാ...

കേര പേഡ

ഡെസിക്കേറ്റഡ് കോക്കനട്ട്– ഒന്നര കപ്പ്, പാൽപ്പൊടി – മുക്കാൽ കപ്പ്, കണ്ടൻസ്ഡ് മിൽക്ക് – അര കപ്പ്, ഏലയ്ക്കാപ്പൊടി–കാൽ ടീസ്പൂൺ, നുറുക്കിയ ഉണക്കപ്പഴങ്ങൾ – 2 ടേബിൾ സ്പൂൺ, പിങ്ക് ഫുഡ് കളർ– രണ്ടു തുള്ളി

ഒരു ബൗളിൽ ഒന്നര കപ്പ് ഡെസിക്കേറ്റഡ് കോക്കനട്ട്, മുക്കാൽ കപ്പ് പാൽപ്പൊടി, അര കപ്പ് കണ്ടൻസ്ഡ് മിൽക്ക്, കാൽ ടീസ്പൂൺ ഏലയ്ക്കാപ്പൊടി എന്നിവ ചേർത്ത് നന്നായി കുഴയ്ക്കുക. അതിനെ കുഴച്ച് ഒരു ബോൾ രൂപത്തിലാക്കുക.

ഇതിനെ രണ്ടായി പകുത്തു വയ്ക്കുക. ശേഷം ഒരു ഭാഗത്തിൽ ഉണക്ക പഴങ്ങൾ ചേർത്ത് നന്നായി യോജിപ്പിച്ചെടുക്കുക.

അത് ഒരു ബട്ടർ പേപ്പറിൽ വെച്ച് റോൾ ചെയ്ത് ത്രികോണാകൃതിയിൽ ആക്കുക. അതിനു ശേഷം ബട്ടർ പേപ്പർ കൊണ്ട് നന്നായി പൊതിഞ്ഞ് ഫ്രിജിൽ 5 മിനിറ്റ് വെയ്ക്കുക. മാറ്റി വെച്ച അടുത്ത ഭാഗം പിങ്ക് കളർ ചേർത്ത് യോജിപ്പിച്ചെടുക്കുക.

ഇതു ബട്ടർ പേപ്പറിന്റെ മുകളിൽവച്ച് പരത്തിയെടുക്കുക. 5 മിനിറ്റ് കഴിഞ്ഞ് ഉണക്കപ്പഴം ചേർത്ത ഭാഗം ഫ്രിജിൽ നിന്നെടുത്ത് ഈ പരത്തിയ മിക്സിന്റെ മുകളിൽ വച്ച് വീണ്ടും പൊതിയുക. അതു വീണ്ടും 5 മിനിറ്റ് ഫ്രിജിൽ വെയ്ക്കുക.

അതിനു ശേഷം എടുത്തു പേപ്പർ മാറ്റി പ്ലേയ്റ്റിൽ കുറച്ച് ഉണക്കപ്പഴവും സ്ട്രോബറി സിറപ്പും സ്പ്രിങ്കൾസും ചേർത്ത് അലങ്കരിച്ചെടുക്കുക. സ്വാദിഷ്ഠമായ കേര പേഡ തയാർ.

ബനാന ഹൽവ

പഴം –5 എണ്ണം, നെയ്യ് –മുക്കാൽ കപ്പ്, പഞ്ചസാര പൊടിച്ചത്– മുക്കാൽ കപ്പ് , ഉണക്കപ്പഴങ്ങൾ– 3 സ്പൂൺ, ഏലയ്ക്ക പൊടി–കാൽ ടീ സ്പൂൺ, ഡെസിക്കേറ്റഡ് കോക്കനട്ട്– ഒന്നര കപ്പ്, കോൺഫ്ലവർ–അരക്കപ്പ്

പഴം മിക്സിയിൽ നന്നായി അടിച്ച് പേസ്റ്റാക്കുക. പാൻ വച്ച് നന്നായി ചൂടാകുമ്പോൾ നെയ്യ് ഒഴിക്കുക. അതിൽ ഉണക്കപ്പഴങ്ങൾ ഇട്ട് വറുക്കുക.

ഇതിലേയ്ക്ക് പേസ്റ്റാക്കി വച്ചിരിക്കുന്ന പഴം ചേർക്കുക. തുടർച്ചയായി ഇളക്കി കുറുകുന്ന പരുവമാകുമ്പോൾ ഏലയ്ക്കപ്പൊടി ചേർക്കുക. കുറച്ചുകൂടെ കുറുകുമ്പോൾ ഡെസിക്കേറ്റഡ് കോക്കനട്ട് ചേർത്ത് നന്നായി യോജിപ്പിക്കുക. അതിനു ശേഷം പഞ്ചസാര പൊടിച്ചത് ചേർക്കുക. (മധുരം കൂടുതൽ ആവശ്യമുണ്ടെങ്കിൽ മാത്രം കൂടുതൽ ചേർക്കാം) നന്നായി യോജിച്ച് കഴിയുമ്പോൾ കോൺഫ്ലവർ വെള്ളത്തിൽ ലയിപ്പിച്ച് ഒഴിക്കുക.

നന്നായി കുറുകി പാനിൽ നിന്നു വിട്ടു വരുന്ന പരുവത്തിൽ ഒരു ബൗളിലേക്കു മാറ്റാം. നട്സോ കുങ്കുമപ്പൂവോ ഉപയോഗിച്ച് അലങ്കരിക്കാം.

ശ്രീഖണ്ഡ്

ആവശ്യമായ സാധനങ്ങൾ

 • പുളിയില്ലാത്ത തൈര് - 2 കപ്പ്
 • പഞ്ചസാര പൊടിച്ചത് - 1 കപ്പ്
 • ഏലയ്ക്കാ പൊടിച്ചത് - അര ടീസ്പൂൺ
 • ബദാം, അണ്ടിപ്പരിപ്പ് - 5 എണ്ണം വീതം ചെറുതായി

അരിഞ്ഞത്

 • ചെറിപ്പഴം - 5 എണ്ണം ചെറുതായി അരിഞ്ഞത്
 • കുങ്കുമപ്പൂവ് - ഏതാനും അല്ലികൾ

പാകംചെയ്യുന്ന വിധം

തൈര് ഒരു മസ്ലിൻ തുണിയിൽ കെട്ടിവച്ച് അതിലെ വെള്ളമയം പൂർണമായും നീങ്ങും വരെ തൂക്കിയിടുക. ഇത് ഒരു ബൗളിൽ എടുത്തു പഞ്ചസാര പൊടിച്ചത്, ഏലയ്ക്കാപ്പൊടി, കുങ്കുമപ്പൂവ് എന്നിവ ചേർത്ത് ഹാൻഡ് ബീറ്റർ കൊണ്ടോ സ്പൂൺ ഉപയോഗിച്ചോ നന്നായി യോജിപ്പിക്കുക. ഈ മിശ്രിതം ഫ്രിജിൽ രണ്ടു മണിക്കൂർ വയ്ക്കുക. പുറത്തെടുത്ത ശേഷം ബദാം, അണ്ടിപ്പരിപ്പ്, ചെറി ഇവ അരിഞ്ഞത് ചേർത്തു വിളമ്പാം.

(ശ്രീഖണ്ഡ് വിളമ്പും മുൻപ് ആപ്പിൾ നുറുക്കിയതോ, ഓറഞ്ച് അല്ലികളോ, പൈനാപ്പിൾ കഷണങ്ങളോ ചേർത്തു വ്യത്യസ്ത രുചികൾ ഒരുക്കാം).

മൈസൂർ പാക്

mysorepak

ആവശ്യമായ സാധനങ്ങൾ

 • കടലമാവ് - ഒരു കപ്പ്
 • പഞ്ചസാര - രണ്ടു കപ്പ്
 • വെള്ളം - മുക്കാൽ കപ്പ്
 • നെയ്യ് - രണ്ടു കപ്പ്

പാകംചെയ്യുന്ന വിധം

നെയ്മയം പുരട്ടിയ പാനിൽ കടലമാവ് ഇട്ട് പച്ചമണം പോകും വരെ ചെറുതീയിൽ മൂപ്പിച്ചെടുക്കുക. മറ്റൊരു അടുപ്പിൽ നെയ്യ് ചൂടാക്കാൻ വയ്ക്കണം. പഞ്ചസാരയിൽ വെള്ളമൊഴിച്ച് നൂൽ പരുവത്തിൽ പാനിയാക്കണം. ഇതിൽ അര കപ്പ് ചൂടാക്കിയ നെയ്യും കടലമാവും ചേർത്ത് ചെറുതീയിൽ തുടരെ ഇളക്കി യോജിപ്പിക്കുക.

ബാക്കി ചൂടുനെയ്യ് കടലമാവു മിശ്രിതത്തിലേക്കു കുറെശെയായി ചേർത്തുകൊണ്ടിരിക്കണം. മൈസൂർ പാക് ചുവക്കാൻ തുടങ്ങുന്നതിനു മുൻപു പരന്ന പാത്രത്തിലൊഴിക്കുക. സ്പൂൺ കൊണ്ടോ കൈകൊണ്ടോ അമർത്തരുത്. തനിയെ ഇതു നിരപ്പായിക്കൊള്ളും. ചൂടോടെ തന്നെ മുറിക്കുക. തണുത്ത ശേഷം പാത്രത്തിലാക്കുക

ജിലേബി

jalebi-imarti-difference

ആവശ്യമായ സാധനങ്ങൾ

 • ഉഴുന്നുപരിപ്പ് – ഒരു കപ്പ്
 • പച്ചരി – ഒരു വലിയ സ്പൂൺ
 • പഞ്ചസാര – രണ്ടു കപ്പ്
 • വെള്ളം – അര കപ്പ്
 • ജിലേബി കളർ – ഒരു നുള്ള്
 • റോസ് എസൻസ് – പാകത്തിന്

പാകംചെയ്യുന്ന വിധം

ഉഴുന്നുപരിപ്പും അരിയും ഒരുമണിക്കൂർ കുതിർക്കുക. പഞ്ചസാരയിൽ വെള്ളം ചേർത്ത് ഉരുക്കി നൂൽ പാനിയാകുമ്പോൾ വാങ്ങിവയ്ക്കുക. ഇതിൽ ജിലേബി കളർ കലക്കിയതും എസൻസും ചേർത്തുവയ്ക്കുക.

കുതിർത്ത ഉഴുന്നും അരിയും ശരിക്കു പതയത്തക്കവിധത്തിൽ ആട്ടുക. ജിലേബി കളറും ചേർക്കണം.

ചുവടു പരന്ന പാത്രത്തിൽ നെയ്യൊഴിച്ചു നല്ലതുപോലെ ചൂടാകുമ്പോൾ ബട്ടൺഹോൾ തയ്ച്ച തുണിയിൽ ആട്ടിയ ഉഴുന്നുമാവ് അൽപ്പാൽപ്പം വാരിയിട്ടു കൈകൊണ്ടമർത്തി നെയ്യിലേക്കു ജിലേബിയുടെ ആകൃതിയിൽ ഞെക്കിപ്പിഴിയുക.

ചെറിയ ദ്വാരമുള്ള ചിരട്ട ഉപയോഗിച്ചും ജിലേബി മാവ് പിഴിയാം. പാകത്തിനു മൂപ്പിച്ച ജിലേബി ഇളംചൂടുള്ള പഞ്ചസാര സിറപ്പിലിട്ട് ഓരോന്നായെടുത്തു പരന്ന തട്ടത്തിൽ വയ്ക്കുക.

ദിപാവലി മധുരം കമർക്കട്ട്

ചേരുവകൾ

 • തേങ്ങ - 2 കപ്പ്
 • ശർക്കര -250 ഗ്രാം
 • നെയ്യ് - 150 ഗ്രാം
 • ഏലക്ക പൊടി - 1/2 സ്പൂൺ 

തയാറാക്കുന്ന വിധം

മിക്സിയുടെ ജാറിലേക്കു തേങ്ങ ചിരകിയതു ചേർത്ത് ഒന്ന് ചതച്ചെടുക്കുക. അരഞ്ഞു പോകരുത്. ഒരു ഫ്രൈയിങ് പാൻ വച്ച് ചൂടായി കഴിയുമ്പോൾ അതിലേക്ക് ഏലക്കപ്പൊടിയും ഒപ്പം നെയ്യും ചേർത്തു സ്പൂൺ കൊണ്ട് ഇളക്കി യോജിപ്പിച്ചു കൊടുക്കാം. ശർക്കര നന്നായിട്ട് അലിഞ്ഞു തുടങ്ങുമ്പോൾ അതിലേക്കു തേങ്ങ ചേർത്തുകൊടുക്കാം. തേങ്ങയും ശർക്കരയും നന്നായിട്ട് യോജിപ്പിച്ച് കഴിയുമ്പോൾ തീ ഓഫ് ചെയ്ത് അടച്ചുവച്ച് തണുപ്പിക്കാം. തണുത്തു കഴിയുമ്പോൾ ഇത് ചെറിയ ബോൾസ് ആയിട്ടു കൈകൊണ്ട് ഉരുട്ടിയെടുക്കുക.

Content Summary : Diwali sweets that you can relish this season 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എനിക്ക് മലയാളം വായിക്കാനറിയില്ല. അമ്മ വായിച്ചുതരും

MORE VIDEOS