ഇടുക്കിക്കാരുടെ കരുത്തായ ഒരു വിഭവമുണ്ട് ഹൈറേഞ്ചിൽ – ഏഷ്യാഡ്. പേരു കേട്ട് പേടിക്കണ്ട. കപ്പ ബിരിയാണിക്കാണ് ഈ മനോഹരമായ പേര്. എല്ലിട്ടും ഇറച്ചിയിട്ടും കപ്പ് ബിരിയാണി ഉണ്ടാക്കാം. എല്ലിട്ടാൽ എല്ലും കപ്പയുമെന്നും അല്ലെങ്കിൽ കപ്പ ബിരിയാണി എന്നും സൗകര്യപൂർവം വിളിക്കുന്ന ഇടുക്കിക്കാരുടെ ഏഷ്യാഡ് ആളൊരു സംഭവമാണ്. പകലന്തിയോളം നന്നായി അധ്വാനിക്കുന്ന കർഷകർക്ക് ആവശ്യമുള്ള ഊർജം പകരുന്ന വിഭവമാണിത്.
ചേരുവകൾ
കപ്പ – 2 കിലോ
എല്ല് / ഇറച്ചി – ഒന്നര കിലോ
കപ്പ വേവിക്കാൻ തേങ്ങ ഒരെണ്ണം ചിരകിയത്.
വെളുത്തുള്ളി – 2 അല്ലി
ചുവന്നുള്ളി – 4 അല്ലി
പച്ചമുളക് – 3 എണ്ണം.
കറിവേപ്പില – ഒരു തണ്ട്.
മഞ്ഞൾപൊടി – കാൽ ടീസ്പൂൺ
കറിയെല്ല് വേവിക്കാൻ
മീറ്റ് മസാല – ഒന്നര സ്പൂൺ
മുളകുപൊടി – ഒന്നര ടേബിൾ സ്പൂൺ
സവാള അരിഞ്ഞത് – 1 വലുത്.
കറിവേപ്പി – 2 തണ്ട്
ഇഞ്ചി അരിഞ്ഞത് – 2 സ്പൂൺ
വെളുത്തുള്ളി –4 അല്ലി അരിഞ്ഞത്
ഉപ്പ് - ആവശ്യത്തിന്
പാകം ചെയ്യുന്ന വിധം
കപ്പ കൊത്തിയരിഞ്ഞ് നന്നായി കഴുകി അതിനുള്ള ചേരുവകൾ അരച്ചു ചേർത്ത് വേവിച്ചു മാറ്റിവയ്ക്കുക. ഒരു കുക്കറിൽ എല്ല് കഴുകി അതിനുള്ള ചേരുവകളും ഉപ്പും ചേർത്ത് അടുപ്പത്തു വച്ചു ചെറുതീയിൽ വേവിക്കുക. എല്ല് നന്നായി വേവിക്കണം. വെള്ളം ഒഴിക്കേണ്ട. വെന്തു കഴിഞ്ഞ് വെള്ളം ഉണ്ടെങ്കിൽ അത് വറ്റിക്കുക. വേവിച്ചു വച്ചിരിക്കുന്ന കപ്പയിലേക്കു വെന്ത് വെള്ളം വറ്റിയ കറിയെല്ല് ചേർക്കുക. നന്നായി ഇളക്കി മാറ്റിവയ്ക്കുക. ഇതിലേക്കു വെളിച്ചെണ്ണയിൽ കടുകു താളിച്ച് ഒഴിച്ച് ചൂടോടെ ഉപയോഗിക്കുക.
കപ്പ പുരട്ടിയത് വിഡിയോ
Content Summary : Nadan Ruchi Ellum Kappayum (Asiade) / Kappa Biriyani Recipe