ADVERTISEMENT

വെയിൽ പിടിമുറുക്കിത്തുടങ്ങിയതോടെ ഉള്ളം തണുപ്പിക്കാനും ആരോഗ്യം നിലനിർത്താനും നാടൻ പാ‌നീയങ്ങൾ പലതുമുണ്ട്. ഓരോ നാടിനും അവരുടേതായ  ‘കലക്കൻ’ പാനീയങ്ങളുണ്ട്; സുപരിചിതമായ സർബത്തു പോലെ...ഇന്ത്യയുടെ വടക്കുപടിഞ്ഞാറൻ മേഖലയിൽ ഏറെ പ്രിയങ്കരമായ പാനീയമാണ് പച്ചമാങ്ങ അരച്ചെടുക്കുന്ന ആം പന്ന. മധുരവും മസാലയും പുളിപ്പും ചേർന്ന പന്ന ഒരിറക്ക് കുടിച്ചാൽ  ഏതു ചൂടും പമ്പകടക്കും. തൊലികളയാതെ മാങ്ങ തീയിൽ ചുട്ടെടുത്ത് ഉണ്ടാക്കുന്ന ബംഗാളിന്റെ ആം പൊറ ഷർബത്തും മറ്റൊരു മാങ്ങാ പാനീയം. ഒരു തരം വയലറ്റ് പൂക്കൾ ഉപയോഗിച്ച് ഉത്തരാഖണ്ഡുകാർ ഉണ്ടാക്കുന്ന ബുറാൻഷ് മധുരവും പുളിപ്പും ഒന്നിച്ചു സമ്മാനിക്കുന്ന തനി നാടൻ പാനീയമാണ്. 

വേനലിനെ പറപ്പിക്കാൻ ഉത്തരേന്ത്യക്കാർ ധാരാളം കുടിക്കുന്ന പാനീയമാണ് ജൽജീര. ജീരകം, കുരുമുളക്, കറുത്തുപ്പ് എന്നിവ ചേർത്തുണ്ടാക്കുന്ന ജൽജീര വലിയ മൺകൂജയിലാണ് സൂക്ഷിക്കുക. 

ഗുജറാത്തിലും മഹാരാഷ്ട്രിയിലും ഏറെ പ്രിയപ്പെട്ട വേനൽക്കാല പാനീയമാണ് പിയുഷ്. കട്ടിത്തൈര്, ജാതിക്ക, കുങ്കുമപ്പൂവ് എന്നിവയ്ക്കൊപ്പം ഉണക്കപ്പഴങ്ങളും ചേർത്താണ് ഇതുണ്ടാക്കുക. പിയൂഷ് എന്നാൽ അമൃത് എന്നാണ് അർഥം. ഉച്ചിയിൽ വെയിലേറ്റു വരുന്നയാൾക്ക് അമൃത് തന്നെ. ലസിയുടെ കാര്യം പിന്നെ പറയേണ്ടതില്ലല്ലോ. പനംകരിക്ക് ജ്യൂസ് തമിഴ്നാട്, ബംഗാൾ, മഹാരാഷ്ട്ര എന്നിവിടങ്ങളിൽ സർവസാധാരണം. ചൂടിനെ കുടഞ്ഞെറിഞ്ഞ് ഉല്ലാസം പകരുന്ന റാഗി അമ്പാലി കർണാടക വഴി യാത്ര ചെയ്യുന്നുണ്ടെങ്കിൽ കുടിച്ചിരിക്കേണ്ട ഒന്നാണ്. ബംഗാളിൽ പ്രചാരത്തിലുള്ള ഗൊന്തോരാജ് നാരങ്ങ പിഴിഞ്ഞ് തൈരും പഞ്ചസാരയും കറുത്തുപ്പും തണുത്ത വെള്ളവും ചേർത്തുണ്ടാക്കുന്ന ഗൊന്തോരാജ് പാനീയം തളർച്ചയും ക്ഷീണവും തകർത്തെറിയും. 

ദക്ഷിണേന്ത്യയിലെ മറ്റൊരു പരമ്പരാഗത പാനീയമാണ് പാനകം. ശർക്കരയും ഏലവും ചേർത്ത വെള്ളത്തിലേക്ക് കുരുമുളകും ഇഞ്ചിയും ചേർത്ത്, തണുപ്പിച്ചു കുടിച്ചാൽ വേറിട്ട അനുഭവം തന്നെ. പണ്ടു നമ്മുടെ നാട്ടിൽ നിലവിലുണ്ടായിരുന്ന പരമ്പരാഗതമായി ഉപയോഗിച്ചുകൊണ്ടിരുന്ന ചില നാട്ടു കുടികളെക്കുറിച്ചും  പരിചയപ്പെടാം. വീട്ടിൽ ഉണ്ട‌‌‌ാക്കാൻ ശ്രമിക്കാം. 

മല്ലിത്തേൻ 

കൊത്തമല്ലി – ഒരുപിടി
തേൻ– 5 ചെറിയ സ്പൂൺ
ഏലം–തോടു മാത്രം അഞ്ച്

5 ഗ്ലാസ് വെള്ളം തിളപ്പിക്കുക. അതിൽ കൊത്തമല്ലി ചെറുതായി ചതച്ചിടുക. വെള്ളം നന്നായി തിളച്ചശേഷം ഏലയ്ക്കത്തോട് ചേർക്കുക. പാനീയം നന്നായി തണുപ്പിച്ചതിനുശേഷം അരിച്ചെടുക്കുക. അരിച്ചെടുത്ത വെള്ളത്തിൽ ഒരു ഗ്ലാസിന് ഒരു ചെറിയ സ്പൂൺ എന്ന കണക്കിന് തേൻ ചേർത്ത് ഉപയോഗിക്കാം. വളരെ വ്യത്യസ്തമായ രുചിയുള്ള പാനീയമാണ് മല്ലിത്തേൻ. ധാരാളം ധാതുക്കളും ജീവകങ്ങളും അടങ്ങിയതാണ് മല്ലി. അതിൽ തേൻ ചേരുമ്പോൾ ഔഷധഗുണം ഇരട്ടിയാകും. എന്നാൽ പ്രമേഹമുള്ളവർ ഈ പാനീയം ഉപേക്ഷിക്കുന്നതാണു നല്ലത്. 

നറുനീണ്ടി (നന്നാറി) നീര് 

∙ ചെറുനാരങ്ങ–1
∙ പഞ്ചസാര– പാനിയാക്കിയത് 5 ചെറിയ സ്പൂൺ
∙ കശ്കശ്
∙ നറുനീണ്ടി

പഞ്ചസാരയും നറുനീണ്ടിയും തിളപ്പിച്ച് പാനിയാക്കുക. കശ്കശ് വെള്ളത്തിലിട്ടു കുതിർത്തു വയ്ക്കുക. ചെറുനാരങ്ങ പിഴിഞ്ഞു നീരെടുക്കുക. ഇതിൽ തിളപ്പിച്ചു വച്ച പാനിയും കുതിർത്ത കശകശയും ചേർത്തു നന്നായി ഇളക്കുക. ഇതിൽ ആവശ്യത്തിന് വെള്ളം ചേർത്ത് ഉപയോഗിക്കാവുന്നതാണ്. ശരീരത്തിന്റെ ചൂട് നിയന്ത്രിക്കാനും ഉണർവ് കിട്ടാനും ഈ പാനീയം ഉത്തമമാണ്. നറുനീണ്ടി ശരീരത്തിലെ ചൂട് നിയന്ത്രിക്കുന്നു. കശകശ ശരീരത്തിൽ രക്തം ചൂടാകുന്നത് നിയന്ത്രിക്കുന്നു. ചൂടുകാലത്ത് ഏറെ ഗുണപ്രദമാണ് ഈ പാനീയം.

മൂന്നാർ, വട്ടവടയിൽ നിന്നും ഉള്ളം തണുപ്പിക്കും സ്ട്രോബറി കുൽഫി - വിഡിയോ

Content Summary : Healthy way to chill yourselves on a hot summer day. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com