രുചിസമൃദ്ധം മേടപ്പുലരി: മാമ്പഴ പുളിശ്ശേരി, വിഷുക്കഞ്ഞി, അട, പായസം....

രുചിസമൃദ്ധം മേടപ്പുലരി: മാമ്പഴ പുളിശ്ശേരി, വിഷുക്കഞ്ഞി, അട, പായസം....
SHARE

കണി വച്ച ചേരുവകൾ കൊണ്ടു തയാറാക്കുന്ന സദ്യയാണ് വിഷുവിന്റെ പ്രത്യേകത.വിഷു സദ്യയ്ക്കൊരുക്കാം നല്ല നാടൻ വിഭവങ്ങൾ. മാമ്പഴ പുളിശ്ശേരി, വിഷുക്കഞ്ഞി, ഏത്തപ്പഴം അട, കടലപ്പരിപ്പ് പായസം...രുചികൾ പലവിധം.

മാമ്പഴ പുളിശ്ശേരി
മാമ്പഴത്തിന്റെ ശരിയായ സീസൺ ആരംഭിക്കുന്നതേയുള്ളുവെങ്കിലും വിഷുവി‌‌ന്റെ വരവോടെ വിപണിയിൽ മാമ്പഴം എത്തിത്തുടങ്ങി. മാമ്പഴവും തൈരും തേ‌ങ്ങ അരച്ചതും ചേർത്തുണ്ടാക്കുന്ന മധുരവും പുളിയും എരിവുമെല്ലാം ചേർന്ന മാമ്പഴ പുളിശ്ശേരി ഇഷ്ടപ്പെടാത്തവർ ഉണ്ടാവുമെന്ന് തോന്നുന്നില്ല. വിഷു സദ്യയോടൊപ്പം അങ്ങനെ അടിപൊളി മാമ്പഴ പുളിശ്ശേരി നമുക്കൊന്ന് രുചിച്ചു നോക്കാം. പലതരം മാമ്പഴം ഉപയോഗിച്ചും ഇതുണ്ടാക്കാമെങ്കിലും ചന്ദ്രക്കാരൻ മാമ്പഴമാണ് ഏറ്റവും അനുയോജ്യം.

സദ്യയിലെ ഒഴിച്ചു കറിയിൽ പ്രധാനിയാണ് മത്തങ്ങ എരിശ്ശേരി

പാകപ്പെടുത്തുന്ന വിധം
ചെറിയ മാമ്പഴമാണെങ്കിൽ മുറിക്കാതെ മുഴുവനോടെയും ,കുറച്ചു വലിയ മാമ്പഴമാണ് എങ്കിൽ ഇരുവശവും തോലോടുകൂടി പൂളിയെടുത്തും ഉപയോഗിക്കാം. ചെറിയ 8 മാമ്പഴങ്ങൾ ഒരു കറിക്ക് എടുക്കാം. വലിയതാണ് എങ്കിൽ 4 എണ്ണം മതിയാകും.

അരമുറി തേങ്ങ ചിരവിയെടുത്ത്, 6 ചെറിയ ഉള്ളി, 3 വെളുത്തുള്ളിയല്ലി, 1 ടീസ്പൂൺ ജീരകം, 6 കുരുമുളക്, 3 പച്ചമുളക്, ഒരു ചെറിയ കഷണം ഇഞ്ചി, അൽപം കറിവേപ്പില എന്നിവ ചേർത്ത് അരച്ചെടുക്കുക. മാമ്പഴത്തോടൊപ്പം 1 ടീസ്പൂൺ മുളകുപൊടി, 1/2 ടീസ്പൂൺ മഞ്ഞൾ പൊടി,രണ്ടു കതിർ കറിവേപ്പില, അധികം എരുവില്ലാത്ത 8 ചെറിയ പച്ചമുളക്, പാകത്തിന് ഉപ്പ് എന്നിവ ചേർത്ത്, ഒരു ടേബിൾ സ്പൂൺ വെളിച്ചെണ്ണയും ഒഴിച്ച് കൈകൊണ്ടു മെല്ലെ കൂട്ടിയിളക്കി ഒരു ചെറിയ കപ്പു വെള്ളമൊഴിച്ച് കറിച്ചട്ടിയിൽ അടുപ്പത്തു വയ്ക്കാം. തിളയ്ക്കുമ്പോൾ അരച്ചു വച്ച തേങ്ങാകൂട്ട്, അധികം വെള്ളം ചേർക്കാതെ കറിയിൽ കലർത്തി അഞ്ചു മിനിറ്റ് മൂടിയിട്ട് വേവിക്കുക.

സദ്യയ്ക്കൊരുക്കാം രുചിയേറും മത്തങ്ങ എരിശ്ശേരി വിഡിയോ
Thumb Image

പുളിയുള്ള ഒരു കപ്പ് തൈര് മിക്സിയിൽ ഒന്നുകറക്കി എടുത്തതു ചേർത്ത ശേഷ‌ം ഉടൻ തീ അണയ്ക്കുക. ഒന്നര ടേബിൾ സ്പൂൺ വെളിച്ചെണ്ണ ചൂടാക്കി ഒരു ടീസ്പൂൺ കടുകിട്ട് പൊട്ടുമ്പോൾ 5 ഉണക്കമുളക്, അൽപം ഉലുവ, ഒരു കതിർ കറിവേപ്പില എ‌ന്നിവിയിട്ട് കരിയാതെ മൂപ്പിച്ച് കറിയിൽ ചേർത്തു മൂടിവയ്ക്കാം. അതിസുന്ദരമായ നിറത്തിൽ, എല്ലാ രസവും നിറഞ്ഞ മാമ്പഴപ്പുളിശേരി റെഡി.

വിഷുക്കഞ്ഞി 
മധ്യ കേരളത്തിൽ പരമ്പരാഗതമായ ഒരു വിഷു വിഭവമാണിത്. എല്ലാ വീടുകളിലും രാവിലെതന്നെ വിഷുക്കഞ്ഞി പാകപ്പെടുത്തും. ഇപ്പോഴും ഇത് തുടരുന്ന തറവാടുകളുണ്ട്.

വിഷു കഞ്ഞി

തയാറാക്കുന്ന വിധം

∙ പച്ചരി -2 കപ്പ്
∙ വൻപയർ -അര കപ്പ്
∙ ഏലക്കാ പഞ്ചസാര ചേർത്ത് പൊടിച്ചത് -2 ടേബിൾ സ്പൂൺ
∙ നെയ്യ്- 2 ടേബിൾ സ്പൂൺ
∙ ശർക്കര പാനിയാക്കിയത് - 1 കപ്പ്
∙ തേങ്ങാപാൽ- ഒരു തേങ്ങയുടേത്
∙ കറുത്ത മുന്തിരി–50 ഗ്രാം
∙ അണ്ടിപ്പരിപ്പ് -50 ഗ്രാം
∙ ചുക്കും വറുത്ത ജീരകവും പൊടിച്ചത് - 1 ടീ സ്പൂൺ

കുതിർത്ത വൻപയർ ഒരു കപ്പു വെള്ളത്തിൽ കുക്കറിൽ വേവ‌ിച്ചെടുക്കുക. കുതിർന്ന പച്ചരിയും വേറെ പാത്രത്തിലോ കുക്കറിലോ കുഴഞ്ഞു പോകാതെ വേ‌വിച്ചെടുക്കുക. ഇതിലേക്കു പയർ ചേർത്തു ശർക്കര പാനി ഒഴിച്ചു നന്നായി ഇളക്കിക്കൊടുക്കുക.
അതിനു ശേഷം തീ കുറച്ചിട്ടു രണ്ടാം പാൽ ചേർക്കുക. അടി‌യിൽ പിടിക്കാതെ തുടർച്ചയായി ഇളക്ക‌ിക്കൊണ്ടിരിക്കണം. 5 മിനിറ്റിനു ശേഷം 2 സ്പൂൺ നെയ്യ് ചേർത്തു ഇളക്കി ഒന്നാം പാൽ ചേർക്കാം.
ഇനി ഏലക്ക, പഞ്ചസാര ചേർത്തു പൊടിച്ചതുമിട്ട് തിളച്ചു വരുമ്പോൾ തന്നെ ഗ്യാസ് ഓഫ് ചെയ്തു നെയ്യിൽ വറു‌ത്തെടുത്ത കശുവണ്ടിപ്പരിപ്പ്, കറുത്ത മുന്തിരി, ചുക്ക് ജീരകപ്പൊടി എന്നിവ ചേർത്തു ന‌ന്നായി ഇള‌ക്കുക. രുചികരമായ വിഷുക്കഞ്ഞി തയാർ.

സദ്യയ്ക്കൊരുക്കാം സ്വാദിഷ്ടമായ പുളിയിഞ്ചി


ഏത്തപ്പഴം അട
1. ഗോതമ്പുപൊടി - ഒരു കപ്പ്
ഉപ്പ്, വെള്ളം - പാകത്തിന്
2. നെയ്യ് - ഒന്നര വലിയ സ്പൂൺ
3. കശുവണ്ടിപ്പരിപ്പു നുറുക്ക് - രണ്ടു വലിയ സ്പൂൺ
4. ഏത്തപ്പഴം - രണ്ട്, പൊടിയായി അരിഞ്ഞത്
5. ശർക്കരപ്പാനി - അരക്കപ്പ്
തേങ്ങ ചുരണ്ടിയത് - അരക്കപ്പ്
6. ഏലയ്ക്കാപ്പൊടിയും ജീരകം പൊടിച്ചതും - അര ചെറിയ സ്പൂൺ

rice-pazham-ada


പാകം ചെയ്യുന്ന വിധം
ഗോതമ്പുപൊടിയിൽ പാകത്തിന് ഉപ്പും വെള്ളവും ചേർത്തു കുഴച്ചു ചപ്പാത്തിക്ക് എന്ന പോലെ മാവു തയാറാക്കി വയ്ക്കണം.
നെയ്യ് ചൂടാക്കി കശുവണ്ടിപ്പരിപ്പു വറുത്തു കോരി മാറ്റിവയ്ക്കണം.
ഇതേ നെയ്യിൽ ഏത്തപ്പഴം ചേർത്തു വഴറ്റിയ ശേഷം തേങ്ങ ചുരണ്ടിയതും ശർക്കരപ്പാനിയും ചേർത്തു വഴറ്റുക.
പൊടികളും കശുവണ്ടിപ്പരിപ്പു വറുത്തതും ചേർത്തിളക്കി വാങ്ങുക.
വാഴയില കഷണങ്ങളായി കീറി ഓരോ കീറിലും ചപ്പാത്തി മാവ് ഓരോ ഉരുള വച്ചു പരത്തണം.
ഇതിനുള്ളിൽ തയാറാക്കിയ ഏത്തപ്പഴക്കൂട്ടു വച്ചു മടക്കി ആവി വരുന്ന അപ്പച്ചെമ്പിന്റെ തട്ടിൽ വച്ചു വേവിക്കുക.

കടലപ്പരിപ്പ് പായസം

1. തേങ്ങ - രണ്ടു വലുത്, ചുരണ്ടിയത്
2. കടലപ്പരിപ്പ് - 300 ഗ്രാം
3. ശർക്കര - 600 ഗ്രാം, ഉരുക്കി അരിച്ചത്
4. നെയ്യ് - 100 ഗ്രാം + രണ്ടു വലിയ സ്പൂൺ
5. കശുവണ്ടിപ്പരിപ്പ് - 50 ഗ്രാം
ഉണക്കമുന്തിരി - 25 ഗ്രാം
തേങ്ങാക്കൊത്ത് (കനം കുറച്ചരിഞ്ഞത്) - രണ്ടു വലിയ സ്പൂൺ
6. ഏലയ്ക്കാപ്പൊടി - ഒരു ചെറിയ സ്പൂൺ

എളുപ്പത്തിലൊരു ചെറുപയർ പരിപ്പ് പായസം തയാറാക്കാം...

പാകം ചെയ്യുന്ന വിധം

cherupayar-payasam

തേങ്ങ ചുരണ്ടിപ്പിഴിഞ്ഞ് ഒന്നും രണ്ടും മൂന്നും പാ ൽ പിഴിഞ്ഞെടുത്തു വയ്ക്കണം.
ചീനച്ചട്ടി ചൂടാക്കി കടലപ്പരിപ്പു ചേർത്തു ചൂടാക്കുക. കൈ കൊണ്ടു തൊടാവുന്ന ചൂട് ആകുമ്പോൾ തിളച്ചവെള്ളം ചേർത്തു വേവിക്കുക.
പരിപ്പു വെന്തശേഷം ഉരുക്കിയ ശർക്കര ഒഴിക്കുക. നന്നായി ഇളക്കി വെള്ളം മുഴുവനും വറ്റിയ ശേഷം 100 ഗ്രാം നെയ്യ് ഒഴിച്ചു വരട്ടുക. ഇതിലേക്കു മൂന്നാംപാൽ ചേർത്തിളക്കി നന്നായി തിളയ്ക്കുമ്പോൾ രണ്ടാംപാൽ ഒഴിച്ചു തിളപ്പിക്കുക.
തിളച്ചു കുറുകി വരുമ്പോൾ അടുപ്പിൽ നിന്നു വാങ്ങി ഒന്നാം പാലൊഴിക്കുക.
രണ്ടു വലിയ സ്പൂൺ നെയ്യ് ചൂടാക്കി അഞ്ചാമത്തെ ചേരുവ വറുത്തു പായസത്തിൽ ചേർക്കുക.
ഏലയ്ക്കാപൊടിയും വിതറിയാൽ പായസം തയാർ.

Content Summary : Authentic Kerala cuisine, vishu special recipes