കദായിഫ് മന്തി, ബസ്ബൂസ, ചക്കരച്ചോർ...പെരുന്നാൾ സൽക്കാരം ഗംഭീരമാക്കാം

SHARE

ഒരു മാസം നീണ്ടു നിന്ന പ്രാർഥനകൾക്കും നോമ്പിനും വിരാമം കുറിച്ചു വിശുദ്ധിയുടെ ചെറിയ പെരുന്നാൾ വരവായി. ഒത്തു ചേരലിന്റെ പെരുന്നാൾ ഗംഭീരമാക്കാൻ തീൻമേശയിൽ ഒരുക്കാം വ്യത്യസ്തവും രുചികരവുമായ വിഭവങ്ങൾ. ടർക്കിഷ് സ്വാദിൽ കദായിഫ് മന്തി, അറബിക്ക് സ്വീറ്റ് ബസ്ബൂസ, മലബാർ സ്പെഷൽ ചക്കരച്ചോർ രുചിക്കൂട്ടുകൾ പരിചയപ്പെടുത്തുന്നത് ദോഹയിൽ നിന്നും ഫെബിൻ കുഞ്ഞബ്ദുള്ളയാണ്. കദായിഫ് മന്തി 1000 വർഷത്തോളം പഴക്കമുള്ള ഒരു ടർക്കിഷ് മെയിൻ കോഴ്സ് വിഭവമാണ്. വിശേഷവസരങ്ങളിലാണ് ഇതുണ്ടാക്കുന്നത്.

kataifi-mandi
കദായിഫ് മന്തി 1000 വർഷത്തോളം പഴക്കമുള്ള ഒരു ടർക്കിഷ് മെയിൻ കോഴ്സ് വിഭവം.

കദായിഫ് : വളരെ നേരിയതായി ഉണ്ടാകുന്ന ഒരു തരം ഫില്ലോ ഷീറ്റാണിത്. കണ്ടാൽ മലയാളികളുടെ ഇടിയപ്പം പോലെ തോന്നിക്കും. മൈദയും വെള്ളവും ഉപയോഗിച്ചു തയാറാക്കാം. കടകളിൽ വാങ്ങിക്കാനും കിട്ടും.

  • 240 ഗ്രാം കദായിഫ് തയാറാക്കാൻ
    മൈദ – 110 ഗ്രാം
    കോൺഫ്ലോർ – 80 ഗ്രാം
    ഉപ്പ് – അര ടീസ്പൂൺ
    വെജിറ്റബിൾ ഓയിൽ – 1 ടീസ്പൂൺ
    വെള്ളം – 220 മില്ലി ലിറ്റർ

ചേരുവകൾ എല്ലാം വിസ്ക്ക് ഉപയോഗിച്ചു നന്നായി യോജിപ്പിച്ചു മാവ് തയാറാക്കാം. ഇത് പൈപ്പിങ് ബാഗിലേക്കു നിറയ്ക്കാം. ചൂടായ ഫ്രൈയിങ് പാനിൽ അൽപം എണ്ണ പുരട്ടിയ ശേഷം കനം കുറച്ചു നീളത്തിൽ നൂൽപരുവത്തിൽ മാവ് പൈപ്പിങ് ബാഗിൽ നിന്നും നീളത്തിൽ ഒഴിച്ചു വേവിച്ച് എടുക്കാം. വെന്തു കഴിയുമ്പോൾ ഫ്രൈയിങ് പാനിന്റെ ഒരു വശത്തേയ്ക്കു സ്പൂൺ ഉപയോഗിച്ചു കദായിഫ് നീക്കി എടുക്കാം.

  • ഫില്ലിങ്ങിന് :
    ബീഫ് കീമ – 200 ഗ്രാം
    ചെറിയ ജീരകം പൊടിച്ചത് – 1 ടീ സ്പൂൺ
    കുരുമുളകു പൊടി – 1 ടീ സ്പൂൺ
    ജാതിക്ക പൊടിച്ചത് – ഒരു നുള്ള്
    പാർസലി ചെറുതായി അരിഞ്ഞത് – കുറച്ച്
    ഒലിവ് ഓയിൽ – 2 ടീ സ്പൂൺ
    ഉപ്പ് – ആവശ്യത്തിന്
    എല്ലാം കൂടി യോജിപ്പിച്ച്, കോഫ്ത്ത പോലെ ഉണ്ടാക്കുക.

തൈര് മിശ്രിതം :
5 ടീ സ്പൂൺ കട്ടിതൈരിലേക്കു 2 അല്ലി വെളുത്തുള്ളി ചതച്ചതും ഉപ്പും കുരുമുളകും ചേർത്തു യോജിപ്പിക്കുക

സോസ് :
ഒരു ഫ്രൈയിങ് പാൻ ചൂടാക്കി അതിലേക്കു 1 ടീ സ്പൂൺ ബട്ടർ, 1 ടീ സ്പൂൺ ഒലിവ് ഓയിൽ,1 ടീ സ്പൂൺ ചുവന്ന കാപ്‌സിക്കം അരച്ചത്, 125 മില്ലിലിറ്റർ തക്കാളി അരച്ചത്,1 ടീ സ്പൂൺ ചുവന്ന കുരുമുളകുപൊടി,1 ടീ സ്പൂൺ കറുത്ത കുരുമുളകുപൊടി, ഉപ്പ്, തൈം പൊടിച്ചത് എന്നിവ ചേർത്തു യോജിപ്പിച്ചെടുക്കുക.

കദായിഫ് നിരത്തി വച്ച്, അതിന്റെ ഉള്ളിൽ തയ്യാറാക്കി വച്ചിരിക്കുന്ന ബീഫ് കോഫ്ത്ത വച്ച് കദായിഫ് കൊണ്ടു പൊതിഞ്ഞ് റോൾ ചെയ്യുക. 2 സെന്റിമീറ്റർ കട്ടിയുള്ള കഷ്ണങ്ങളാക്കി മുറിക്കുക. ബോൾ പോലെ ഉരുട്ടി എടുക്കുക.

ഒരു പാനിൽ ഒലിവ് ഓയിൽ തടവി, കട്ട്‌ ചെയ്ത് വച്ച കദായിഫ് കഷ്ണങ്ങൾ നിരത്തി വയ്ക്കാം.
അവ്നിൽ 200°c - ൽ 8 – 10 മിനിറ്റു ബേക്ക് ചെയ്യുക.
പുറത്ത് എടുത്തതിനു ശേഷം തയ്യാറാക്കി വച്ചിരിക്കുന്ന തൈര് മിശ്രിതവും, സോസും മേലെ ഒഴിച്ച് കൊടുക്കുക.
ചൂടോടെ വിളമ്പാം.

basbousa
ബസ്ബൂസ ഒരു അറബിക്ക് സ്വീറ്റാണ്
  • ബസ്ബൂസ ഒരു അറബിക്ക് സ്വീറ്റാണ്
    ആവിശ്യമുള്ള ചേരുവകൾ :
    റവ – 500 ഗ്രാം
    നെയ്യ് ഉരുക്കിയത് – 150 ഗ്രാം
    ഡെസിക്കേറ്റഡ് കോക്കനട്ട് – 50 ഗ്രാം
    പാൽ – 150 ഗ്രാം
    പഞ്ചസാര – 250 ഗ്രാം
    നെയ്യ് – 2 ടീ സ്പൂൺ
  • സിറപ്പ് ഉണ്ടാക്കാൻ :
    പഞ്ചസാര – 250 ഗ്രാം
    വെള്ളം – 1 1/2 കപ്പ്‌
    ചെറുനാരങ്ങ നീര് – 1 ടീ സ്പൂൺ
    പഞ്ചസാരയും വെള്ളവും ചെറുനാരങ്ങ നീരും ഒരു പാനിൽ ഒഴിച്ച്, മീഡിയം ചൂടിൽ ഇളക്കി, തിളപ്പിക്കുക, ചൂടാറാൻ മാറ്റിവയ്ക്കുക.
  • ബസ്ബൂസ ഉണ്ടാക്കാൻ :
    അവ്ൻ ചൂടാക്കുക - 180°c ൽ.
    ഒരു ബൗളിൽ റവയും നെയ്യും യോജിപ്പിക്കുക. പാലും പഞ്ചസാരയും ചൂടാക്കി, അതിലേക്ക് ഒഴിച്ച് യോജിപ്പിക്കുക.
    ഒരു ബേക്കിങ് പാനിൽ നെയ്യ് ഒഴിച്ച് ഗ്രീസ് ചെയ്ത്, ഈ മിശ്രിതത്തിൽ നിന്ന് പകുതി ഒഴിച്ചു ഫ്രിജിൽ 15 മിനിറ്റ് സെറ്റ് ആവാൻ വയ്ക്കുക. ഈ സമയം,ആവിശ്യമെങ്കിൽ കുറച്ച് നട്സ് വിതറിക്കൊടുക്കാം.
    ഇനി ബാക്കിയുള്ള ബാറ്ററും കൂടി ഒഴിച്ച്, അവ്നിൽ 20 മിനിറ്റ് ബേക്ക് ചെയ്യുക.
    അവ്നിൽ നിന്ന് പുറത്ത് എടുത്ത ഉടനെ തയ്യാറാക്കി വച്ച പഞ്ചസാര ലായനി അതിലേക്ക് ഒഴിച്ച്, കുറച്ച് നെയ്യും കൂടി ബ്രഷ് ചെയ്യാം.


ചക്കരച്ചോർ മധുരം, വിശേഷ അവസരങ്ങളിലെ മധുരം

chakkara-chor
ചക്കരച്ചോർ, മലബാർ മുസ്ലിം സമൂഹത്തിൽ വിശേഷ അവസരങ്ങളിൽ ഒരുക്കുന്ന വിഭവം

മലബാർ മുസ്ലിം സമൂഹത്തിൽ വിശേഷ അവസരങ്ങളിൽ ഒരുക്കുന്ന ഒരു മധുരമാണ് ചക്കരച്ചോർ.

ഇതിനായി 125 ഗ്രാം മുഴുവനായുള്ള ഗോതമ്പ് ഒരു മണിക്കൂർ കുതിർത്തെടുക്കാം. ഒരു നുള്ള് ഉപ്പ് ചേർത്തു 4 വിസിൽ വരെ വേവിക്കുക. 250 ഗ്രാം ശർക്കര ഉരുക്കി അരിച്ചു വേവിച്ച ഗോതമ്പിലേക്ക് ഒഴിക്കുക. ഒരു കപ്പ് തേങ്ങയുടെ രണ്ടാം പാൽ ഒഴിക്കുക. വേറൊരു പാത്രത്തിൽ നെയ്യ് ഒഴിച്ച് ഒരു സവാള വലിയ കഷ്ണങ്ങളാക്കി വഴറ്റുക. ഇത് ഗോതമ്പ് കൂട്ടിലേക്ക് ഒഴിച്ച് തിളപ്പിക്കുക. തിളച്ചുകഴിഞ്ഞാൽ സവാള അതിൽ നിന്ന് എടുത്തു മാറ്റി അര കപ്പ് തേങ്ങയുടെ ഒന്നാം പാൽ ഒഴിച്ചു ചൂടാക്കുക, തിളപ്പിക്കരുത്.

Content Summary : Eid Mubarak! Simple recipes to enjoy with the feast.