ADVERTISEMENT

ദോശയും ചപ്പാത്തിയും ഇടിയപ്പവുമൊക്കെ കഴിച്ച് മടുത്തോ? രുചി കുറഞ്ഞിട്ടല്ല, ഉണ്ടാക്കിയെടുക്കുവാനുള്ള സമയമാണ് മിക്കവരുടെ പ്രശ്നം. അധികം സമയം കളയാതെ ബ്രേക്ക്ഫസ്റ്റ് തയാറാക്കണോ? അതും പോഷകങ്ങൾ അടങ്ങിയ വിഭവം. അതിന് ചിയാ സീഡ് സൂപ്പറാണ്.

ഫിറ്റ്നസ് പ്രേമികൾക്കിടയിൽ വളരെയധികം പ്രശസ്തി നേടിയ സൂപ്പർഫുഡാണിത്. ആരോഗ്യത്തോടെ തടികുറയ്ക്കണം എന്നുള്ളവർക്കും ഇൗ  െഎറ്റം പരീക്ഷിക്കാവുന്നതാണ്. ജോലിക്ക് പോകുന്നവർക്ക് എളുപ്പവഴിയിൽ ഉണ്ടാക്കാൻ പറ്റുന്ന വിഭവങ്ങളെ അറിയാം. 

ചിയാ സീഡ് പുഡ്ഡിങ്

ചിയാ സീഡ് – 3 സ്പൂൺ 

പാൽ– 1 ഗ്ലാസ്

തേന്‍– ഒരു സ്പൂൺ

മാമ്പഴം–1

ബദാം – ഒരു പിടി പൊടിച്ചത്

തയാറാക്കുന്ന വിധം

ഒരു ഗ്ലാസ് ജാറിൽ 3 സ്പൂൺ ചിയാ സീഡും 1 ഗ്ലാസ് നേർപ്പിച്ച് പാട നീക്കിയ പാലും ഒരു ടേബിൾ സ്പൂൺ തേനും ചേർത്ത് നന്നായി യോജിപ്പിച്ച് ഫ്രിജിൽ വയ്ക്കാം. രാവിലെ ആകുമ്പോൾ നല്ല കട്ടിയുള്ള പരുവത്തിൽ കിട്ടും. അതിലേക്ക് സീസണിൽ ലഭിക്കുന്ന പഴങ്ങൾ ചേർക്കാം. ഇപ്പോൾ മാമ്പഴം സുലഭമായി കിട്ടുന്നതിനാൽ ഒരു മാങ്ങ ചെറുതായി അരിഞ്ഞ് പാലും ചിയാ സീഡും ചേർന്ന മിശ്രിതത്തിലേക്ക് ചേർക്കാം. അതിനുമുകളിലായി ബാക്കിയുള്ള ചീയാ സീഡും മാങ്ങാപഴവും ചേർത്ത് കൊടുക്കാം. ഏറ്റവും മുകളിലായി ചെറുതായി പൊടിച്ച ബദാം അല്ലെങ്കിൽ പിസ്തയോ ചേർക്കാം. വളരെ പെട്ടെന്ന് തയാറാക്കാവുന്ന രുചിയൂറും വിഭവമാണിത്. മാങ്ങാ പഴത്തിന് പകരം റോബസ്റ്റ പഴമോ ആപ്പിളോ ചേർത്ത് പുഡ്ഡിങ് ഇങ്ങനെ തയാറാക്കാവുന്നതാണ്. 

smoothy
stockfour/shutterstock

ഒാട്സും ഡ്രൈഫ്രൂട്ട്സും

ചേരുവകൾ

ഒാട്സ്– 3 ടേബിള്‍ സ്പൂൺ

പാൽ– 1 ഗ്ലാസ്

തേന്‍– ഒരു സ്പൂൺ

റോബസ്റ്റ പഴം – 1

ഉണക്കമുന്തിരി,കശുവണ്ടി–ആവശ്യത്തിന്

തയാറാക്കുന്ന വിധം

പാട നീക്കിയ ഒരു ഗ്ലാസ് പാല്‍ നന്നായി തിളപ്പിക്കാം. തീ ഒാഫ് ചെയ്തതിനു ശേഷം പാലിലേക്ക് 3 ടീസ്പൂൺ ഒാട്സ് ചേർത്തിട്ട് അടച്ചുവയ്ക്കാം. 3 മിനിറ്റിന് ശേഷം കുതിർന്ന ഒാട്സിലേക്ക് ഒരു സ്പൂൺ തേനും റോബസ്റ്റ പഴം ചെറുതായി അരിഞ്ഞതും ഉണക്കമുന്തിരിയും വേണമെങ്കിൽ കശുവണ്ടിയും ചേർത്ത് കൊടുക്കാം. വളരെ സിംപിളായി ഹെൽത്തി ബ്രേക്ക്ഫസ്റ്റ് തയാറാക്കാം. വയർ നിറഞ്ഞതായി തോന്നും. ശരീരഭാരം കുറയ്ക്കാനും ഇൗ വിഭവം സൂപ്പറാണ്.

ബ്രേക്ക്ഫസ്റ്റ് സ്മൂത്തി

ചേരുവകൾ

 

ഒാട്സ്– 3 ടേബിള്‍ സ്പൂൺ

പാൽ– 1 ഗ്ലാസ്

കശുവണ്ടി–4 എണ്ണം

ഇൗന്തപ്പഴം– 2 എണ്ണം

 റോബസ്റ്റ പഴം – 1

ചിയാ സീഡ്– ഒരു സ്പൂൺ

തയാറാക്കുന്ന വിധം

ഒരു ബൗളിൽ 3 ടേബിള്‍ സ്പൂൺ ഒാട്സ് എടുക്കാം അതിലേക്ക് മുക്കാൽ കപ്പോളം വെള്ളം ചേർത്ത് രാത്രിയിൽ ഫ്രിജിൽ വയ്ക്കാം. അതോടൊപ്പം 4 കശുവണ്ടിയും വെള്ളത്തിൽ കുതിരാൻ ഇടാം. രാവിലെ എടുക്കുമ്പോൾ വെള്ളത്തിൽ ഇട്ടുവച്ചിരുന്ന ഒാട്സ് നല്ല കട്ടിയുള്ള പരുവത്തിലായിരിക്കും. അതിലേക്ക് ഇത്തിരി വെള്ളം ചേർത്ത്  മിക്സിയുടെ ജാറിലേക്ക് പകർത്താം. ഒപ്പം കുരു നീക്കിയ 2 ഇൗന്തപ്പഴവും ഒരു റോബസ്റ്റ ചെറുതായി അരിഞ്ഞതും കുതിർത്ത കശുവണ്ടിയും ഒരു സ്പൂൺ ചിയാ സീഡും കാൽ കപ്പ് പാലും  ചേർത്ത് നന്നായി അടിച്ചെടുക്കാം. റോബസ്റ്റയ്ക്ക് പകരം ആപ്പിളോ മറ്റു പഴങ്ങളോ ചേർക്കാവുന്നതാണ്. ന്യൂട്രീഷ്യസായ ഇൗ രുചിയൂറും സ്മൂത്തി വളരെ എളുപ്പത്തിൽ തയാറാക്കാം. ഭാരം കുറയ്ക്കാനായി ഡയറ്റ് ചെയ്യുന്നവർക്കും തിരക്കുള്ളവർക്കും വേഗത്തിൽ ഇൗ സ്മൂത്തി തയാറാക്കാവുന്നതാണ്.

English Summary: quick breakfast recipes 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com