ADVERTISEMENT

പൂരിയും ഉരുളക്കിഴങ്ങ് കറിയും ഇഷ്ടമില്ലാത്തവരുണ്ടോ? ഇല്ല എന്ന് തന്നെയായിരിക്കും ഉത്തരം. എങ്കിലും എണ്ണയിലിട്ടു തയാറാക്കിയെടുക്കുന്നതു കൊണ്ടുതന്നെ കുറച്ചുപേരെങ്കിലും ഈ വിഭവം കഴിവതും ഒഴിവാക്കുന്ന പതിവുണ്ട്. കഴിക്കാൻ എല്ലാവർക്കും ഇഷ്ടമാണെങ്കിലും പൂരി ഉണ്ടാക്കിയെടുക്കുക എന്നത് കുറച്ചു ബുദ്ധിമുട്ടുള്ള കാര്യം തന്നെയാണ്. കുഴയ്ക്കുകയും പരത്തുകയുമൊക്കെ ചെയ്യേണ്ടത് കൊണ്ടുതന്നെ അവധി ദിവസങ്ങളിൽ മാത്രമുണ്ടാക്കുന്ന ഒന്നായിരിക്കാനാണ് എപ്പോഴും പൂരിയുടെ യോഗം. എന്നാലിനി കുഴയ്ക്കാതെ വളരെ എളുപ്പത്തിൽ, ഏറെ രുചികരമായ പൂരി തയാറാക്കിയെടുക്കാം. കഥയിൽ ചെറിയൊരു ട്വിസ്റ്റ് കൂടിയുണ്ട്. ബാക്കിവരുന്ന ചോറ് കൂടി ചേർത്താണ് പൂരി തയാറാക്കിയെടുക്കുന്നത്. ക്രിസ്പിയായി കിട്ടുമെന്ന്  മാത്രമല്ല, ഹോട്ടലുകളിൽ നിന്നും ലഭിക്കുന്നത് പോലെ നന്നായി പൊള്ളിവരുകയും ചെയ്യും. ദിയാൻസ് കണ്ണൂർ കിച്ചൻ എന്ന സമൂഹമാധ്യമ പേജിലാണ് രുചിയേറിയ പൂരി തയാറാക്കുന്നതെങ്ങനെ എന്ന് പങ്കുവച്ചിരിക്കുന്നത്.

 

ചേരുവകൾ 

 

തലേദിവസത്തെ ബാക്കിയായ ചോറ് - രണ്ടു കപ്പ് 

ഗോതമ്പ് പൊടി - ഒന്നര കപ്പ് 

റവ - മൂന്ന് ടേബിൾ സ്പൂൺ 

ഉപ്പ് - ആവശ്യത്തിന്  

തയാറാക്കുന്ന വിധം 

മുകളിൽ പറഞ്ഞ ചേരുവകളെല്ലാം തന്നെയും ഒരു ബൗളിലേയ്ക്കിട്ടു നല്ലതുപോലെ മിക്സ് ചെയ്യണം. ഒരുമിച്ചു ചേർത്ത ഈ കൂട്ട് മിക്സിയുടെ ജാറിൽ എണ്ണ പുരട്ടിയതിനുശേഷം ഇട്ടുകൊടുക്കാം. മുഴുവൻ പൊടിയും ഒരുമിച്ചു ഇട്ടുകൊടുക്കാതെ കുറേശ്ശെ ഇടാൻ ശ്രദ്ധിക്കണം. മാത്രമല്ല, ഒരുപാട് നേരം മിക്സി പ്രവർത്തിപ്പിക്കുകയും വേണ്ട. സാധാരണ ചെയ്യുന്നതിൽ നിന്നും വ്യത്യസ്തമായി എതിർവശത്തേയ്ക്ക് തിരിച്ചാണ് മിക്സി പ്രവർത്തിപ്പിക്കേണ്ടത്. ഇങ്ങനെ ചെയ്തെടുക്കുമ്പോൾ തന്നെ മാവ് നന്നായി കുഴഞ്ഞു വരുന്നതായി കാണാം. ഒരു തുള്ളി പോലും വെള്ളം ചേർക്കാതെയാണ് പൂരിയ്ക്കുള്ള മാവ് തയാറാക്കിയെടുക്കുന്നതു എന്നതാണ് എടുത്തുപറയേണ്ട സവിശേഷത. കുഴച്ച മാവ് ഒട്ടിപിടിക്കുന്നുണ്ടെങ്കിൽ ഒരു സ്പൂൺ ഗോതമ്പ് പൊടി ചേർക്കാം. കൂടുതൽ കട്ടിയായി തോന്നുകയാണെങ്കിൽ ഒരു സ്പൂൺ ചോറ് ചേർത്തുകൊടുത്താലും മതിയാകും. ഇനി കുറച്ചെടുത്ത് പൂരിയ്ക്ക് പരത്തിയെടുക്കുന്നത് പോലെ പരത്തി, എണ്ണയിലിട്ട് വറുത്തു കോരാം. റസ്റ്ററന്റിൽ നിന്നും കിട്ടുന്ന പോലെ നന്നായി പൊള്ളിയ പൂരി ഈ മാവ് കൊണ്ട് തയാറാക്കിയെടുക്കാം.

English Summary: Soft and Fluffy Puri Recipe

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com