ക്രിസ്പി മുറുക്ക് വീട്ടിൽ തന്നെ ഉണ്ടാക്കണോ? ഇനി ഇങ്ങനെ ചെയ്യൂ

Mail This Article
പണ്ട് കാലം മുതൽക്കേ എല്ലാവർക്കും ഏറെ പ്രിയപ്പെട്ട ഒരു പലഹാരമാണ് മുറുക്ക്. വൈകുന്നേരം ചായയ്ക്കൊപ്പമോ അല്ലെങ്കിൽ ചുമ്മായിരിക്കുമ്പോഴോ ഒക്കെ കറുമുറെ എന്ന് കടിച്ച് തിന്നാൻ ഇത്രയും രസമുള്ളൊരു പലഹാരം കാണില്ല. മുറുക്ക് പ്രേമികളുടെ വീട്ടിൽ മിക്കവാറും ഒന്നോ രണ്ടോ പായ്ക്കറ്റ് മുറുക്ക് എന്തായാലും ഉണ്ടാകും. എന്നാൽ കടയിൽ നിന്ന് വാങ്ങുന്നതിനേക്കാൾ രുചികരമായി നമുക്ക് മുറുക്ക് വീട്ടിൽ തന്നെ ഉണ്ടാക്കിയെടുക്കാവുന്നതാണ്. കേൾക്കുമ്പോൾ കുറച്ച് ബുദ്ധിമുട്ടുള്ള പണിയാണെന്ന് തോന്നുമെങ്കിലും വളരെ എളുപ്പത്തിൽ തന്നെ തയാറാക്കിയെടുക്കാവുന്ന ഒരു സ്നാക്കാണ് മുറുക്ക്. മുറുക്ക് ഉണ്ടാക്കുന്ന വിധത്തിനൊപ്പം ചില കാര്യങ്ങൾ കൂടി ശ്രദ്ധിച്ചാൽ നല്ല ക്രിസ്പി മുറുക്ക് നമുക്ക് ഉണ്ടാക്കിയെടുക്കാം.
എന്നാൽ ഈ പലഹാരം എങ്ങനെയാണ് ടേസ്റ്റിയായി ഉണ്ടാക്കുന്നത് എന്ന് നോക്കാം, അതിനായി അര കപ്പ് ഉഴുന്ന് ഒരു പാനിലേക്ക് ചേർക്കുക. എന്നിട്ട് നല്ല പോലെ വറുത്തെടുക്കുക. ഇനി ഫ്ളൈയിം ഓഫ് ചെയ്ത ശേഷം ഉഴുന്നിനെ ഒരു പാത്രത്തിലേക്ക് മാറ്റുക. എന്നിട്ട് നല്ല പോലെ പൊടിച്ചെടുക്കാം. ശേഷം ഒന്നര കപ്പ് അളവിൽ അരിപ്പൊടിയും, ആവശ്യത്തിന് ഉപ്പും, കുറച്ചു കറുത്ത എള്ളും, അൽപ്പം ജീരകം, അര ടീസ്പൂൺ കായപ്പൊടി, ചെറിയ പീസ് ബട്ടർ ഇത്രയും ഒരു പാത്രത്തിലേക്ക് ചേർക്കുക. ഇനി ഇതെല്ലാം കൂടി കൈ കൊണ്ട് നല്ല പോലെ മിക്‌സാക്കിയ ശേഷം കുറെശേയായി വെള്ളം ചേർത്ത് മാവിനെ നല്ല സോഫ്റ്റായി കുഴച്ചെടുക്കുക. ശേഷം ഒരു സേവനാഴി എടുത്ത് മാവിനെ അതിലേക്ക് ഇറക്കി വയ്ക്കണം.ഇനി ചീനചട്ടി ചൂടാക്കി എണ്ണയൊഴിക്കാം. എണ്ണ നല്ലതുപോലെ ചൂടായി വരുമ്പോൾ മാവ് അതിലേയ്ക്ക് ചുറ്റിച്ച് മുറുക്കിന്റെ ആകൃതിയിൽ ഒഴിക്കുക. പാകത്തിന് മൊരിഞ്ഞു കഴിഞ്ഞാൽ മുറുക്ക് എണ്ണയിൽ നിന്നും കോരി ഉപയോഗിക്കാം.
ഇനി മുറുക്ക് കൂടുതൽ ക്രിസ്പിയും ടേയ്സ്റ്റിയുമാകാൻ എന്തൊക്കെ കാര്യങ്ങൾ ശ്രദ്ധിക്കണം എന്നുകൂടി നോക്കാം.
ചേരുവകളുടെ ഗുണമേന്മ
വീട്ടിലുണ്ടാക്കുന്ന മുറുക്കിനായി, നിങ്ങൾ ഉപയോഗിക്കുന്ന ചേരുവകളുടെ ഗുണനിലവാരം ശ്രദ്ധിച്ചിരിക്കണം. ഇതുണ്ടാക്കാൻ ആവശ്യമായ പ്രധാന ചേരുവകൾ അരിപ്പൊടിയും ഉഴുന്ന് പരിപ്പുമാണ്. അവ എത്രത്തോളം പുതുമയുള്ളതാണോ അത്രത്തോളം നിങ്ങളുടെ മുറുക്കിന്ന് രുചിയേറും. പഴയതോ നിലവാരം കുറഞ്ഞതോ ആയ ചേരുവകൾ ഉപയോഗിക്കുന്നത് മൊത്തത്തിലുള്ള രുചിയെ സാരമായി ബാധിക്കും.
കുഴക്കലിലാണ് കാര്യം
എല്ലാ ചേരുവകളും തയാറാക്കിക്കഴിഞ്ഞാൽ, അടുത്ത ഘട്ടം അത് ശരിയായി കുഴച്ചെടുക്കുക എന്നതാണ്. അതിനായി ചേരുവകളുടെ ശരിയായ അളവും ചൂടുവെള്ളവും ഉപയോഗിക്കുക. കുഴക്കുന്ന സമയം മാവ് അധികം കട്ടിയാകാതെ നോക്കണം. മുറുക്ക് പ്രസ്സിൽ അമർത്തുമ്പോൾ അതിന്റെ ആകൃതി നിലനിർത്താൻ മാത്രമുളള മാർദവം മതിയാകും മാവിന്.
ചൂട് പാകത്തിന്
മുറുക്ക് വറുക്കുന്ന തീജ്വാലയ്ക്ക് അവ എങ്ങനെ മാറുമെന്നതിൽ വലിയ പങ്കുണ്ട്. കൂടുതലാണെങ്കിൽ എണ്ണ പെട്ടെന്ന് ചൂടാകുകയും മുറുക്ക് പുറമേ മാത്രം വേവുകയും ചെയ്യും. അകവും പുറവും ഒരുപോലെ വേവണമെങ്കിൽ തീ മീഡിയം ഫ്ലേമിൽ ഇട്ട് വേണം പാകം ചെയ്യാൻ.
അധിക എണ്ണ കളഞ്ഞ് ഉപയോഗിക്കാം
എല്ലാം കഴിഞ്ഞ് പാകമായ മുറുക്ക് എണ്ണയിൽ നിന്നും കോരി ഒരു ടിഷ്യൂ പേപ്പറിൽ വച്ച് അധിക എണ്ണ കളഞ്ഞതിനുശേഷം മാത്രം ഉപയോഗിക്കാൻ ശ്രമിക്കുക. അങ്ങനെ എണ്ണ കളഞ്ഞാൽ മുറുക്ക് നല്ല് ക്രിസ്പിയാവുകയും കൂടുതല് നാൾ അതേ രീതിയിൽ ഇരിക്കുകയും ചെയ്യും.
English Summary: instant murukku recipe