ADVERTISEMENT

വിവിധ മതങ്ങൾ, സംസ്കാരങ്ങൾ, വസ്ത്രധാരണ രീതി എന്ന് തുടങ്ങി എന്തിലും വ്യത്യസ്തത പുലർത്തുന്നവരാണ് ഭാരതത്തിൽ അങ്ങോളമിങ്ങോളമുള്ള ജനത. തയാറാക്കുന്ന ഭക്ഷ്യ വിഭവങ്ങളുടെ കാര്യത്തിലും ഈ വ്യത്യസ്തത കാണുവാൻ സാധിക്കും. ഇഡ്‌ഡലിയും ദോശയും കഴിക്കുന്ന ദക്ഷിണേന്ത്യയും റൊട്ടിയും നാനും മുഖ്യ ഭക്ഷണമായ വടക്കേ ഇന്ത്യയും. എന്നാൽ ഈ വിഭവങ്ങളെയെല്ലാം ഒരൊറ്റ കുടക്കീഴിൽ ഒരുമിച്ചു കാണണമെങ്കിലോ ചില തട്ടുകടകളിൽ എത്തിയാൽ മതിയാകും. അത്തരത്തിൽ വടക്കേ ഇന്ത്യയേയും തെക്കേ ഇന്ത്യയെയും ഒരുമിപ്പിച്ച ഒരു വിഭവം കണ്ടു അന്തംവിട്ടിരിക്കുകയാണ് സോഷ്യൽ ലോകം. വിചിത്രമായ ഭക്ഷണ പരീക്ഷണങ്ങൾ നടത്തുന്ന തട്ടുകട തന്നെയാണ് ഇഡ്‌ഡലി കീമ എന്ന പുതിയ വിഭവത്തിനു പുറകിലും. എങ്ങനെയാണ് ഇത് തയാറാക്കുന്നതെന്നുള്ള വിഡിയോ പങ്കുവച്ചിരിക്കുകയാണ് ദി ഗ്രേറ്റ് ഇന്ത്യൻ ഫുഡി എന്ന ഇൻസ്റ്റഗ്രാം പേജ്. 

വിഡിയോ ആരംഭിക്കുമ്പോൾ കച്ചവടക്കാരൻ ആറ് ഇഡ്‌ഡലികൾ ഒരു ചൂടായ തവയിലേക്കു വച്ച് ബട്ടറും കൂടെ മസാലപ്പൊടികളും ചേർക്കുന്നു. ചെറുതായി അരിഞ്ഞ സവാളയും കീമയും ചേർത്തതിനു ശേഷം പച്ചമുളകും മസാലകളും ചേർത്ത് അല്പസമയം അടച്ചുവച്ച് വേവിക്കുന്നു. തുടർന്ന് തയാറാക്കിയ മസാലക്കൂട്ടിന്റെ മുകളിൽ നിന്നുമുള്ള അടപ്പ് മാറ്റിയതിനു ശേഷം ഇഡ്‌ഡലിയെ ഈ കീമ മിക്സുമായി ചേർത്തിളക്കുന്നു. ചെറുകഷ്ണങ്ങളാക്കി ആദ്യം ഇഡ്‌ഡലിയെ മുറിക്കുകയും പിന്നീട് നന്നായി പൊടിക്കുകയും ചെയ്യുന്നു. പുഴുങ്ങി പൊടിച്ച ഉരുളക്കിഴങ്ങും കൂടി ഇതിനൊപ്പം ചേർക്കുന്നതോടെ ഇഡ്‌ഡലി കീമ തയാറായി കഴിഞ്ഞു. പാത്രത്തിലേക്ക് മാറ്റി ആവശ്യക്കാരനു നൽകുന്നതും വിഡിയോയിൽ കാണാവുന്നതാണ്. ചട്നികളും സാമ്പാറും ഇതിനൊപ്പം കൂട്ടികഴിക്കുന്നതിനായി നൽകുന്നുണ്ട്. 

സമൂഹ മാധ്യമങ്ങളിൽ വിഡിയോ തരംഗമായതോടെ ധാരാളം പേരാണ് പുതുവിഭവത്തെ വിമർശിച്ചു  കൊണ്ട് രംഗത്തു വന്നിരിക്കുന്നത്. ആരോഗ്യകരമായ ഒരു വിഭവത്തെ എങ്ങനെ അനാരോഗ്യകരമാക്കാമെന്നു തെളിയിച്ചിരിക്കുന്നു എന്നൊരാൾ എഴുതിയപ്പോൾ ഇത് കാണുമ്പോൾ എന്റെ വയറുവേദനിക്കുന്നു  എന്നാണ് മറ്റൊരു കമെന്റ്. പണം നല്‍കി രോഗംവാങ്ങുന്നു എന്നും ദൈവമേ നന്ദി, ചീസും മയോണൈസും കൂടി ഇതിൽ ചേർക്കാതിരുന്നതെന്നു പരിഹസിച്ചു കൊണ്ടുള്ള മറ്റൊരു കമെന്റും വിഡിയോയുടെ താഴെ കാണാവുന്നതാണ്. 

English Summary:

Food News, Viral Idli Keema Recipe

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com