ADVERTISEMENT

ശരീരത്തിനും എല്ലുകൾക്കും തലച്ചോറിനും വളരെ പ്രയോജനകരമായ ഒരു മത്സ്യമാണ് ട്യൂണ (Tuna) അഥവാ ചൂര. അയലയുടെ അടുത്ത ബന്ധുവായ ഈ മത്സ്യത്തില്‍, ധാരാളമായി പ്രോട്ടീന്‍ അടങ്ങിയിട്ടുണ്ട്.  കൊളസ്ട്രോൾ കുറയ്ക്കാനും തലച്ചോറിന്‍റെ പ്രവർത്തനം വർദ്ധിപ്പിക്കാനും കണ്ണുകളുടെ ആരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കുന്ന ഒമേഗ 3 ഫാറ്റി ആസിഡുകളുടെ കലവറയാണ് ഈ മത്സ്യം. കൂടാതെ ചുവന്ന രക്താണുക്കളുടെ നിര്‍മാണത്തിന്‌ ശരീരത്തെ സഹായിക്കുന്ന വിറ്റാമിൻ ബി 12 ചൂരയില്‍ ധാരാളമായി അടങ്ങിയിരിക്കുന്നു.

ചൂരമീന്‍ കറി വച്ചും ഫ്രൈ ചെയ്തും ഗ്രില്‍ ചെയ്തും സാലഡ്, സാൻഡ്‌വിച്ച് മുതലായവ ഉണ്ടാക്കാനുമെല്ലാം ഉപയോഗിക്കാം. അല്‍പ്പം വെറൈറ്റി ആഗ്രഹിക്കുന്നവര്‍ക്ക് പരീക്ഷിക്കാവുന്ന ഒരു വിഭവമാണ് ചൂരമീന്‍ അച്ചാര്‍. ജഗ്ഗുസ് കഫേ എന്ന ഇന്‍സ്റ്റഗ്രാം ചാനലിലാണ് ഇതിന്‍റെ റെസിപ്പി പങ്കുവച്ചിരിക്കുന്നത് 

ചൂരമീന്‍ അച്ചാര്‍
ആദ്യം തന്നെ മീന്‍ തയാറാക്കാം. ഇതിനായി വേണ്ട സാധനങ്ങള്‍ 

ചൂര മീന്‍ - 1 കിലോ (ചെറുതായി അരിഞ്ഞത്)
ഉപ്പ് - 1.2 ടീസ്പൂൺ
മഞ്ഞൾപൊടി - 1/2 ടീസ്പൂൺ
മുളകുപൊടി - 1 ടേബിൾസ്പൂൺ
കശ്മീരി മുളകുപൊടി - 1 ടേബിൾസ്പൂൺ
ഉലുവപ്പൊടി - 1 ടേബിൾസ്പൂൺ / 2 ടീസ്പൂൺ

ഈ മസാലകള്‍ ചേര്‍ത്ത് മീനില്‍ നന്നായി പിടിപ്പിക്കുക. അര മണിക്കൂര്‍ വരെ മാരിനേറ്റ് ചെയ്ത് വയ്ക്കുക. അതിനു ശേഷം, ഒരു ചീനച്ചട്ടിയില്‍ എണ്ണ ഒഴിച്ച്, മീന്‍ ചെറിയ ബാച്ചുകളായി ഫ്രൈ ചെയ്യുക. സാധാരണ മീന്‍ വറുക്കുന്നതിനേക്കാള്‍ അല്‍പ്പം കൂടി മൂപ്പ് വേണം, എന്നാലേ കൂടുതല്‍ കാലം കേടാകാതെ നിലനില്‍ക്കൂ.

അച്ചാർ തയ്യാറാക്കുന്നതിന്
മഞ്ഞൾപ്പൊടി - 1/2 ടീസ്പൂൺ
കശ്മീരി മുളകുപൊടി - 1 ടേബിൾസ്പൂൺ
മുളകുപൊടി - 1 ടേബിൾസ്പൂൺ
ഉലുവപ്പൊടി - 1/2 ടീസ്പൂൺ
വെള്ളം - ആവശ്യത്തിന്

ഈ ചേരുവകള്‍ എല്ലാംകൂടി നന്നായി യോജിപ്പിച്ച് ഒരു മസാല പേസ്റ്റ് തയ്യാറാക്കുക. 

മീൻ വറുക്കാൻ ഉപയോഗിച്ച അതേ എണ്ണ - 6 ടേബിൾസ്പൂൺ
ഇഞ്ചി നീളത്തില്‍ അരിഞ്ഞത് - 2 ഇഞ്ച് കഷണം
വെളുത്തുള്ളി - 30 
കടുക് - 1 ടീസ്പൂൺ
ഉണക്കിയ ചുവന്ന മുളക് - 5
കറിവേപ്പില - 1 തണ്ട്
കായം - 3/4 ടീസ്പൂൺ 
തിളപ്പിച്ച വെള്ളം - 3/4 കപ്പ്
കുരുമുളക് - 1 ടേബിൾസ്പൂൺ
അച്ചാറിട്ട കാന്താരിമുളക് - 1 ടേബിൾസ്പൂൺ

ചീനച്ചട്ടിയില്‍ എണ്ണ ഒഴിച്ച് കടുക് പൊട്ടിക്കുക. ഉണക്കമുളക്, കറിവേപ്പില എന്നിവയും, പിന്നീട് ഇഞ്ചിയും വെളുത്തുള്ളിയും ചേര്‍ത്ത്  സ്വർണ്ണ നിറമാകുന്നതു വരെ വഴറ്റുക. എണ്ണയിൽ കായം ചേർത്ത് മറ്റൊരു 30 സെക്കൻഡ് കൂടി വഴറ്റുക. ഇതിലേക്ക് നേരത്തെ തയ്യാറാക്കിയ മസാല പേസ്റ്റ് ചേര്‍ത്ത്, എണ്ണ തെളിയും വരെ ഏകദേശം 2-3 മിനിറ്റ് വേവിക്കുക. അതിനുശേഷം, ഇതിലേക്ക് വെള്ളവും വിനാഗിരിയും ഉപ്പും ചേർക്കുക. ഇത് തിളച്ചുകഴിഞ്ഞാൽ കുരുമുളകും അച്ചാറിട്ട മുളകും ചേർത്ത് നേരത്തെ വറുത്തു വെച്ച മീന്‍ കൂടി ഇതിലേക്ക് ഇടുക. എല്ലാം കൂടി നന്നായി യോജിപ്പിച്ച് 3 മുതൽ 4 മിനിറ്റ് വരെ വേവിക്കുക. തണുത്ത ശേഷം, വായു കടക്കാത്ത ഗ്ലാസ് പാത്രത്തിൽ സൂക്ഷിക്കാം.

English Summary:

Food News, Kerala fish pickle recipe

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT