അമിതഭാരവും കുടവയറും കുറയ്ക്കാൻ ഈ പാനീയം മതി; എളുപ്പത്തിൽ തയാറാക്കാം
Mail This Article
നമ്മുടെ കറികളിൽ സ്ഥിരം സാന്നിധ്യമായ മല്ലിയ്ക്കു നിരവധി ഔഷധഗുണങ്ങളുണ്ട്. മല്ലിയ്ക്കൊപ്പം ജീരകം കൂടി ചേരുമ്പോൾ ഗുണങ്ങൾ ഇരട്ടിക്കുമെന്ന കാര്യത്തിൽ ആർക്കും തർക്കമുണ്ടാകുകയില്ല. ദഹനത്തെ സഹായിക്കാനും വയറു കമ്പനം പോലുള്ളവയിൽ നിന്നും ആശ്വാസം ലഭിക്കാനും മെറ്റബോളിസം വർധിപ്പിക്കാനും എന്നുവേണ്ട നിരവധി കാര്യങ്ങൾക്കു ഇവ ഒരുമിച്ചു ചേർന്നാൽ പരിഹാരമാകും. ആന്റി ഓക്സിഡന്റുകളും ആന്റി ഇൻഫ്ളമേറ്ററി ഘടകങ്ങളും ധാരാളമടങ്ങിയിരിക്കുന്നതു കൊണ്ടുതന്നെ ശരീരത്തിന്റെ പ്രതിരോധശേഷി വർധിപ്പിക്കാനും ഈ പാനീയം സഹായിക്കും. ദിവസവും ഈ വെള്ളം കുടിക്കുന്നത് അമിത ഭാരം കുറയ്ക്കുന്നു എന്നുമാത്രമല്ല, കുടവയർ കുറയ്ക്കാൻ സഹായിക്കുകയും ചെയ്യും.
എങ്ങനെ ഈ പാനീയം തയാറാക്കാമെന്നു നോക്കാം
ആവശ്യമുള്ള ചേരുവകൾ
മല്ലി - ഒരു ടേബിൾ സ്പൂൺ
ജീരകം - ഒരു ടേബിൾ സ്പൂൺ
വെള്ളം - നാല് കപ്പ്
ചെറുനാരങ്ങ - ആവശ്യമെങ്കിൽ
തേൻ - മധുരത്തിന്
തയാറാക്കുന്ന വിധം
മല്ലിയും ജീരകവും നല്ലതുപോലെ കഴുകി അഴുക്കുകൾ നീക്കം ചെയ്യാം. ഒരു പാത്രത്തിൽ നാല് കപ്പ് വെള്ളമെടുത്ത് തിളപ്പിക്കണം. വെള്ളം തിളച്ച ഉടൻ തന്നെ മല്ലിയും ജീരകവുമിട്ടു കൊടുക്കാവുന്നതാണ്. ഇനി തീ കുറയ്ക്കാം. പത്തു മുതൽ പതിനഞ്ചു മിനിട്ടു വരെ ഈ വെള്ളം ചെറുതീയിൽ തന്നെ വെയ്ക്കണം. ജീരകത്തിന്റെയും മല്ലിയുടെയും പോഷകങ്ങളും ഗന്ധവും പൂർണമായും വെള്ളത്തിലേക്ക് ഇറങ്ങുന്നതിനാണ് ഇപ്രകാരം ചെയ്യുന്നത്. ഇനി അടുപ്പിൽ നിന്നും മാറ്റി ചൂടാറിയതിനു ശേഷം ആവശ്യമെങ്കിൽ കുറച്ചു ചെറുനാരങ്ങ നീരും മധുരത്തിനായി തേനും കൂടെ ചേർത്ത് കുടിക്കാവുന്നതാണ്. ഇത്തരത്തിൽ അല്ലാതെ ഒരു രാത്രി മുഴുവൻ മല്ലിയും ജീരകവും കുതിർത്തു വെച്ചതിനു ശേഷം കാലത്ത് തിളപ്പിച്ചും കുടിക്കാം. രാവിലെ വെറും വയറ്റിൽ കുടിക്കുന്നത് മികച്ച ഫലം നൽകും.
ഗുണങ്ങൾ ഏറെയുണ്ട്
മല്ലിയും ജീരകവും ചേർന്ന വെള്ളത്തിന് നിരവധി ഗുണങ്ങളുണ്ട്. അമിത വിശപ്പിനെ നിയന്ത്രിക്കാനും ദഹനം മെച്ചപ്പെടുത്താനും വയറിൽ അടിഞ്ഞു കൂടിയിരിക്കുന്ന കൊഴുപ്പിനെ നീക്കം ചെയ്യാനുമെല്ലാമിതു സഹായിക്കും. ജീരകത്തിലും മല്ലിയിലുമുള്ള ഡീടോക്സിഫൈയിങ് ഘടകങ്ങൾ ശരീരത്തിലെ വിഷാംശങ്ങളെ പുറന്തള്ളും. കരളിന്റെ പ്രവർത്തനങ്ങളെ പിന്തുണക്കുന്നതിനൊപ്പം മെറ്റബോളിസം വർധിപ്പിക്കുകയും ചെയ്യുന്നു. ശരീരത്തിലെ ജലാംശം നിലനിർത്തുന്നതിനും ഈ വെള്ളം കുടിച്ചാൽ മതിയാകും.