ADVERTISEMENT

തടി വയ്ക്കുന്നു, കൃത്യമായി എത്ര ഡയറ്റ് നോക്കിയിട്ടും ശരീരത്തിന് യാതൊരു മാറ്റവുമില്ല, എന്താ ഇങ്ങനെ, ഇതൊക്കെയാണ് വണ്ണം കുറയ്ക്കാൻ ഡയറ്റ് നോക്കുന്ന മിക്കവരുടെയും പരാതി. എന്തൊക്കെ നോക്കിയാലും ചുരുങ്ങിയ ദിവസം കൊണ്ട് ശരീരത്തിന് മാറ്റം വരണമെന്നില്ല, കൃത്യമായ ഭക്ഷണക്രമീകരണത്തിനൊപ്പം വ്യായാമവും വേണം. എങ്കിൽ മാത്രമേ ഹെല്‍ത്തിയായി വണ്ണം കുറയ്ക്കാൻ സാധിക്കുകയുള്ളൂ. മെലിയാൻ ആഗ്രഹമുള്ളവർക്കായി ഒരു കിടിലൻ റെസിപ്പി.

സ്മൂത്തിയും ഓട്സും റെസിപ്പിയുംമൊക്കെ കഴിച്ചു മടുത്തെങ്കിൽ  ഇനി ഈ ജപ്പാൻ സ്റ്റൈൽ അടിപൊളി സാലഡ് കഴിക്കാം. തടി കുറയ്ക്കാൻ സൂപ്പറാണ്, എങ്ങനെ തയാറാക്കുമെന്ന് നോക്കാം. കുറഞ്ഞ സമയം കൊണ്ട് ഹെല്‍ത്തിയായ വിഭവം തയാറാക്കാം.

പാലക് കൊണ്ടുള്ള സാലഡാണ്. പാനിൽ വെള്ളം ചേര്‍ത്ത് നന്നായി ചൂടാക്കാം, അതിലേക്ക് നുള്ള് ഉപ്പും പഞ്ചസാരയും ചേർത്ത് പാലക് ഒന്നു വാട്ടിയെടുക്കാം. പാലക്കിന്റെ നിറം മാറാതെയിരിക്കുവാനാണ് നുള്ള് പഞ്ചസാര ചേർക്കുന്നത്. വേവിച്ചെടുത്ത ചീര തണുത്തതിനു ശേഷം ചെറുതായി അരിഞ്ഞെടുക്കാം. ശേഷം വെളുത്ത എള്ളും സോയസോസും ചേർത്ത് നന്നായി ചതച്ചെടുത്ത് അരി‍ഞ്ഞുവച്ച ചീരയിലേക്ക് ചേർത്ത് നന്നായി മിക്സ് ചെയ്യാം.

salad-palak

നുള്ള് പഞ്ചസാരയും ചേർക്കാം. ഇതാണ് അസ്സൽ ജാപ്പനീസ് സ്റ്റൈൽ സാലഡ്. ഇത് രുചിച്ചാൽ പാലക് തോരൻ വച്ചപോലെ തോന്നും. ഇത് നമുക്ക് കഴിക്കാൻ പ്രയാസമാണെങ്കിൽ നമ്മുടേതായ സ്റ്റൈലിൽ ഈ സാലഡിനെ മാറ്റിയെടുക്കാവുന്നതാണ്. വേണമെങ്കിൽ നിലക്കടല ചതച്ചത് ചേർത്താലും അടിപൊളി രുചിയാണ്. കൂടാതെ ഇതിലേക്ക് തക്കാളിയും കാരറ്റുമൊക്കെ ചേർ‌ത്ത് സാലഡ് ആക്കാവുന്നതാണ്. ആ സിംപിൾ സാലഡ് ഡയറ്റ് നോക്കുന്നവർക്കും പരീക്ഷിക്കാവുന്നതാണ്.

ചീര വാടാതെ വയ്ക്കാം

പച്ചചീരയും ചുവന്ന ചീരയുമൊക്കെയുണ്ട് കൂടാതെ പാലക്കും. ആരോഗ്യത്തിന് ഉത്തമമാണ് പച്ചിലക്കറികൾ. മാർക്കറ്റുകളിൽ നിന്ന് ചീര വാങ്ങുമ്പോൾ ഒരു വലിയ കെട്ടായാണ് കിട്ടുന്നത്. അന്നേ ദിവസത്തേയ്ക്കു പാകം ചെയ്യാൻ എടുത്തു കഴിഞ്ഞാലും ചീര മിച്ചം വരാറുണ്ട്. ഇലകളും തണ്ടും വേഗം വാടിപോകുന്നതിനാൽ കുറെയധികം ദിവസം ചീര ഉപയോഗിക്കാൻ പറ്റില്ല. ഫ്രിജിൽ വച്ചാലും അതിന്റെ ഫ്രെഷ്നസ്സ് നഷ്ടപ്പെടാറുണ്ട്. ഇനി എങ്ങനെ ചീര വാടാതെ സൂക്ഷിക്കാം എന്നല്ലേ. ചില ട്രിക്കുകള്‍ പരീക്ഷിച്ചാൽ ഒരാഴ്ച വരെ ചീര വാടാതെ നല്ല ഫ്രെഷായി വയ്ക്കാം. 

ചീരയിലെ വെള്ളമയം പെട്ടെന്ന് ചീര അഴുകാൻ കാരണമാകും. തണ്ടിൽ നിന്നും ഇലകൾ മാത്രം അടർത്തിയെടുത്ത് നന്നായി കഴുകിയതിനു ശേഷം ടിഷ്യൂ പേപ്പർ കൊണ്ട് ഒപ്പിയെടുക്കാം. വെള്ളത്തിന്റെ അംശം ഇല്ലെന്ന് ഉറപ്പുവരുത്തണം. ഉണങ്ങിയ തുണിയിൽ പൊതിഞ്ഞെടുത്താലും വെള്ളം മാറ്റിയെടുക്കാം. പേപ്പർ ടൗവൽ കൊണ്ടോ ടിഷ്യൂവിലോ പൊതിഞ്ഞെടുത്ത ചീര നല്ല മുറുക്കമുള്ള കണ്ടെയ്നറുകളിൽ അടച്ച് ഫ്രിജിലെ ഡ്രോയറിൽ ഏകദേശം 10 ദിവസം വരെ സൂക്ഷിക്കാം.

∙ ചീര ഇല അമർത്തി ജലാംശം കളഞ്ഞെടുക്കണം. കണ്ടെയ്നർ എടുത്ത് അതിൽ ആദ്യം ഒരു ടിഷ്യൂ പേപ്പർ വിരിച്ച് അതിനുമുകളിൽ ചീര ഇലകൾ വയ്ക്കാം. അതിനുമുകളിൽ മറ്റൊരു ടിഷ്യൂ വച്ച് അതിനുമുകളിലും ചീരഇലകൾ വയ്ക്കാം. ശേഷം പുതിയൊരു ടീഷ്യൂ വച്ച് മറച്ച്കൊണ്ട് പാത്രത്തിന്റെ അടപ്പ് മുറുക്കി അടച്ച് ഫ്രിജിൽ സൂക്ഷിക്കാം. കൂടാതെ ചീര ഫ്രിജിൽ വയ്ക്കുമ്പോൾ എഥിലീൻ ഉൽപ്പാദിപ്പിക്കുന്ന പഴങ്ങൾ വാഴപ്പഴം, ആപ്പിൾ എന്നിവ അടുത്ത് സൂക്ഷിക്കുന്നില്ലെന്ന് ഉറപ്പാക്കുക. എഥിലീൻ വാതകം കാരണം ചീര കൂടുതൽ വേഗത്തിൽ ചീത്തയാക്കും.

∙ചീര ഫ്രീസ് ചെയ്യാം

തീർച്ചയായും ചീര ഫ്രീസ് ചെയ്യാം. ചീര ഒരാഴ്‌ചയിലേക്കോ അതിൽ കൂടുതലോ സൂക്ഷിക്കണമെങ്കിൽ അത് സംഭരിക്കുന്നതിനുള്ള ഏറ്റവും നല്ല മാർഗമാണ് ഫ്രീസിങ്. മിക്കവരും ഇന്ന് ചീര സ്മൂത്തിയിൽ മറ്റും ചേർക്കാറുണ്ട്. പാലക്ക് അടക്കം മിക്ക ഇലവർഗങ്ങളും സ്മൂത്തിയിൽ ഉപയോഗിക്കാറുണ്ട്. ശീതീകരിച്ച പച്ചിലകൾ സ്മൂത്തികൾക്ക് മികച്ചതാണ്. ചീരയിലകൾ കഴുകി വൃത്തിയാക്കിയതിനു ശേഷം മുഴുവൻ ചീര ഇലകളും ഫ്രീസർ ബാഗുകളിൽ വയ്ക്കുക. മുറുകെ അടയ്ക്കുന്നതിന് മുമ്പ് അധിക വായു നീക്കം ചെയ്യുന്നത് ഉറപ്പാക്കണം. ഒരു വർഷം വരെ അവ ഫ്രീസറിൽ സൂക്ഷിക്കാം.

English Summary:

Japanese Weight Loss Salad

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com