ഇങ്ങനെയും ദോശയോ? കണ്ണ്തള്ളി ഭക്ഷണപ്രേമികൾ!

Mail This Article
പറമ്പിലെ വാഴക്കുല വെട്ടുമ്പോള്‍, വാഴപ്പിണ്ടി കൊണ്ടൊരു മെഴുക്കുപുരട്ടി കൂടെ ഉണ്ടാക്കുക എന്നത് പണ്ടത്തെ വീടുകളിലെ ശീലമായിരുന്നു. വളരെ രുചികരമാണെന്ന് മാത്രമല്ല, ഒട്ടേറെ ഗുണങ്ങളും ഇതിനുണ്ട്. ഇന്ന് സൂപ്പര്‍മാര്‍ക്കറ്റുകളിലും മറ്റും ഒരു അപൂര്‍വ ഇനമായി വാഴപ്പിണ്ടി വരുന്നുണ്ട്.
തോരനും മെഴുക്കുപുരട്ടിയും ഉണ്ടാക്കുന്നതിനു പകരം, ഇക്കുറി ഇതുകൊണ്ട് ഒരു ദോശ ഉണ്ടാക്കിയാലോ?
വാഴപ്പിണ്ടി ദോശ
ചേരുവകൾ:
2 കപ്പ് ദോശയ്ക്കുള്ള അരി
1/4 കപ്പ് ചെറുപയര്‍ പരിപ്പ്
1 കപ്പ് അരിഞ്ഞ വാഴപ്പിണ്ടി
1/2 കപ്പ് പുതിയ തേങ്ങ
1/2 കപ്പ് തൈര്
ഉപ്പ്
ഉണ്ടാക്കുന്ന രീതി:
1. അരിയും ചെറുപയര്‍ പരിപ്പും ഏകദേശം 3 മണിക്കൂർ കുതിര്‍ക്കുക.
2. കുതിര്‍ത്ത അരിയും ചെറുപയര്‍ പരിപ്പും തേങ്ങ, അരിഞ്ഞ വാഴപ്പിണ്ടി എന്നിവയ്ക്കൊപ്പം ചേര്‍ത്ത് അടിച്ചെടുക്കുക. വാഴപ്പിണ്ടിയുടെ നാരുകളും പുറംതൊലിയും നീക്കം ചെയ്തിട്ട് വേണം എടുക്കാന്‍. അധികം മൂക്കാത്ത വാഴപ്പിണ്ടി ആണെങ്കില്‍ നാരുകള്‍ കുറവായിരിക്കും.
3. ഇതിലേക്ക് തൈരും ഉപ്പും ചേർക്കുക. ഏകദേശം പത്ത് മിനിറ്റ് ഇങ്ങനെ വയ്ക്കുക.
4. ശേഷം, ചൂടുള്ള ദോശ തവയിൽ, കുറച്ച് എണ്ണ ഒഴിച്ച് അതിലേക്ക് ദോശ മാവ് ഒഴിച്ച് ദോശ ഉണ്ടാക്കാം.
വാഴപ്പിണ്ടിയ്ക്ക് ഇത്രയും ഗുണങ്ങളോ?
തെങ്ങ് പോലെ തന്നെ, വാഴയുടെ ഒട്ടുമിക്ക ഭാഗങ്ങളും പോഷകസമ്പുഷ്ടവും ആരോഗ്യ ഗുണങ്ങൾ നിറഞ്ഞതുമാണ്. വാഴപ്പഴം പൊട്ടാസ്യത്തിന്‍റെയും ജീവകങ്ങളുടെയും കലവറയാണ്. പച്ചക്കായയും പോഷകങ്ങളാല്‍ സമ്പന്നമാണ്. വാഴച്ചുണ്ട് ആകട്ടെ പ്രമേഹരോഗികൾക്ക് മികച്ച ഭക്ഷണമാണ്. ഇതേപോലെയുള്ള ഗുണങ്ങള്‍ വാഴപ്പിണ്ടിക്കുമുണ്ട്.
നാരുകളുടെ കലവറയായ വാഴപ്പിണ്ടി കഴിക്കുന്നത് വയറ് ശുചിയാകാനും മലബന്ധം അകറ്റുന്നതിനും ഉത്തമമാണ്. വാഴപ്പിണ്ടി ജ്യൂസ് കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാനും അതുവഴി പ്രമേഹം നിയന്ത്രിക്കാനും സാധിക്കും. അസിഡിറ്റി കാരണം വിഷമിക്കുന്നവരും അൾസർ ഉള്ളവരും രാവിലെ വെറുംവയറ്റിൽ ഒരുകപ്പ് വാഴപ്പിണ്ടി ജ്യൂസ് കുടിയ്ക്കുന്നത് വളരെ ഗുണകരമാണ്. ശരീരത്തിലെ ചീത്ത കൊളസ്‌ട്രോൾ കുറയ്ക്കാനും വാഴപ്പിണ്ടിയ്ക്ക് കഴിവുണ്ട് എന്ന് തെളിഞ്ഞിട്ടുണ്ട്.
രക്തസമ്മർദം കുറയ്ക്കാനും ഇതുവഴി ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും വാഴപ്പിണ്ടി സഹായിക്കും. കിഡ്‌നിയിൽ അടിഞ്ഞുകൂടുന്ന കാത്സ്യം നീക്കാനും വാഴപ്പിണ്ടി ഉത്തമമാണ്. അതുവഴി വൃക്കയിൽ കല്ല് ഉണ്ടാകുന്നതിനെ തടയുന്നു. മൂത്രനാളിയിലെ അണുബാധയ്ക്ക് ശമനം നല്‍കാനും വാഴപ്പിണ്ടി ജൂസ് സഹായിക്കും.