ഇളനീര്‍ വൈനുമായി മലയാളി; ഇങ്ങനെയൊന്ന് ഇന്ത്യയില്‍ ഇതാദ്യം

Mail This Article
വെയിലത്ത് ക്ഷീണിച്ച് വിയര്‍ത്തൊലിച്ച് കയറി വരുമ്പോള്‍ നല്ല തണുത്ത ഒരു ഇളനീര്‍ കുടിക്കുന്ന സുഖം മറ്റൊന്നിനുമില്ല. ഇളനീര്‍ കൊണ്ട് ജൂസും ഷെയ്ക്കും ഐസ്ക്രീമുമെല്ലാമുണ്ട്. ഇനി ഇളനീര്‍ കൊണ്ടുള്ള അടിപൊളി വൈനും കിട്ടും. മുന്തിരി വൈന്‍ പോലെ ഇളനീര്‍ വൈനും ഇനി തരംഗമാകും. ഇന്ത്യയില്‍ ഇത്തരത്തിലുള്ള ആദ്യത്തെ വൈനാണിത്.
മലയാളിയായ സെബാസ്റ്റ്യന്‍ പി അഗസ്റ്റിന്‍ എന്നയാളാണ് ഈ വൈനിന്‍റെ നിര്‍മാതാവ്. എണ്‍പത്തിരണ്ടുകാരനായ ഇദ്ദേഹം, കര്‍ഷകനും സംരംഭകനുമാണ്. കാസര്‍ഗോഡ് ജില്ലയിലെ ഒരു ചെറു മലയോര പട്ടണമായ ഭീമനടിയിലെ 15 ഏക്കർ തെങ്ങിന്‍ തോട്ടത്തില്‍ വിളഞ്ഞ ഇളനീരുകളില്‍ നിന്നാണ് ആദ്യ വൈന്‍ ഉണ്ടാക്കിയത്. സെബാസ്റ്റ്യന്റെ സംരംഭമായ റിവർ ഐലൻഡ് വൈനറി ഫാമിൽ ഡ്രാഗൺ ഫ്രൂട്ട്, മാമ്പഴം, വാഴപ്പഴം, പപ്പായ, ചക്ക തുടങ്ങിയവയെല്ലാം വളരുന്നു. 250 ലിറ്റർ ബാച്ച് വൈന്‍ നിർമ്മിക്കാന്‍ ഏകദേശം 1,000 ഇളനീരുകളും 250 കിലോ പഴങ്ങളും ഉപയോഗിക്കും. വെള്ളത്തിനുപകരം ഇളനീര്‍ ഉപയോഗിക്കുന്നത് വീഞ്ഞിന്റെ രുചി വർദ്ധിപ്പിക്കും.
വെറും 8-10% ആല്‍ക്കഹോള്‍ അടങ്ങിയ ഈ വൈനിന് മുന്തിരി വൈനില്‍ നിന്നും തികച്ചും വ്യത്യസ്തമായ രുചിയാണ് ഉള്ളത്. ഇരുപതു വര്‍ഷത്തോളം നീണ്ട അധ്വാനത്തിന്‍റെ ഫലമായാണ് സെബാസ്റ്റ്യൻ ഈ വീഞ്ഞ് വിപണിയില്‍ എത്തിക്കുന്നത്. 2004 ൽ, തന്‍റെ തോട്ടത്തില്‍ വളർത്തുന്ന വിദേശ പഴങ്ങളുമായി ഇളനീര്‍ കലർത്തി വിജയകരമായി അദ്ദേഹം വൈന്‍ ഉണ്ടാക്കി. തുടര്‍ന്ന് പേറ്റൻ്റിന് അപേക്ഷിക്കുകയും 2007 ൽ അത് നേടുകയും ചെയ്തു. ഇത് വൻതോതിൽ നിർമ്മിക്കുന്നതിനും വിൽക്കുന്നതിനുമുള്ള ലൈസൻസ് സംസ്ഥാന എക്സൈസ് വകുപ്പിൽ നിന്ന് അടുത്തിടെയാണ് അദ്ദേഹത്തിന് ലഭിച്ചത്.
മറ്റ് രാജ്യങ്ങളിലും പേറ്റൻ്റുകൾക്ക് അപേക്ഷിച്ചിട്ടുണ്ട്. ചൈനയില്‍ തേങ്ങാവെള്ളത്തില്‍ നിന്നും ഇതേപോലെ വൈന്‍ ഉണ്ടാക്കുന്നുണ്ട്. കേരളത്തില്‍ കാർഷികമേഖലയിലെ സംഭാവനകള്‍ക്ക് നല്‍കിവരുന്ന കേരകേസരി പുരസ്‌കാരത്തിനും സെബാസ്റ്റ്യൻ അർഹനായിരുന്നു.