വയറ് പെട്ടെന്ന് തന്നെ കുറയ്ക്കണോ? ഇതിനെ നിസ്സാരമായി കാണേണ്ട!

Mail This Article
പച്ചക്കറി വാങ്ങുമ്പോൾ കുമ്പളങ്ങയോട് മിക്ക ഭക്ഷണപ്രേമികള്‍ക്കും അത്ര താൽപര്യം ഇല്ല. മോര് കറിയും പുളിശ്ശേരിയും ഓലനുമൊക്കെ വയ്ക്കാനായി മാത്രം വാങ്ങും. എന്തൊക്കെ പറഞ്ഞാലും വയറും തടിയും കുറയ്ക്കാൻ കുമ്പളങ്ങ ബെസ്റ്റാണ്. പരിപ്പ് ചേർത്തുള്ള കൂട്ടാൻ ഉണ്ടാക്കുന്നതിനും കുമ്പളങ്ങ ഉപയോഗിക്കാറുണ്ട്. നെയ് കുമ്പളങ്ങ, സാധാരണ ഇടത്തരം കുമ്പളങ്ങ, തടിയൻ കായ് എന്നിങ്ങനെ മൂന്നിനം കുമ്പളങ്ങ സാധാരണയായി ഉണ്ട്. ഇതിൽ നെയ് കുമ്പളങ്ങ എന്ന ഇനമാണ് മികച്ചത്. കുമ്പളങ്ങയിൽ ധാരാളം ഫൈബർ ഉണ്ട്. അതിനാൽ ഇവ സ്ഥിരമായി കഴിക്കുന്നത് വേഗത്തിൽ വയർ കുറയ്ക്കാൻ സഹായിക്കും.

തടികുറയ്ക്കാനായി കുമ്പളങ്ങ ജൂസായും ചിലർ കഴിക്കാറുണ്ട്. നിസാരക്കാരനാണെന്നു തോന്നുമെങ്കിലും നിരവധി ആരോഗ്യഗുണങ്ങൾ കുമ്പളങ്ങയ്ക്കുണ്ട്. ഇതിന്റെ ഇലയും തണ്ടും എല്ലാം ഉപയോഗിക്കാവുന്നതാണ്. ആരോഗ്യഗുണങ്ങൾ ഏറെയുള്ള കുമ്പളങ്ങ ദിവസവും ഭക്ഷണത്തിൽ ഉൾപ്പെടുത്താം. ജൂസ് രൂപത്തിലും കറികളിൽ ചേർത്തു ഇവ പതിവായി ഉപയോഗിക്കാം.

കുമ്പളങ്ങ കൊണ്ട് എളുപ്പത്തിൽ ഒഴിച്ച്ക്കറി വച്ചാലോ? എങ്ങനെയെന്ന് നോക്കാം
പരിപ്പും കുമ്പളങ്ങയും ചേർത്ത രുചികരമായ കറി ആർക്കും ഇഷ്ടപ്പെടും. അരകപ്പ് തുവരപരിപ്പ് കഴുകി വൃത്തിയാക്കി എടുക്കാം. എത്രയാണോ പരിപ്പ് എടുക്കുന്നേ അതിൽ കൂടുതൽ കുമ്പളങ്ങ എടുക്കണം. അരകപ്പ് പരിപ്പ് ആണെങ്കിൽ 4 കപ്പ് കുമ്പളങ്ങ കഷ്ണങ്ങളാക്കിയത് എടുക്കാം. കുമ്പളങ്ങയും പരിപ്പും ആവശ്യത്തിന് ഉപ്പും 2 പച്ചമുളകും ചേർത്ത് കുക്കറിൽ വയ്ക്കാം. 2 വിസിൽ വന്നു കഴിയുമ്പോൾ തീ അണയ്ക്കാം. കുക്കറിലെ ആവി പോയി കഴിഞ്ഞ് തുറക്കാം. കുമ്പളങ്ങയും പരിപ്പും നന്നായി ഉടച്ചെടുക്കാം. അതിലേക്ക് തേങ്ങയും ഇത്തിരി ജീരകവും ചെറിയ ഉള്ളിയും ചേർത്ത് മിക്സിയിൽ അരച്ചെടുക്കാം. അരപ്പ് കറിയിലേക്ക് ചേർത്ത് തിളപ്പിക്കണം. ശേഷം പാൻ ചൂടാക്കി എണ്ണ ഒഴിച്ച് കടുകും വറ്റൽമുളകും കറിവേപ്പിലയും മൂപ്പിച്ച് ചേർക്കാം. രുചിയൂറും കറി റെഡി.
കുമ്പളങ്ങ കൊണ്ട് മൊഹീറ്റോ
കുമ്പളം കൊണ്ട് മോജിറ്റോ തയാറാക്കിയാലോ? എങ്ങനെയെന്ന് നോക്കാം.
ചേരുവകൾ
കുമ്പളങ്ങ: 20 ഗ്രാം ( പേസ്റ്റ്)
നാരങ്ങ: 1 എണ്ണം
സോഡാ: 200 മില്ലി
പുതിനയില: 5 ഗ്രാം
തേൻ: 15 ഗ്രാം
ഐസ് ക്യൂബ്സ്: 4 എണ്ണം
തയാറാക്കുന്ന വിധം
നാരങ്ങ നാലായി മുറിച് ഗ്ലാസില്‍ ഇട്ട്, കുമ്പളങ്ങ പേസ്റ്റും, പുതിന ഇലയും, പഞ്ചസാരയും ഇട്ട് നന്നായി മിക്സ് ചെയ്യുക. ശേഷം ഐസ് ക്യൂബ്സ് ഇട്ട് സോഡാ ഒഴിച്ച് വട്ടത്തിൽ അരിഞ്ഞ നാരങ്ങയും, പുതിനയിലയും ചേർത്ത് അലങ്കരിക്കാം. അടിപൊളി രുചിയിൽ കുമ്പളങ്ങ മോജിറ്റോ റെഡി.
( പാചകക്കുറിപ്പ്: ഷെഫ് അരുൺ വിജയൻ )