പോത്തിന്റെ വാരിയെല്ലും കൂർക്കയും നിങ്ങള് കഴിച്ചിട്ടുണ്ടോ? ഇങ്ങനെ ഉണ്ടാക്കണം

Mail This Article
ബീഫ് കറിയും ഫ്രൈയും പെരട്ടുമൊക്കെ ഭക്ഷണപ്രേമികൾക്ക് എന്നും വികാരമാണ്. ഏത് രുചിയിൽ ബീഫ് തയാറാക്കിയാലും കിടിലൻ രുചിയെന്ന് ഇക്കൂട്ടർ പറയും. ബീഫും കൂർക്കയും ബീഫും കായയുമൊക്കെ ബെസ്റ്റ് കോമ്പിനേഷനാണ്. ഈ വെറൈറ്റി കറികൾ കിട്ടുന്ന രുചിയിടങ്ങളുമുണ്ട്. പോത്തിന്റെ വാരിയെല്ലും കൂർക്കയും കറിവച്ചിട്ടുണ്ടോ? എന്നാൽ ഇനി ഇങ്ങനെ വച്ചോളൂ.
നന്നായി കഴുകി വൃത്തിയാക്കി ചെറിയ കഷണങ്ങളാക്കിയ പോത്തിന്റെ വാരിയെല്ല് കുക്കറിലേക്ക് ചേർക്കാം. അതിലേക്ക് രണ്ട് ടീസ്പൂൺ കുരുമുളക് ചതച്ചതും ഉപ്പും മഞ്ഞപ്പൊടിയും ഇത്തിരി മുളക്പൊടിയും ആവശ്യത്തിന് വെള്ളവും ചേർത്ത് നന്നായി ഇളക്കി മൂന്ന് വിസിൽ വരുന്നിടം വരെ വേവിച്ചെടുക്കാം. ഇറച്ചിയുടെ അളവിന് അനുസരിച്ച് കൂർക്കയും തൊലി കളഞ്ഞ് വൃത്തിയാക്കി എടുക്കാം. മറ്റൊരു ചീനച്ചട്ടി വച്ച് ചൂടാകുമ്പോൾ മല്ലിപ്പൊടിയും കശ്മീരി മുളക്പൊടിയും ചൂടാക്കി എടുക്കാം.
കരിഞ്ഞ് പോകാതെ ശ്രദ്ധിക്കണം. മസാല മാറ്റി വച്ചിട്ട് ആ ചീനച്ചട്ടിയിൽ ആവശ്യത്തിനുള്ള വെളിച്ചെണ്ണ ചേർക്കാം, ശേഷം ചെറുതായി അരിഞ്ഞ ഒരു ബൗൾ ചെറിയുള്ളിയും ഒരു സവാള അരിഞ്ഞതും ഉപ്പും മഞ്ഞപ്പൊടിയും ചേർത്ത് നന്നായി വഴറ്റാം. അതിലേക്ക് ആവശ്യത്തിനുള്ള ഇഞ്ചിയും വെളുത്തുള്ളിയും പച്ചമുളകും ചതച്ചത് ചേർത്ത് വഴറ്റണം. ശേഷം മൂപ്പിച്ചെടുത്ത് മുളക്പാടിയും മല്ലിപൊടിയും ചേർത്ത് വഴറ്റാം. ഒപ്പം ഗരം മസാലയും പെരുംജീരകവും കുരുമുളകും ചേർക്കാം.
അതിലേക്ക് തൊലികളഞ്ഞ കൂർക്കയും വേവിച്ച പോത്തിന്റെ വാരിയെല്ലും ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കണം. ഇറച്ചിയും കൂർക്കയും മസാലയിൽ പെരട്ടിയെടുക്കാം. ആവശ്യമെങ്കിൽ വീണ്ടും ചതച്ച കുരുമുളകും ചേർക്കാം. നന്നായി വഴറ്റി എടുക്കണം. കിടിലൻ രുചി നിറഞ്ഞ പോത്തിന്റെ വാരിയെല്ലും കൂർക്കയും ചേർന്ന രുചി റെഡി. ചൂടോടെ കഴിക്കാം.