അരി കൊണ്ടുള്ള പപ്പടം ഉണ്ടാക്കിയിട്ടുണ്ടോ? സിംപിളാണ്

Mail This Article
കാണുന്നതു പോലെയല്ല, ചില ഭക്ഷണങ്ങൾ ഉണ്ടാക്കാൻ കുറച്ച് പാടായിരിക്കും. എന്നുവച്ച് എല്ലാം അങ്ങനെയുമല്ല. ബുദ്ധിമുട്ടൊന്നുമില്ലാതെ എളുപ്പത്തിൽ ഉണ്ടാക്കാൻ പറ്റുന്ന ഒരു ഐറ്റമാണ് പപ്പടം. ചോറിന്റെ കൂടെ കഴിക്കുന്ന ആ പപ്പടമല്ല, ഇത് നല്ല എരിവുള്ള ക്രഞ്ചി പപ്പടമാണ്. വൈകുന്നേരങ്ങളിലൊക്കെ ചായയുടെ കൂടെയോ അല്ലെങ്കിൽ വെറുതെയോ കഴിക്കാം. ഈ പപ്പടത്തിൽ തന്നെ പല തരം വെറൈറ്റീസ് ഉണ്ട്. പരിപ്പ്, റവ, ഉരുളക്കിഴങ്ങ്, ചൗവ്വരി എന്നിവയെകൊണ്ടാണ് പൊതുവെ ഇതുണ്ടാക്കുന്നത്.
അരി കൊണ്ടും ഉരുളക്കിഴങ്ങ് കൊണ്ടും ഉണ്ടാക്കുന്ന പപ്പടം തമ്മിൽ എന്താണ് വ്യത്യാസം?
അരി കൊണ്ടുള്ള പപ്പടം കട്ടി കുറഞ്ഞതും എരിവ് ഉള്ളതും ക്രഞ്ചിയും ആയിരിക്കും. രുചി കൂട്ടാൻ വേണമെങ്കിൽ സുഗന്ധവ്യഞ്ജനങ്ങളും ചേർക്കാം. ചില ആളുകൾ ആവിയിൽ വേവിച്ച് വെയിലത്ത് ഉണക്കിയെടുത്തും മാവ് തയാറാക്കുന്നു. എന്നാൽ വേവിച്ച് ഉടച്ച ഉരുളക്കിഴങ്ങിൽ നിന്നാണ് ഉരുളക്കിഴങ്ങ് പപ്പടം നിർമിക്കുന്നത്. വടക്കേ ഇന്ത്യയിലാണ് ഈ വിഭവങ്ങൾക്ക് കൂടുതൽ പ്രചാരം.
അരി കൊണ്ടുള്ള പപ്പടം ഉണ്ടാക്കിയിട്ടുണ്ടോ, നല്ല അടിപൊളിയായി ഉണ്ടാക്കാൻ പറ്റിയില്ലെങ്കിൽ റസിപ്പി ചെറുതായി ഒന്ന് മാറ്റിനോക്കാം. ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ പപ്പടം നല്ല അടിപൊളിയായി കിട്ടും.
റൈസ് പപ്പടം ഉണ്ടാക്കുന്ന വിധം
ഒരു ലിറ്റർ വെള്ളം തിളപ്പിച്ചതിനു ശേഷം അതിലേക്ക് അരി ഇട്ട് അഞ്ചു മിനുട്ട് വേവിക്കുക. വെള്ളം പൂർണമായും വറ്റിയ ശേഷം അരി ഒരു ടവലിൽ ഇട്ട് ഉണക്കുക. ശേഷം ഒരു പാനിൽ എണ്ണ ഒഴിച്ച് അരി ചേർക്കുകയും ഇളക്കുകയും ചെയ്യുക.
നല്ല പൗഡർ രൂപത്തിലാക്കുക
അരിയുടെ ചൂട് പോയശേഷം അരി നന്നായി പൊടിച്ചെടുക്കുക. നല്ല പൊടി രൂപത്തിൽ ആയി വരണം. കാൽ കപ്പ് വെള്ളത്തിൽ കായം നാരങ്ങനീര് ഉപ്പ് എന്നിവ കലക്കി വെക്കുക. ഒരു പാത്രത്തിൽ അരിപ്പൊടി എടുത്തതിനു ശേഷം ഈ കലക്കിവച്ച വെള്ളം അതിലേക്ക് ഒഴിക്കുകയും നന്നായി ഇളക്കി അത് കുഴമ്പ് രൂപത്തിലാക്കുകയും ചെയ്യുക.
പപ്പടം ഉണ്ടാക്കുന്ന വിധം
കൈകളിൽ എണ്ണ പുരട്ടി ഏകദേശം അരമണിക്കൂറോളം മാവ് നന്നായി കുഴച്ചെടുക്കുക. ശേഷം നേർത്ത ഉരുളകളാക്കി പരത്തിയെടുക്കുക. അതിനു ശഷം പരത്തിവച്ചവയെ വെയിലത്തിട്ട് ഉണക്കിയെടുത്ത് വായു കടക്കാത്ത പാത്രത്തിൽ സൂക്ഷിക്കുക. പിന്നീട് ആവശ്യാനുസരണം എണ്ണയിൽ വറുത്തെടുക്കുക.