'സത്യം പറ, ഇത് ആരാണ് ചെയ്തത്'; ആ ചോദ്യത്തിന് മറുപടിയുമായി അഞ്ജു

Mail This Article
ഇത്രയും കാലം യാത്ര ചെയ്യുന്ന വിഡിയോകളും ഫിറ്റ്നെസ് വിഡിയോകളുമായിരുന്നു നടി അഞ്ജു കുര്യന്‍റെ സോഷ്യല്‍ മീഡിയയില്‍ നിറയെ. ഇപ്പോഴിതാ പാചക വിഡിയോയുമായി എത്തിയിരിക്കുകയാണ് താരം. ഞായറാഴ്ച ഉച്ചയ്ക്ക് കഴിക്കാന്‍ സ്പെഷല്‍ മീന്‍കറി തയാറാക്കുന്ന അഞ്ജുവിനെ വിഡിയോയില്‍ കാണാം.
പുറത്തു തീകൂട്ടിയാണ് പാചകം. വലയിട്ട് മീന്‍ പിടിക്കുന്നത് മുതല്‍ കറി ഉണ്ടാക്കിക്കഴിയുന്നത് വരെ ഈ വിഡിയോയില്‍ കാണാം. മീന്‍ വെട്ടി വൃത്തിയാക്കുകയാണ് ആദ്യം ചെയ്യുന്നത്. പിന്നെ ചട്ടി അടുപ്പത്ത് വച്ച് എണ്ണ ഒഴിച്ച് ഉള്ളിയും കറിവേപ്പിലയും ഇട്ടു വഴട്ടുന്നു. ഇതിലേക്ക് മുളകുപൊടി, മഞ്ഞള്‍പ്പൊടി, മല്ലിപ്പൊടി തുടങ്ങിയ മസാലകള്‍ ഇട്ടു വഴറ്റുന്നു. ശേഷം പുളിവെള്ളവും വെള്ളവും ഒഴിക്കുന്നു. ഇത് വെന്ത് വരുമ്പോള്‍ വൃത്തിയാക്കി വെട്ടിയ മീന്‍ കഷ്ണങ്ങള്‍ ഓരോന്നായി ഇതിലേക്ക് ഇടുന്നു. ശേഷം മൂടിവെച്ച് വേവിക്കുന്നു.
രസകരമായ ഒട്ടേറെ കമന്‍റുകള്‍ ഈ വിഡിയോയ്ക്ക് കീഴില്‍ വന്നിട്ടുണ്ട്. അഞ്ജു കുര്യന്‍ മീന്‍കറി ഉണ്ടാക്കും എന്ന് ഭൂരിഭാഗം പേരും വിശ്വസിക്കുന്നില്ല. 'സത്യം പറ, ഇത് ആരാണ് കുക്ക് ചെയ്തത്' എന്ന് ഒരാള്‍ ചോദിച്ചപ്പോള്‍, താന്‍ തന്നെയാണ് എന്ന് അഞ്ജു മറുപടി പറഞ്ഞിട്ടുണ്ട്. 'അഞ്ജുവിന്‍റെ കോട്ടയം സ്പെഷ്യല്‍ മീന്‍കറി' എന്ന് മറ്റൊരാള്‍ കമന്റ് ചെയ്തു. 'തീ ഒന്നുo ഒരു പ്രശ്നമേ അല്ല. ആ കുക്കിങ് കണ്ടാല്‍ തന്നെ മനസ്സിലാവുന്നു, അടുക്കളയില്‍ കേറുന്ന ആളാണ്' എന്നും ഒരാള്‍ കമന്റ് ചെയ്തിട്ടുണ്ട്.
കോട്ടയം സ്പെഷ്യല്‍ മീന്‍കറി ഉണ്ടാക്കിയാലോ?
ചേരുവകൾ
നെയ്മീൻ /ചൂര - 1 കിലോഗ്രാം
ചെറിയ ഉള്ളി ചതച്ചത് - 3 എണ്ണം
വെളുത്തുള്ളി ചതച്ചത് - 3 എണ്ണം
ഇഞ്ചി ചതച്ചത് – ഒരു വലിയ കഷ്ണം
കറിവേപ്പില – ആവശ്യത്തിന്
പച്ചമുളക് അരിഞ്ഞത് - 2 എണ്ണം
മുളകുപൊടി - 2 ടീസ്പൂൺ
മഞ്ഞൾപ്പൊടി - 1/2 ടീസ്പൂൺ
മല്ലിപ്പൊടി - 2 1/4 ടീസ്പൂൺ
വെളിച്ചെണ്ണ - 3 ടേബിൾസ്പൂൺ
കുടംപുളി – ആവശ്യത്തിന്
ഉപ്പ് – ആവശ്യത്തിന്
തയാറാക്കുന്ന വിധം
- മൺചട്ടിയിൽ വെളിച്ചെണ്ണ ചൂടാക്കിയശേഷം, കടുക് പൊട്ടിച്ച് ഉലുവ മൂപ്പിക്കുക. ഇതില്‍ ചെറിയ ഉള്ളി, വെളുത്തുള്ളി, ഇഞ്ചി, പച്ചമുളക്, കറിവേപ്പില എന്നിവ വഴറ്റുക. ഇതിലേക്ക് മുളകുപൊടി, മഞ്ഞൾപ്പൊടി, മല്ലിപ്പൊടി എന്നിവ ചേര്‍ത്ത് എണ്ണ തെളിയും വരെ വഴറ്റുക.
- ശേഷം കുറച്ച് വെള്ളമൊഴിച്ച് തിളപ്പിച്ച ശേഷം, കറിക്ക് ആവശ്യമായ വെള്ളം, കുടംപുളി, ഉപ്പ് എന്നിവ ചേർത്ത് തിളപ്പിക്കുക. ഇതിലേക്ക് കഴുകി വൃത്തിയാക്കിയ മീൻ കഷ്ണങ്ങളും കുറച്ച് ചതച്ച വെളുത്തുള്ളിയും ചേർത്ത് ഇളക്കി ചെറുതീയിൽ മീൻ പാകപ്പെടുത്തി എടുക്കുക.
- കറി തിളച്ചു കഴിഞ്ഞു ചട്ടി ഇടക്ക് ഒന്നു ചുറ്റിച്ചു കൊടുക്കുക.