കോളിഫ്ലവർ ബോണ്ട

ചെറുതായി അടർത്തിയെടുത്ത കോളിഫ്ലവർ ചേർത്തു തയാറാക്കുന്ന ബോണ്ടയുടെ രുചിക്കൂട്ട് പരിചയപ്പടാം.

ചേരുവകൾ 1

കോളിഫ്ലവർ ചെറുതായി അടർത്തിയെടുത്തത് രണ്ടു കപ്പ്, ഉരുളക്കിഴങ്ങ് പുഴുങ്ങി പൊടിച്ചത് അര കപ്പ്, എണ്ണ ഒരു ടേബിൾ സ്പൂൺ, കടുക് അര ടീസ്പൂൺ, അണ്ടിപ്പരിപ്പ് നുറുക്കിയത് ഒരു ടേബിൾ സ്പൂൺ, മുളകുപൊടി, ഉഴുന്നുപരിപ്പ് അര ടീസ്പൂൺ വീതം.

ചെറുനാരങ്ങാ നീര് രണ്ടു ടീസ്പൂൺ, ഉണക്കമുളക് രണ്ട് എണ്ണം മുറിച്ചിടുക. മഞ്ഞൾപ്പൊടി, ഉപ്പു പാകത്തിന്, എണ്ണ വറുക്കാൻ ആവശ്യത്തിന്.

ചേരുവകൾ 2

കടലമാവ് രണ്ടു ടേബിൾ സ്പൂൺ, കായപ്പൊടി, മുളകുപൊടി, ഉപ്പ് എന്നിവ പാകത്തിന്, വെള്ളം നാലു ടേബിൾ സ്പൂൺ, സോഡാപ്പൊടി രണ്ടു നുള്ള്, തിളച്ച എണ്ണ അര ടീസ്പൂൺ.

തയാറാക്കുന്നവിധം

ചൂടാക്കിയ എണ്ണയിൽ കടുക്, ഉഴുന്നുപരിപ്പ്, അണ്ടിപ്പരിപ്പ്, ഉണക്കമുളക് മുറിച്ചത് എന്നിവ ക്രമത്തിൽ ചേർത്തു മൂപ്പിക്കുക. ഇതിലേക്ക് കോളിഫ്ലവർ ചേർത്തു വഴറ്റിയ ശേഷം കിഴങ്ങ് മുളകുപൊടി, മഞ്ഞൾപ്പൊടി, നാരങ്ങാനീര്, ഉപ്പ് എന്നിവ ചേർത്തിളക്കി വാങ്ങി ഉരുളകളാക്കണം. ശേഷം രണ്ടാമത്തെ ചേരുവകൾ കൊണ്ടു മിശ്രിതം തയാറാക്കിയ ശേഷം ഉരുളകൾ മിശ്രിതത്തിൽ മുക്കിയെടുത്തു നന്നായി ചൂടാക്കിയ എണ്ണയിൽ വറുത്തുകോരുക.