Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

എളുപ്പത്തിൽ കുക്കറിൽ തയാറാക്കാവുന്ന ഈന്തപ്പഴം കേക്ക്

166151541

ക്രിസ്മസിന് ചെലവു കുറഞ്ഞതും എളുപ്പത്തിൽ കുക്കറിൽ തയാറാക്കാവുന്നതുമായ ഈന്തപ്പഴം കേക്ക്.

ചേരുവകൾ

ഈന്തപ്പഴം കുരുകളഞ്ഞ് അരിഞ്ഞെടുത്തത് – 200 ഗ്രാം
പഞ്ചസാര – അര കപ്പ് (90 ഗ്രാം)
വെള്ളം – അര കപ്പ്
എണ്ണ– ആറ് ടേബിൾ സ്പൂൺ
മൈദ അല്ലെങ്കിൽ ഗോതമ്പു പൊടി– ഒരു കപ്പ് (180 ഗ്രാം)
ബേക്കിങ് സോഡ – ഒരു ടീസ്പൂൺ
മുട്ട – ഒരെണ്ണം
വനില എസ്സെൻസ് – ഒരു ടീസ്പൂൺ

തയാറാക്കുന്ന വിധം

കട്ടിയുള്ള പാനിൽ ഈന്തപ്പഴവും വെള്ളവും ചേർത്ത് വറ്റുന്നതുവരെ വേവിക്കുക.

∙മിക്സിയിൽ എണ്ണയും പഞ്ചസാരയും നന്നായി അടിച്ചെടുത്ത് മുട്ടയൊഴിച്ച് നല്ലവണ്ണം വീണ്ടും അടിച്ചെടുക്കണം. 

∙മൈദയിൽ ബേക്കിങ് സോഡ ചേർത്ത് അരിച്ചെടുക്കുക. തണുത്ത ഈന്തപ്പഴക്കൂട്ടിൽ പഞ്ചസാര മിശ്രിതം ചേർത്തിളക്കി മൈദ ഇട്ട് ഒരു വശത്തേക്കു മാത്രം ഇളക്കി യോജിപ്പിക്കണം. വനിലയും ചേർത്ത് നല്ലതുപോലെ ഇളക്കിയെടുക്കുക. 

∙ബേക്ക് ചെയ്യാനായി കുക്കറിൽ കുറച്ച് ഉപ്പുപൊടി നിരത്തി മുകളിൽ പരന്ന പാത്രമോ അടുക്കളയിൽ ഉപയോഗിക്കുന്ന സ്റ്റീൽ റിങ്ങോ വയ്ക്കുക. കുക്കറിലെ വാഷറും വിസിലും മാറ്റിയശേഷം കുക്കർ അടച്ചു പത്തു മിനിറ്റ് ചൂടാക്കാൻ വയ്ക്കണം. തയാറാക്കിയ മിശ്രിതം കേക്ക് ടിന്നിലോ വക്കുള്ള സ്റ്റീൽ പാത്രത്തിലോ മുക്കാൽ ഭാഗത്തോളം നിറയ്ക്കുക. ശേഷം കുക്കർ തുറന്നു കേക്ക് മിശ്രിതം വച്ച് അടച്ചു ചെറു തീയിൽ 40 മിനിറ്റ് കൊണ്ടു ബേക്ക് െചയ്തെടുക്കാം. 

ശ്രദ്ധിക്കാൻ:

കേക്ക് മിശ്രിതം ഒഴിക്കുന്ന പാത്രത്തിൽ എണ്ണയോ നെയ്യോ പുരട്ടിക്കൊടുക്കുക. പാത്രത്തിന്റെ ആകൃതിയിൽ ബട്ടർ പേപ്പർ വച്ചശേഷം മിശ്രിതം നിറയ്ക്കാം. 20 മിനിറ്റ് കഴിയുമ്പോൾ തുറന്ന്, പപ്പടം കുത്തികൊണ്ടോ ടൂത്ത് പിറ്റ് കൊണ്ടോ കേക്കിൽ കുത്തിനോക്കണം. പറ്റിപ്പിടിക്കുന്നില്ലെങ്കിൽ അതാണു പാകം. കേക്ക് പാകമായശേഷം കുക്കറിൽ വച്ചാൽ കരിഞ്ഞുപോകും. 

∙അവ്നിൽ 180 ഡിഗ്രിയിൽ 10 മിനിറ്റ് പ്രീഹീറ്റ് ചെയ്തശേഷം 180 ഡിഗ്രിയിൽ 40 മിനിറ്റ് ബേക്ക് ചെയ്താൽ മതിയാകും.