ഷൂട്ട് കഴിഞ്ഞ് ഉർവശി പോയത് ട്രീറ്റ്മെന്റിന്; റോഷൻ വന്നത് ‘ടെസ്റ്റി’ന്; ക്രിസ്റ്റോ പറയുന്നു: ഉള്ളൊഴുക്കിലെ മഴ വീണത് ‘ഫെയ്ക്ക് റൂഫിൽ’!
Mail This Article
‘‘ഈ പുരസ്കാരം ‘ഉള്ളൊഴുക്കി’ന്റെ സംവിധായകൻ ക്രിസ്റ്റോയ്ക്കാണ് കൊടുക്കേണ്ടത്. ഒരുപാട് കാലം എനിക്കു വേണ്ടി കാത്തിരുന്ന സംവിധായകനാണ്. ചിലപ്പോഴൊക്കെ ക്രിസ്റ്റോ വിളിക്കുമ്പോൾ ചൂടായിട്ടൊക്കെ ഉണ്ട്. വെരി സോറി ക്രിസ്റ്റോ...’’ മികച്ച നടിക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരം ആറാം തവണയും നേടിയതിനെപ്പറ്റി മാധ്യമപ്രവർത്തകർ ചോദിച്ചപ്പോൾ നടി ഉർവശിയുടെ മറുപടിയായിരുന്നു ഇത്. വെല്ലുവിളികളേറെ നിറഞ്ഞതായിരുന്നു ചിത്രീകരണമെന്ന് സംവിധായകൻ ക്രിസ്റ്റോ ടോമിയും സമ്മതിക്കും. പക്ഷേ, ‘ചേച്ചി ചൂടായ കാര്യമൊക്കെ പറഞ്ഞല്ലോ’ എന്നു ചോദിച്ചപ്പോൾ ഒരു ചിരിയായിരുന്നു ക്രിസ്റ്റോയുടെ മറുപടി. പിന്നെ അദ്ദേഹം പറഞ്ഞതെല്ലാം ഉർവശി എന്ന ‘മാജിക്കി’നെപ്പറ്റിയായിരുന്നു. ഉള്ളൊഴുക്കിലെ ലീലാമ്മയേയും അഞ്ജുവിനെയും കഥാപാത്രങ്ങളായി എഴുതിയുറപ്പിക്കുമ്പോൾ ക്രിസ്റ്റോ മനസ്സിലുറപ്പിച്ച രണ്ട് പേരു കൂടിയുണ്ടായിരുന്നു– ഉർവശിയും പാർവതിയും. അതിനാൽത്തന്നെ, കഥ പൂർത്തിയായിക്കഴിഞ്ഞ് ആദ്യം കാണുന്നതും ഇരുവരെയുമായിരുന്നു. ഇരുവരും സമ്മതിച്ചില്ലായിരുന്നെങ്കിൽ എന്തുചെയ്യുമെന്നും ക്രിസ്റ്റോയ്ക്ക് അറിയില്ലായിരുന്നു. പക്ഷേ, ഉർവശിയും പാർവതിയും ‘യെസ്’ പറഞ്ഞു. പിന്നെ കണ്ടത് മലയാള സിനിമയിലെ ഏറ്റവും മികച്ച, ഏറ്റവും കരുത്തുറ്റ സ്ത്രീകഥാപാത്രങ്ങളുടെ നിരയിലേക്ക് ലീലാമ്മയും അഞ്ജുവും നടന്നു കയറുന്നതായിരുന്നു. എല്ലാവരും പറഞ്ഞു, ഇരുവർക്കും അവാർഡ് ഉറപ്പാണെന്ന്. രണ്ടു പേരിൽ ഒരാളെ തിരഞ്ഞെടുക്കാൻ പറഞ്ഞാൽ ആര് എന്നതായിരിക്കും വിധികർത്താക്കൾക്കു മുന്നിലെ വലിയ ചോദ്യമെന്ന് നിരൂപകരും എഴുതി. പക്ഷേ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചപ്പോൾ മികച്ച നടിക്കൊപ്പം മികച്ച സൗണ്ട് ഡിസൈനിങ്ങിനും ഡബിങ്ങിനുമുള്ള പുരസ്കാരവും ഉള്ളൊഴുക്കിനെ തേടിയെത്തിയിരിക്കുന്നു. ‘ഈ പുരസ്കാരങ്ങൾ എനിക്ക് ഭയങ്കര സന്തോഷം നൽകുന്നതാണ്’ എന്ന് ക്രിസ്റ്റോ പറയുമ്പോൾ അതിനു പിന്നിൽ വ്യക്തമായ കാരണങ്ങളുണ്ട്. സിനിമയിലെ ആ മാജിക്കൽ നിമിഷങ്ങളെപ്പറ്റി പറയുകയാണ് ക്രിസ്റ്റോ ടോമി...