മലയാളി സിനിമാതാരങ്ങളും അന്ന് ബാങ്കോക്കിലേക്ക് പറന്നു; ഇനി മുംബൈയിൽ ‘കോൾഡ് പ്ലേ’ മാജിക്; ഒപ്പം അപ്രതീക്ഷിത അതിഥിയും!
Mail This Article
വെറും സംഗീതപ്രകടനമല്ല, മാജിക് ആണ് ‘കോൾഡ്പ്ലേ’ ലൈവ് മ്യൂസിക് അനുഭവം. അതുകൊണ്ടു തന്നെ കോൾഡ്പ്ലേ മുംബൈയിലെത്തുന്നുവെന്ന ആഹ്ലാദവാർത്തയെ ആവേശത്തോടെയാണ് ആരാധകർ എതിരേറ്റത്. സംഗീത പ്രേമികളുടെ ആവേശം വാനോളം ഉയർത്തി ലോക പ്രശസ്ത റോക്ക് ബാൻഡ് കോൾഡ്പ്ലേ (Coldplay) ഇന്ത്യയിലെത്തുന്നത്. 2025 ജനുവരിയിലാണ്. ജനുവരി 18, 19 തീയതികളിൽ മുംബൈയിലെ ഡിവൈ പാട്ടീൽ സ്റ്റേഡിയത്തിലാണ് ബ്രിട്ടിഷ് ബാൻഡിന്റെ വേൾഡ് ടൂറിന്റെ ഭാഗമായുള്ള പരിപാടി നടക്കുക. ലൈവ് സംഗീതപ്രകടനത്തിന്റെ അവിസ്മരണീയ അനുഭവത്തിന് ഏതാനും മാസങ്ങളുടെ കാത്തിരിപ്പ് വേണ്ടിവരുമെങ്കിലും ടിക്കറ്റ് വിൽപന സെപ്റ്റംബർ 22നു തുടങ്ങും. ഉച്ചയ്ക്ക് 12നാണ് ഓൺലൈൻ ബുക്കിങ് വിൻഡോ തുറക്കുക. വൈകാതെതന്നെ ടിക്കറ്റ് സോൾഡ് ഔട്ട് ആയേക്കുമെന്ന ആശങ്കയിലാണ് ആരാധകർ. എന്റർടെയ്ൻമെന്റ് പ്ലാറ്റ്ഫോം Bookmyshowയിലൂടെയാണ് ടിക്കറ്റുകൾ ലഭ്യമാകുക. വേറിട്ട സംഗീതത്തിനൊപ്പം മികച്ച കാഴ്ചയനുഭവം കൂടി സമ്മാനിക്കുന്നതാണ് ബാൻഡിന്റെ ലൈവ് കൺസേർട്ടുകൾ. ‘വൺസ് ഇൻ എ ലൈഫ് ടൈം’ അനുഭവമെന്ന് ആരാധകർ സ്വപ്നം കാണുന്ന ‘കോൾഡ്പ്ലേ’ ലൈവ് കൺസർട്ട് സ്വന്തം നാട്ടിലെത്തുന്നതിന്റെ ആവേശത്തിലാണ് പാശ്ചാത്യ സംഗീതപ്രേമികൾ.