കാലം തെറ്റിയിറങ്ങിയ മോഹൻലാൽ സിനിമ; വീട് തേടുന്ന നായകന്മാർ; ‘ഒടുവിൽ ആർക്കും ചെയ്യാവുന്ന സിനിമകളിലേക്ക് ലോഹി ഒതുങ്ങി’

Mail This Article
മൃഗയ എന്ന ലോഹിതദാസ് രചന ബാഹ്യതലത്തില്‍ ഒരു ഗ്രാമത്തില്‍ പുലിയിറങ്ങുന്നതിന്റെ കഥയാണ്. എന്നാല്‍ ആ സിനിമയുടെയും ആന്തരധ്വനികള് അപാരമാണ്. ഭീതിദമായ എന്തിനെയൊക്കെയോ നിരന്തരം ഭയന്ന് ജീവിക്കാന്‍ നിര്‍ബന്ധിതരാവുകയാണ് ഈ കാലഘട്ടത്തിലെ ജനത. ഡെമോക്ലിസിന്റെ വാള് പോലെ എന്തോ ഒന്ന് സദാ തലയ്ക്ക് മുകളില്‍ തൂങ്ങിയാടുന്നു. അതില്‍ നിന്നുള്ള മോചനം കാംക്ഷിച്ച് അവര്‍ വരുത്തുന്ന വേട്ടക്കാരന് പുലിയേക്കാള്‍ വലിയ വിപത്തായിത്തീരുന്നു. ഭീതിദമായ അവസ്ഥകളില്‍ നിന്ന് നമ്മെ സംരക്ഷിക്കാന്‍ ബാധ്യസ്ഥരായവര്‍ തന്നെ ആ അവസ്ഥയേക്കാള്‍ വലിയ ദുരന്തങ്ങള്‍ സമ്മാനിക്കുന്നുവെന്ന ചിന്ത ഏറെ ധ്വനിസാന്ദ്രമാണ്. സമകാലിക സാമൂഹികജീവിതത്തില്‍ സാമാന്യജനത നേരിടുന്ന പലതരം വിപത്തുകളെ സംബന്ധിച്ച പ്രതീകാത്മക സ്വഭാവം വഹിക്കുന്ന ഒന്നാണ് മൃഗയ എന്ന ചിത്രവും. എന്നാല്‍ സാധാരണ പുലിക്കഥ കാണാന്‍ തിയറ്ററില്‍ എത്തുന്ന പ്രേക്ഷകനെ സംബന്ധിച്ച് ഇത്തരം ആന്തരധ്വനികള് അവനെ ബാധിക്കുന്നതേയില്ല. ആകാംക്ഷയും പിരിമുറുക്കവും സാഹസികതയും പ്രണയവും എല്ലാം ഉള്‍ച്ചേര്‍ന്ന ഒരു ജനപ്രിയചിത്രം. ഈ ചിത്രത്തിന്റെയും അടരുകള്‍ നിരവധിയാണ്. അധികാരത്തിന്റെ വിപത്തുകളെ അഭിവ്യഞ്ജിപ്പിക്കുന്ന ഒരു തലം ഈ സിനിമയ്ക്കുണ്ട്. മനുഷ്യന്റെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കാനായി നാം നിയോഗിക്കുന്നവര്‍ തന്നെ വലിയ വിപത്തായി മാറുന്നതിന്റെ സൂചനകള്‍ ഈ സിനിമയില്‍ അന്തര്‍ലീനമായിരിക്കുന്നു