ഒടുവിൽ പാട്ടെഴുതാൻ സഹായിച്ചത് അന്ന് പഠനം നിർത്തിയ പെൺകുട്ടി; കള്ളും വെള്ളവും ഓളം തീർത്ത പാട്ടുകൾ; അലിയാം കുട്ട‘നാടൻ’ ഈണങ്ങളിൽ

Mail This Article
സവിശേഷമായ ഭൂപ്രകൃതിയും നൈസര്‍ഗികമായ സൗന്ദര്യവും നിറഞ്ഞുനില്ക്കുന്ന ഭൂപ്രദേശമാണ് കുട്ടനാട്. മണ്ണും വെള്ളവും പോലെ മനുഷ്യനും പ്രകൃതിയും ഇടകലരുന്ന പാരസ്പര്യത്തിന്റെ നാട്. വിശാലമായ നെല്‍പ്പാടങ്ങള്‍ കൊണ്ട് സമ്പന്നമാണ് ഇവിടം. പ്രകൃതി പൂക്കളമിടുകയും പൊന്ന് കൊയ്തെടുക്കുകയും ചെയ്യുന്ന നെല്ലറ. മലയാളിയെ അന്നമൂട്ടുന്നതില്‍ കുട്ടനാടിനുള്ള പ്രാധാന്യം നിസ്തര്‍ക്കമാണ്. ഭൂരിഭാഗം കരപ്രദേശങ്ങളും സമുദ്രനിരപ്പിനേക്കാള്‍ താഴെ സ്ഥിതി ചെയ്യുന്നു എന്നത് കുട്ടനാടിന്റെ അപൂര്‍വതയാണ്. 1100 ചതു.കിലോമീറ്റര്‍ വിസ്തൃതമായ കുട്ടനാടിന്റെ 304 ചതു.കിലോമീറ്റര്‍ മാത്രമാണ് സമുദ്രവിതാനത്തേക്കാള് ഉയരത്തിലുള്ളത്. 500 ചതു.കിലോമീറ്റര്‍ ഭാഗം 0.6 മുതല്‍ 2.2 മീറ്റര്‍ വരെ സമുദ്രനിരപ്പിനേക്കാള്‍ താഴ്ന്നു നില്ക്കുന്നു. പുരാതനകാലത്ത് കുട്ടനാട് പൂര്‍ണമായും കടലിനടിയിലായിരുന്നു എന്ന് അഭിപ്രായപ്പെടുന്ന ശാസ്ത്രജ്ഞന്മാര് ഉണ്ട്. പില്ക്കാലത്ത് കടല്‍ പിന്‍വാങ്ങി ഉണ്ടായ ഭൂപ്രദേശമാണ് കുട്ടനാട്. പമ്പ,അച്ചന്‍കോവില്‍,മണിമല,മീനച്ചല്‍ നദികള്‍ വന്നു പതിക്കുന്നത് ഇവിടെയാണ്. നദിയിലൂടെ ഒഴുകിയെത്തിയ എക്കല്‍ അടിഞ്ഞ് രൂപപ്പെട്ടതാണ് കുട്ടനാടന്‍ പ്രദേശങ്ങള്‍ എന്ന് വിദഗ്ധര്‍ വിശദീകരിക്കുന്നു. കായലും നദികളും തോടുകളും വയലുകളും എല്ലാം കുട്ടനാടിന്റെ ജീവിതത്തെയും പശ്ചാത്തലങ്ങളെയും സ്വാധീനിച്ചു. ഇവിടുത്തെ മനുഷ്യരുടെ ജീവനോപാധികളും വിനോദങ്ങളും തൊഴിലും രൂപപ്പെടുത്തിയ പാട്ടുകളിലും അതിന്റെ താളങ്ങളും ഒഴുക്കിന്റെ ഓളവും ചുരകുത്തി. നെല്ലറയായ ഇവിടെ വൈവിധ്യമാർന്ന ഞാറ്റുപാട്ടുകളും തേക്കുപാട്ടുകളും വിതപ്പാട്ടുകളും ചക്രംചവിട്ടുപാട്ടുകളും ഉണ്ടായി. ഒപ്പം കുട്ടനാടിന്റെ സ്വത്വം എന്ന് വിശേഷിപ്പിക്കാവുന്ന വള്ളങ്ങള്‍, അവയുടെ യാത്രയ്ക്കും മത്സരങ്ങള്‍ക്കും വള്ളപ്പാട്ടുകള്‍ പിറന്നു. ഇവയെല്ലാം ഒരുവലിയ പാട്ടുസംസ്കൃതിയുടെ തുടര്‍ച്ചയ്ക്ക് ഇടയായി.