‘കുഞ്ഞിനെ ആദ്യമായി ഔസേപ്പച്ചൻ തന്നത് എന്റെ കൈകളിലേക്ക്’; ‘ഷിബുവിന്റെ വരികളെ വിമർശിക്കാറുണ്ട്; വെളിച്ചം കാണാത്ത പാട്ടുകളുമുണ്ട്...’

Mail This Article
40 വർഷത്തിനു ശേഷമായിരുന്നു ആ ഒത്തുചേരൽ; പാട്ടിന്റെ ചക്രവർത്തിയും ഈണങ്ങളുടെ തമ്പുരാനും. ഇരുവരും ഒന്നിച്ചപ്പോൾ പിറന്ന പാട്ട് വൈറലാകാനും അധികം താമസമുണ്ടായില്ല. 2025 ജനുവരി 9ന് റിലീസ് ചെയ്ത ‘വെള്ളമഞ്ഞിന്റെ തട്ടമിട്ടൊരു പെൺകിടാവ്’ എന്ന പാട്ടിനാണു ഷിബു ചക്രവർത്തി വരികളെഴുതി ഔസേപ്പച്ചൻ ഈണമിട്ടത്. വെള്ളമഞ്ഞിന്റെ തട്ടമിട്ട പെൺകിടാവിനെ മലയാളികൾ ഏറ്റെടുത്തു കഴിഞ്ഞു. ഗൃഹാതുരത്വമുണർത്തുന്ന പ്രിയഗാനങ്ങളുടെ പട്ടികയിലേയ്ക്ക് ഔസേപ്പച്ചൻ –ഷിബു ചക്രവർത്തി കൂട്ടുകെട്ടിന്റെ ഒരു പൊൻതൂവൽ കൂടി. മലയാള സിനിമാ ഗാനങ്ങളുടെയൊപ്പം നിരന്തരം പറഞ്ഞുകേട്ടിരുന്ന രണ്ടു പേരുകളായിരുന്നു ഷിബു ചക്രവർത്തിയും ഔസേപ്പച്ചനും. 1985ൽ ‘വീണ്ടും’ എന്ന സിനിമയ്ക്കു വേണ്ടി ‘ദൂരെ മാമലയിൽ’ എന്ന പാട്ട് ഒരുമിച്ചു ചെയ്തതോടെയാണ് ഈ കൂട്ടുകെട്ടിന്റെ പിറവി. പിന്നീടങ്ങളോട്ട് മറക്കാനാവാത്ത മനോഹര ഗാനങ്ങളുടെ ഒഴുക്ക്. മലയാളിക്ക് മറക്കാനാകാത്ത പാട്ടുകൾ. ഹൃദയത്തോടു ചേർത്ത ആ പാട്ടു സൗഹൃദത്തിന്റ കഥകൾ പുതിയ പാട്ടിന്റെ വിശേഷങ്ങളോടൊപ്പം പങ്കുവയ്ക്കുകയാണു ഔസേപ്പച്ചനും ഷിബു ചക്രവർത്തിയും. ബെൻസി പ്രൊഡക്‌ഷൻസിന്റെ ബാനറിൽ നാസർ നിർമിച്ചു ഷാനു സമദ്ദ് സംവിധാനം ചെയ്യുന്ന ‘ബെസ്റ്റി’ എന്ന ചിത്രത്തിനു വേണ്ടിയാണു 10 വർഷത്തെ ഇടവേളയ്ക്കു ശേഷം മലയാളത്തിന്റെ പ്രിയ സംഗീത കൂട്ടുകെട്ട് വീണ്ടും ഒരുമിച്ചത്.