‘20 മിനിറ്റ് പകച്ചുനിന്നു, പിന്നെ പറഞ്ഞു, സർ ഈ പാട്ട് ഞാൻ പാടില്ല; അതാണ് എനിക്ക് സംസ്ഥാന അവാർഡ് വാങ്ങിത്തന്ന ഗാനം’– മൃദുല വാരിയർ അഭിമുഖം

Mail This Article
ലാലീലെ ലാലീ ലാലീലെ ലോ...’ എന്നൊരു ഈണവുമായി നമ്മുടെ ഹൃദയത്തിലേക്ക് ആഴ്ന്നിറങ്ങിയ, ഇന്നും വിട്ടുപോകാൻ മടിക്കാത്ത ഒട്ടേറെ പാട്ടുകൾ പാടിയ ഒരു ഗായികയുണ്ട്– മൃദുല വാരിയർ. ‘മയിൽപ്പീലി ഇളകുന്നു കണ്ണാ...’ പാടി മികച്ച ഗായികയ്ക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരം സ്വന്തമാക്കിയ മിടുക്കി. ഇന്ന് സംഗീതലോകത്തെ മിന്നും താരങ്ങളിലൊരാൾ. സിനിമയിലായാലും ആൽബത്തിലായാലും സ്റ്റേജ് ഷോ ആയാലും ഒരു ‘മൃദുല ടച്ച്’ ഇല്ലേ എന്നു തോന്നും ഈ ഗായികയുടെ ഓരോ പാട്ടുകേട്ടാലും. ഉദാഹരണത്തിന്, പലരും പാടിപ്പതിഞ്ഞതാണെങ്കിലും ‘ചെമ്പൂവേ പൂവേ’ എന്ന പാട്ട് മൃദുല പാടുമ്പോൾ നാം ചിന്തിക്കും, ഇത് മൃദുലയ്ക്കു മാത്രം സമ്മാനിക്കാൻ സാധിക്കുന്ന ഒന്നല്ലേ! ഹിന്ദു– ക്രിസ്തീയ ഭക്തി ഗാനങ്ങളെല്ലാം ഒരേ ഫീലോടെയാണ് മൃദുലയിൽനിന്നു നാം പാടിക്കേൾക്കുന്നത്. ഇന്ന് പാട്ടുകൾ ജീവിതമായി മാറിയിരിക്കുമ്പോൾ മൃദുല പറയുന്നു– ‘‘സംഗീതം ഒരു പ്രഫഷനാക്കാൻ പറ്റുമോയെന്നു പോലും ഞാൻ പേടിച്ചിരുന്ന ഒരു കാലം ഉണ്ടായിരുന്നു’’. മലയാളിക്ക് വിശ്വസിക്കാൻ അൽപം പ്രയാസമേറിയ വാക്കുകൾ. ഇലക്‌ട്രോണിക്സ് എൻജിനീയറിങ് ആണ് മൃദുല പഠിച്ചത്. ഇന്നു പാട്ടിന്റെ ലോകത്തെ ‘എൻജിനീയറായി’ മാറിയിരിക്കുന്നു ഈ പെൺകുട്ടി. ഓരോ പാട്ടും, ഓരോ പ്രോജക്ടും ആസ്വദിച്ചു ചെയ്യുന്ന മൃദുല പക്ഷേ ചില പാട്ടുകൾക്കു മുന്നിൽ പകച്ചു പോയ നിമിഷങ്ങളുമുണ്ടെന്നു പറയുന്നു. മൃദുല സംസാരിക്കുകയാണ് സിനിമയെപ്പറ്റി, സംഗീതത്തെപ്പറ്റി, ജീവിതത്തെപ്പറ്റി, യാത്രകളെയും സ്വപ്നങ്ങളെയും പറ്റി...