‘നമുക്കറിയാവുന്നവരെ ഈ അവസ്ഥയിൽ കാണുമ്പോൾ വിഷമം വരും; ഇഎംഐ കാലത്ത് കലാകാരന് പൈസ കിട്ടണം’– സുഹൈൽ കോയ അഭിമുഖം

Mail This Article
‘നീ എവിടെ പരിപാടി അവതരിപ്പിച്ചാലും പ്രശ്നമാണല്ലോ’ എന്ന പ്രശസ്തമായ സിനിമാ വാചകം ഓർമിപ്പിക്കുന്ന കൂട്ടുകാരില്ലേ? അങ്ങനെയൊരു പെൺകുട്ടിയെ വിശേഷിപ്പിച്ച് എഴുതപ്പെട്ട പാട്ട് തുടങ്ങുന്നത് ‘അശുഭമംഗളകാരി’ എന്നാണ്. അത്രയേറെ രസകരമായി, ഒറ്റ വാക്കില്‍ അല്ലാതെങ്ങനെയാണ് ആ പെൺകുട്ടിയെ വിശേഷിപ്പിക്കുക. ‘അഞ്ചു രൂപാ മഞ്ച് പോലെ’ എന്ന് വിശേഷണം നൽകുന്ന, മിനി കൂപ്പറിനെ ‘മിനി മഹാറാണി’ എന്ന് വിശേഷിപ്പിക്കുന്ന, ഒരാളുടെ മൂന്നു പ്രണയികളെ ‘നീമ്പു, നാരങ്ങാ, ലെമൺ’ എന്ന് പാട്ടാക്കി മാറ്റുന്ന ഒരാളുടെതന്നെയാണ് അശുഭമംഗളകാരി എന്ന വരികളും. സുഹൈൽ കോയ എന്ന പാട്ടെഴുത്തുകാരന്റെ. പുതുതലമുറയുടെ ‘പൾസ്’ തിരിച്ചറിഞ്ഞ പാട്ടുകാരനെന്നാണ് വലിയൊരു വിഭാഗവും അദ്ദേഹത്തെ വിശേഷിപ്പിക്കുന്നത്. അദ്ദേഹത്തിന്റെ പാട്ടുകൾ ഏറ്റെടുക്കുന്നവരിൽ ഭൂരിഭാഗവും അവര്‍തന്നെ. വരികൾ പോലും പലർക്കും ഹൃദിസ്ഥം. കടുകട്ടിയൊട്ടുമില്ലാത്തതാണ് സുഹൈലിന്റെ വരികളും. എന്നുകരുതി എല്ലാ പാട്ടുകളിലും അങ്ങനെയല്ല. ‘ഇയാൾ എവിടെനിന്ന് ഈ വരികളൊക്കെ ഒപ്പിക്കുന്നു’ എന്നു സംശയിക്കുന്ന തരം പാട്ടുകളും സുഹൈലിൽനിന്നു വന്നിട്ടുണ്ട്. സിനിമയിലെ രംഗങ്ങളുമായി എങ്ങനെയാണ് ഈ വരികൾ ഇത്രയേറെ ഇഴുകിച്ചേരുന്നതെന്ന് അമ്പരക്കുന്നവരുമുണ്ട്.