‘‘പട്ടിണി എന്നുപറഞ്ഞാൽ പോരാ, മുഴുപ്പട്ടിണിയാണ് മക്കളെ. പുലർച്ചെ 2 മണി മുതൽ ഇവിടെ വന്നിരിക്കുകയാണ്. ഇപ്പോൾ സമയം 9 കഴിയുന്നു. ഇതുവരെ ഒരുകുട്ട മീൻപോലും ഞങ്ങള്‍ക്ക് കിട്ടിയിട്ടില്ല. ഇങ്ങനെയാണെങ്കിൽ ട്രോളിങ് നിരോധനംകൂടി വന്നുകഴിയുമ്പോൾ ഞങ്ങളുടെ അവസ്ഥ എന്തായിത്തീരുമെന്ന് അറിയില്ല.’’ ശക്തികുളങ്ങര ഹാർബറിൽ ഒഴിഞ്ഞ മീൻകുട്ടയുടെ മുന്നിൽനിന്ന് സംസാരിക്കുമ്പോൾ കർമലിയുടെ കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു. കർമലി ഉൾപ്പെടെയുള്ള പതിനായിരക്കണക്കിന് മത്സ്യത്തൊഴിലാളികൾക്കും അവരുടെ കുടുംബങ്ങൾക്കും ഇനിയുള്ള 2 മാസങ്ങൾ വറുതിയുടേതാണ്.
HIGHLIGHTS
- ആഴക്കടലിൽ മത്സ്യബന്ധനം നടത്തുന്ന വലിയ ബോട്ടുകൾക്ക് ട്രോളിങ് നിരോധനത്തിന്റെ ചങ്ങല വീഴുകയാണ്. 52 ദിവസത്തെ ട്രോളിങ് നിരോധനകാലം ഒരു വിഭാഗം മത്സ്യത്തൊഴിലാളികൾക്ക് വറുതിയുടേതാണെങ്കിൽ, പരമ്പരാഗത മത്സ്യത്തൊഴിലാളികൾക്ക് ഇത് പ്രതീക്ഷയുടെ കാലമാണ്. വലിയ ബോട്ടുകളെ ആശ്രയിക്കുന്ന ആയിരക്കണക്കിന് കുടുംബങ്ങൾക്ക് നിത്യച്ചെലവിനു പോലും വഴിയടയുമ്പോൾ, മറുവശത്ത് തങ്ങൾക്ക് മാത്രമായി വിട്ടുകിട്ടുന്ന കടലിൽ പ്രതീക്ഷവച്ചാണ് പരമ്പരാഗത മത്സ്യത്തൊഴിലാളി കുടുംബങ്ങൾ കാത്തിരിക്കുന്നത്.