വിവാഹ സദ്യയിലെ തൂശനിലയിൽ ഇടതു വശത്തെ തൊടുകറികളെ മറച്ച് ഇരിപ്പുറപ്പിക്കുന്ന ഭീമൻ പപ്പടം മുതൽ പനിച്ചു പൊരിഞ്ഞു കിടക്കുമ്പോൾ കഞ്ഞിക്കൊപ്പം ഉപ്പുരസം പകരുന്ന ചുട്ട പപ്പടം വരെ... ഏത് ആഹാരമാവട്ടെ അതുമായി പപ്പടം വളരെ വേഗം കൂട്ടാവും. ഇതുപോലെ ഇന്ത്യയിലെ അരലക്ഷത്തോളം സ്ത്രീകളുടെ ജീവിതത്തിൽ കൂട്ടായി മാറിയ ലിജ്ജത്ത് പപ്പടത്തെ കുറിച്ച് കേട്ടിട്ടുണ്ടോ? 1959 ൽ ഏഴ് ഗുജറാത്തി സ്ത്രീകൾ അവരുടെ വീടുകളിൽ ആരംഭിച്ച ‘പപ്പടക്കമ്പനി’ പിന്നീട് വലിയൊരു പ്രസ്ഥാനമായി മാറുകയായിരുന്നു. ഇന്നത് 42,000 ത്തോളം സ്ത്രീകൾക്ക് തൊഴിൽ നൽകുന്ന 1600 കോടി രൂപ ആസ്തിയുള്ള ഭക്ഷ്യനിർമാണ കമ്പനിയായി വളർന്നിരിക്കുന്നു. കേരളത്തിലുള്ളവർ ലിജ്ജത്ത് പപ്പടത്തെക്കുറിച്ച് അധികം കേട്ടിട്ടില്ലെങ്കിലും ഉത്തരേന്ത്യയിൽ കുറച്ച് നാളെങ്കിലും താമസിച്ചിട്ടുള്ളവർ ഈ പേര് മറക്കാൻ സാധ്യത കുറവാണ്.
HIGHLIGHTS
- 80 രൂപ മൂലധനവുമായി ആരംഭിച്ച ഒരു കമ്പനി. ആദ്യ വര്‍ഷത്തിൽ നടന്നത് 6196 രൂപയുടെ വിൽപന. 1959 ൽ ആണെന്നോർക്കണം. രണ്ടാം വർഷത്തിലേക്കു കടന്നപ്പോൾ 150 വനിതകൾ അതിന്റെ ഭാഗമായി മാറി. ആറു പതിറ്റാണ്ടിനിപ്പുറം കമ്പനിയുടെ വരുമാനം 1600 കോടി, അരലക്ഷത്തോളം തൊഴിലാളികൾ, അതിലേറെയും വനിതകൾ. ഒരു സംരംഭകയാകണം എന്നു തീരുമാനിച്ച് ഇറങ്ങിയാൽ അത് തീർച്ചയായും വിജയത്തിലേക്ക് എത്തുമെന്നതിന്റെ തെളിവാണ് ഗുജറാത്തിലെ ഏഴു വനിതകൾ ചേർന്ന് ആരംഭിച്ച ഈ കമ്പനിയുടെ ചരിത്രം. ഒരു കുഞ്ഞു സംരംഭം എങ്ങനെ വമ്പനൊരു പ്രസ്ഥാനമായി മാറിയെന്നതിന്റെ കഥ കൂടിയാണിത്...