‘വെല്ലുവിളികളുണ്ട്’; എന്നെ മനസിലാക്കാൻ വീട്ടുകാർക്ക് സമയം കൊടുത്തു, ഇന്നും അമ്മയ്ക്കൊപ്പം; പ്രകൃതി സംസാരിക്കുന്നു
Mail This Article
ജീവിതം വലിയ വേദനകളിലേക്കു വലിച്ചിടുമ്പോഴും അതിനോടു സമരസപ്പെടാതെ, പുതിയ ജീവിതത്തിനും കാഴ്ചകൾക്കും സൗഹൃദത്തിനുമായി ഉയർത്തെണീറ്റു വരാൻ ക്ഷമയോടെ കാത്തിരിക്കുന്ന ചിലരുണ്ട്. ദുരിതകാലത്തിലും വേദനയിലും പുകയുമ്പോഴും ഇതിനപ്പുറം മനോഹരമാകുമെന്ന പ്രത്യാശയിൽ കാലം മാറാൻ കാത്തിരിക്കുന്നവർ. അത്തരമൊരു കാത്തിരിപ്പിലായിരുന്നു വിജീഷും. പ്രകൃതിയിലേക്കുള്ള അനിവാര്യമായ മാറ്റത്തിനായി ക്ഷമയോടെയുള്ള കാത്തിരിപ്പ്, ഒടുവിൽ വിജീഷിൽനിന്ന് അവൾ ‘പ്രകൃതി’യായി. പേരു മാത്രമല്ല, ശരീരവും മനസ്സും പൊളിച്ചെഴുതി. ‘പ്രകൃതി’യാകാൻ വയനാട് നൂൽപ്പുഴ നായ്ക്കട്ടിയിലെ തേർവയൽ ആദിവാസി കോളനിയിലെ വിജീഷ് താണ്ടിയ ദൂരത്തിനു വേദനകളുടെയും സഹനങ്ങളുടെയും കാത്തിരിപ്പിന്റെയും കഥകളുണ്ട്. പൂർണ്ണമായി സ്ത്രീയാകാൻ ഇനിയും കടമ്പകൾ കടക്കാനുമുണ്ട്. ശസ്ത്രക്രിയയ്ക്കും ചികിത്സയ്ക്കും ധാരാളം പണം വേണം. അവ കണ്ടെത്തുകയെന്നത് ആദിവാസി പണിയർ വിഭാഗത്തിൽ നിന്നുള്ള 24 കാരിയായ പ്രകൃതിക്കു മുമ്പിലെ വെല്ലുവിളിയാണ്.