ചിക്കനും ‘ചൂട്’; ‘തോർത്ത് നനച്ചിട്ടാൽ നിമിഷനേരം കൊണ്ട് കാച്ചിയ പപ്പടം പോലെ’; വേപ്പില തണുപ്പിക്കുമോ പാലക്കാടൻ ചൂട്?
Mail This Article
ഒരു വിധം ചൂടൊന്നും പാലക്കാട്ടുകാർക്ക് ഏശില്ല. വർഷത്തില്‍ രണ്ടരമാസത്തോളം ചൂട് പാലക്കാടിന് സന്തതസഹചാരി പോലെയാണ്. കൂടിയും കുറഞ്ഞും അതങ്ങനെ കടന്നുപോകുകയാണ് പതിവ്. ഇത്തവണ പക്ഷേ, അളവ് തെറ്റിയ ഉഷ്ണം ആകെ പൊള്ളിക്കുന്നതിന്റെ അമ്പരപ്പിലും ആധിയിലുമാണ് ജില്ല. കാലവർഷമഴയിൽ കുറവ് വന്നു. തുലാവർഷം വിചാരിച്ചതിലും അധികം കിട്ടിയെങ്കിലും അതു കാലവർഷക്കുറവിനെ പരിഹരിച്ചില്ല. തണുപ്പുകാലം പേരിനുപോലുമുണ്ടായില്ല. അൽപം വൈകി പാലക്കാടൻ കാറ്റെത്തിയെങ്കിലും അതും അത്ര പോരായിരുന്നു. വേനൽമഴ പറ്റെ വിട്ടുനിന്നതോടെ മണ്ണിന്റെ പ്രത്യേകതയും കാറ്റിന്റെ ഗതിയും കൂടി അന്തരീക്ഷം നാടിനെയാകെ വരിഞ്ഞുമുറുക്കി. കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ അടുത്തടുത്ത സ്റ്റേഷനുകളിൽ ചൂട് 41 ഡിഗ്രിയായതോടെ ഉഷ്ണതരംഗം ഉറപ്പിച്ചു. എന്നാൽ അതിനും നാലാഴ്ച മുൻപേതന്നെ പലയിടത്തെയും വെതർസ്റ്റേഷനുകളിൽ തുടർച്ചയായി 43 ഡിഗ്രിവരെ ചൂട് രേഖപ്പെടുത്തി. വേനൽമഴ വൻതോതിൽ കുറഞ്ഞപ്പോഴേ പന്തികേടു തോന്നിയിരുന്നു. നല്ലമഴയ്ക്കായി പതിവുപോലെ നാട്ടാചാരമനുസരിച്ച് ‘പാപി’യെ കെട്ടിവലിച്ചു. ജില്ലയിലെ ബ്രാഹ്ണഗ്രാമങ്ങളിൽ പലതിലും മഴയ്ക്കുവേണ്ടി വരുണപൂജയും ഹോമവും നടത്തി. മുൻപും കൊടും വരൾച്ചയുണ്ടായിട്ടുണ്ട്. പക്ഷേ ഇത്രയും ചുട്ടുപൊള്ളിയിരുന്നില്ല എന്ന് തറപ്പിച്ചു പറയുന്നു, പാലക്കാട്.