സൗമ്യതയുടെ ആൾരൂപം; പ്രിയം ഐതിഹ്യങ്ങളോടും ഫുട്ബോളിനോടും; കൃഷിയിലും തിളങ്ങി ശബരിമലയിലെ ഇളമുറത്തന്ത്രി
Mail This Article
കിഴക്കേ മലമുകളിൽനിന്നുള്ള ചൈതന്യത്തിന്റെ പൊൻതിളക്കം ഈ വഴിയിൽ പ്രഭ വിതറുന്നു. പുലരിമഞ്ഞിന്റെ വിഭൂതി മായുമ്പോഴും ഇവിടം ധ്യാനമൗനത്തിലാണ്; വടക്കോട്ട് അൽപം നീങ്ങിയാൽ വഴി തീരുന്നതിനാലും തന്ത്രികുടുംബങ്ങളിലേക്കല്ലാതെ അധികമാരും ഈ വഴി വരാനില്ലാത്തതിനാലുമാകാം. പുരയിടത്തിന്റെ പടിഞ്ഞാറ് പടവുകളിറങ്ങിയാൽ പുണ്യനദി പമ്പ. തെക്കേ മതിലിനു തൊട്ടുചേർന്ന്, നീളത്തിൽ, മുണ്ടൻകാവ് കരയുടെ പള്ളിയോടപ്പുര. മുറ്റത്ത് അതിനു സമാന്തരമായി ഏതാണ്ട് അത്രതന്നെ നീളത്തിൽ വള്ളിച്ചെടിപ്പന്തൽ. അന്തരീക്ഷത്തിലെങ്ങും ആധ്യാത്മികതയുടെ അഭൗമ ദിവ്യസാന്നിധ്യം. കൽപടവുകളുള്ള പടിപ്പുരയുടെ അരികിൽ പിത്തളത്തിളക്കമുള്ള ബോർഡ്: കണ്ഠര് രാജീവര്, താഴമൺമഠം. പൂമുഖത്ത്, നെറ്റിത്തടത്തിൽ നീളൻ ചന്ദനക്കുറിയുമായി തന്ത്രി ആരെയോ കാത്തിരിക്കുന്നതുപോലെ. തന്ത്രികുടുബത്തിൽ ക്ഷേത്രച്ചുമതലകളിലേക്ക് പുതിയ തലമുറയുടെ കടന്നുവരവാണല്ലോ. മകൻ ബ്രഹ്മദത്തനെ അന്വേഷിച്ചപ്പോൾ അകത്തേക്കുനോക്കി നീട്ടിയൊരു വിളി. വൈകാതെ അച്ഛന്റെ ‘ഉണ്ണി’ വാതിൽ കടന്ന് വന്നു. ഇളംതവിട്ടുനിറത്തിലുള്ള മുണ്ട്.കണ്ണടയ്ക്കുപിന്നിൽ അവാച്യമായ ശാന്തഭാവം, താഴെ തങ്ങിനിൽക്കുന്ന പുഞ്ചിരി. പേരിലേയുള്ളൂ ഗാംഭീര്യം; ബ്രഹ്മദത്തൻ സൗമ്യതയുടെ ആൾരൂപമാണ്.