ഈ കാർഷിക വിഭവത്തിന് കിലോയ്ക്ക് 10 കോടി രൂപ! ഓരോ മാങ്ങയ്ക്കും മത്തങ്ങയ്ക്കും ലക്ഷങ്ങൾ; പറമ്പിൽ വളർത്താമെന്നു കരുതേണ്ട!

Mail This Article
ജപ്പാനിലുള്ളവർക്ക് ഇഷ്ടപ്പെട്ട ഒരു മീൻ വിഭവം ഉണ്ട്. ഫുഗു എന്നയിനം മത്സ്യത്തിൽനിന്നുണ്ടാക്കുന്നതാണത്. പഫർ ഷിഫ് ഇനത്തിൽപ്പെട്ടവയാണ് ഈ മത്സ്യം. ശരീരത്തിൽ അടങ്ങിയിരിക്കുന്ന വിഷത്തിന്റെ പേരിൽ കുപ്രസിദ്ധി നേടിയവയാണ് പഫർ മത്സ്യങ്ങൾ. ടെട്രോഡോടോക്സിൻ അഥവാ ടിടിഎക്സ് എന്നയിനം വിഷമാണ് ഇവയുടെ ശരീരത്തിലുള്ളത്. ഒരിനം ന്യൂറോടോക്സിനാണിത്. അതായത്, ഈ വിഷം ഉള്ളിൽച്ചെന്നാൽ ശരീരം മൊത്തം തളരുന്നതു മുതൽ മരണം വരെ സംഭവിക്കാം. നാഡികളെയാണ് ഈ വിഷം ബാധിക്കുന്നത്. ഫുഗു മത്സ്യം കഴിച്ച് ജപ്പാനില്‍ പ്രതിവർഷം ശരാശരി ആറിൽതാഴെ പേരെങ്കിലും മരിക്കുന്നുണ്ടെന്നാണ് ടോക്കിയോ ബ്യൂറോ ഓഫ് സോഷ്യൽ വെൽഫെയറിന്റെ കണക്ക്. എന്നാല്‍ ഫുഗു മത്സ്യത്തിന്റെ ശരീരത്തിലെ വിഷം നീക്കം ചെയ്ത് വമ്പൻ ഹോട്ടലുകളിലും മറ്റും ഭക്ഷ്യവിഭവമായി ഉപയോഗിക്കാറുണ്ട്. ഒരു പ്ലേറ്റിന് ചിലപ്പോൾ 45,000 രൂപ വരെ കൊടുക്കേണ്ടി വരും! എന്നാലും ഇവയ്ക്ക് വൻ ഡിമാൻഡാണ്. കാരണം അതിന്റെ അമൂല്യസ്വഭാവം തന്നെ. ഫുഗു മത്സ്യവിഭവം നിർമിക്കാനുള്ള ലൈസൻസ് ഒരു ഷെഫിന് ലഭിക്കണമെങ്കില്‍ കുറഞ്ഞത് മൂന്നു വർഷത്തെ പാചക പരിശീലനമെങ്കിലും വേണ്ടി വരും. അങ്ങനെ ലൈസൻസ് ലഭിച്ചവർക്കേ ഈ വിഭവം തയാറാക്കാൻ അനുവാദമുള്ളൂ. അല്ലാതെ ഫുഗു മത്സ്യത്തെ പിടികൂടി ഭക്ഷിക്കുന്നവരാണ് മരിച്ചു പോകുന്നത്. ഇത്തരത്തിൽ, വിഷമാണെങ്കിലും ‘റിസ്ക്’ എടുക്കാൻ പലരും തയാറാകുന്നത് ആ വിഭവത്തിന്റെ അമൂല്യ രുചി കാരണമാണ്. ഒപ്പം അവ നിർമിക്കാൻ സ്വീകരിക്കുന്ന അപൂര്‍വ പ്രക്രിയകളും. ഈ അപൂർവ സ്വഭാവവുമായി പല ഭക്ഷ്യവിഭവങ്ങളും ലോകത്തിന്റെ പല ഭാഗങ്ങളിലും തയാറാക്കപ്പെടുന്നുണ്ട്. ആ വിഭവങ്ങൾ തയാറാക്കാൻ വേണ്ട കാർഷിക വിഭവങ്ങൾ വളർത്തിയെടുക്കാനുമുണ്ട് ഏറെ കഷ്ടപ്പാട്. 200 ഗ്രാമിന് 25 ലക്ഷം രൂപ വരെ ചെലവാക്കേണ്ട വിഭവങ്ങളും അതില്‍പ്പെടും. മീനും മാംസവും മാത്രമല്ല മത്തങ്ങയും മാങ്ങയുമെല്ലാം ഇത്തരം അപൂർവ വിഭവങ്ങളുടെ ഗണത്തിലുണ്ട്. ലോകത്തിലെ ഏറ്റവും വിലയേറിയ ആ കാർഷിക വിഭവങ്ങളിൽ ചിലത് ഇന്ത്യയിലുമുണ്ട്. അതിലൊന്ന് കേരളത്തിൽ അടുത്തിടെ വിളയിച്ചെടുത്തതുമാണ്. എന്നാലും ചിലതെല്ലാം ഇന്നും നമുക്ക് അപ്രാപ്യമാണ്.