ഒടുവിൽ, കേന്ദ്രമന്ത്രിക്ക് ശക്തികാന്ത ദാസിന്റെ ‘ഉശിരൻ’ മറുപടി; വളർച്ചാ കണക്കിലും കടുംവെട്ട്; കടിഞ്ഞാൺ പൊട്ടിച്ച് വിലക്കയറ്റക്കുതിര!
Mail This Article
റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത ദാസ് കൂടി സന്നിഹിതനായ ചടങ്ങിൽ വച്ചാണ് കഴിഞ്ഞമാസം കേന്ദ്ര വാണിജ്യമന്ത്രി പീയുഷ് ഗോയൽ പരസ്യമായി ആ ആവശ്യം ഉന്നയിച്ചത് - ‘‘റിസർവ് ബാങ്ക് പലിശനിരക്ക് കുറച്ചേ പറ്റൂ’’. മന്ത്രിക്കുള്ള മറുപടി ഡിസംബറിൽ പറഞ്ഞോളാമെന്നാണ് ചടങ്ങിൽ പിന്നീട് സംസാരിച്ച ശക്തികാന്ത ദാസ് പ്രതികരിച്ചത്. 2023 ഫെബ്രുവരി മുതൽ അടിസ്ഥാന പലിശനിരക്ക് (റീപ്പോ നിരക്ക്) ദശാബ്ദത്തിലെ തന്നെ ഉയർന്നനിരക്കായ 6.50 ശതമാനത്തിൽ തുടരുകയാണ്. ഇതുമൂലം ബാങ്ക് വായ്പകളുടെ പലിശനിരക്കും ജനങ്ങളുടെ വായ്പാത്തിരിച്ചടവ് ഭാരവും കൂടിനിൽക്കുന്ന പശ്ചാത്തലത്തിലായിരുന്നു മന്ത്രിയുടെ ആവശ്യം. പലിശ ഇങ്ങനെ കുറയ്ക്കാതെ നിർത്തുന്നതുകൊണ്ട് പണപ്പെരുപ്പം കുറയില്ലെന്നും പ്രയോജനമില്ലെന്നും മന്ത്രി പറഞ്ഞിരുന്നു. ബാങ്ക് വായ്പകളുടെ പലിശ കുറയേണ്ടത് അനിവാര്യമാണെന്ന് പരോക്ഷമായി കേന്ദ്ര ധനമന്ത്രി നിർമല സീതാരാമനും വ്യക്തമാക്കിയിരുന്നു. ഈ മാസം ചേർന്ന റിസർവ് ബാങ്കിന്റെ പണനയ നിർണയ സമിതിയുടെ (എംപിസി) യോഗശേഷം മന്ത്രിക്കുള്ള മറുപടി തന്നെയാണ് ശക്തികാന്ത ദാസ് ആദ്യം പറഞ്ഞതും. റിസർവ് ബാങ്കിലും എംപിസിയിലും ചട്ടപ്രകാരം നിക്ഷിപ്തമായ ഉത്തരവാദിത്വം നിറവേറ്റുക മാത്രമാണ് ചെയ്യുന്നതെന്ന് വ്യക്തമാക്കിയ ശക്തികാന്ത ദാസ്, റീപ്പോ നിലനിർത്തിയ നടപടി പ്രായോഗികവും ഉചിതവും യുക്തിപൂർണവുമാണെന്നും പറഞ്ഞു. പണപ്പെരുപ്പം നിയന്ത്രിക്കുന്നതിന് തന്നെയാണ് റിസർവ് ബാങ്ക് പ്രധാന പരിഗണന കൊടുക്കുന്നതെന്ന് ഉറപ്പിച്ചു പറയുക കൂടിയാണ് ദാസ് ചെയ്തത്.