ഭൂമിയുടെ ‘അടി’ തെറ്റുന്നു! കടലിൽ വഴിതെറ്റി മത്തിക്കൂട്ടം; പൂമ്പാറ്റ മുതൽ തിമിംഗലം വരെ ദുരിതത്തിൽ; മനുഷ്യരും അപകടത്തിൽ ?
Mail This Article
ഒരു സുപ്രഭാതത്തിൽ എഴുന്നേറ്റു നോക്കുമ്പോൾ, കണക്കെല്ലാം ശരിയാക്കി കൃത്യം വടക്കോട്ട് ദർശനമായി നിർമിച്ച വീട് കുറച്ചു കിഴക്കോട്ടു തിരിഞ്ഞുപോയാൽ നിർമിച്ചവരെ കുറ്റം പറയരുതേ... ഭൂമി ആകെ മാറിക്കൊണ്ടിരിക്കുകയാണ്. കോംപസ് വച്ച് വടക്കോട്ട് നോക്കിയാൽ 10 വർഷം മുൻപുള്ള വടക്ക് കിട്ടണമെന്നില്ല. ഭൂമിയുടെ കാന്തിക വടക്ക് (മാഗ്നറ്റിക് നോർത്) കിഴക്കോട്ട് മാറിക്കൊണ്ടിരിക്കുന്നതാണ് പ്രശ്നം. ചെറിയ മാറ്റമൊന്നുമല്ല ഇത്, ചെറിയ പ്രശ്നവുമല്ല. കാനഡയുടെ വടക്കു നിന്ന് ‘വടക്ക്’ റഷ്യയുടെ വടക്കോട്ട് ഇതിനോടകം 2250 കിലോമീറ്റർ പിന്നിട്ടുകഴിഞ്ഞെന്നാണ് ഇതു സംബന്ധിച്ച പഠനം നടത്തുന്ന ശാസ്ത്രജ്ഞർ പറയുന്നത്. 1990 വരെ വർഷം 15 കിലോമീറ്റർ വേഗത്തിലായിരുന്നത്രേ ഈ മാറ്റം. എന്നാൽ അതിനു ശേഷം ‘വടക്ക്’ യാത്രയുടെ സ്പീഡ് നന്നായങ്ങു കൂട്ടി; 2020 വരെ വർഷം 50–60 കിലോമീറ്റർ എന്ന കണക്കിലായിരുന്നു കാന്തിക വടക്കിന്റെ കിഴക്കോട്ടുള്ള മാറ്റം.