നിലാവെളിച്ചം തൂകിയ നീലപ്പെന്‍സില്‍; പുതുമയുടെ ‘സ്പാർക്ക്’ തിരിച്ചറിഞ്ഞ എംടിയുടെ ആ അതീന്ദ്രിയ സിദ്ധി
Mail This Article
‘വിജയം അകലെക്കാണുന്ന വഴിവിളക്കാണ്. ഇരുട്ടു മൂടിയ വഴിത്താരയില്‍ തപ്പിത്തടയുമ്പോള്‍ പരിഭ്രാന്തനായി പിന്തിരിയുന്നവന് വെളിച്ചത്തിലെത്താനാവില്ല’. ഒരു യുവ സാഹിത്യകാരന് എംടി അയച്ച മറുപടിക്കത്തിലെ വരികളാണിത്. അക്ഷരങ്ങള്‍ക്കു പിശുക്കുകാട്ടി എംടി അയച്ചിരുന്ന ഇത്തരം കത്തുകള്‍ തങ്ങളുടെ എഴുത്തുജീവിതത്തില്‍ പ്രത്യാശയുടെ വഴിവിളക്കായിരുന്നുവെന്ന് പിൽക്കാലത്തു പേരെടുത്ത പല എഴുത്തുകാരും സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. നീലപ്പെന്‍സിലിന്‍റെ ഇന്ദ്രജാലം കൊണ്ട് പ്രഫഷനല്‍ എഡിറ്റര്‍മാര്‍ ജനിപ്പിക്കുന്ന പുതിയ പ്രതീതികളുണ്ട്. അത് എംടിയുടെ കൈകളില്‍ എത്തിയപ്പോള്‍ ഉളവാക്കിയ മൗലികത വാക്കുകള്‍ക്ക് അതീതമായി. ആ നീലപ്പെന്‍സില്‍ തൂകിയ നിലാവെട്ടത്തിലാണ് പല പ്രമുഖ എഴുത്തുകാരും കരുത്തുറ്റ സാന്നിധ്യമറിയിച്ചത്. എം. മുകുന്ദൻ, എൻ.എസ്. മാധവൻ, പുനത്തിൽ കുഞ്ഞബ്ദുല്ല, എം.പി. നാരായണപിളള, സക്കറിയ, എം. സുകുമാരൻ, സേതു... ആ നിര നീളുന്നു. വെറും അവസരം കൊടുക്കലുകള്‍ക്കപ്പുറം സര്‍ഗപരമായ ഇടപെടലുകളിലൂടെ ഒരു തലമുറയിലെ ഒരുപറ്റം എഴുത്തുകാരുടെ രൂപീകരണത്തില്‍ വഹിച്ച നിര്‍ണായകമായ പങ്കാണ് എംടിയെന്ന പത്രാധിപരെ മറ്റുള്ളവരിൽനിന്നു വ്യത്യസ്തനാക്കുന്നത്. രചനകളുടെ തെറ്റുകുറ്റങ്ങള്‍ പറഞ്ഞുപഠിപ്പിക്കുന്ന അധ്യാപകനോ പണ്ഡിതനോ ആകാതെ, മൗനം നിറഞ്ഞ തിരിച്ചയയ്ക്കലുകളിലൂടെ കഥപറച്ചിലുകാരനെ എഴുത്തിന്‍റെ പുതിയ വഴികള്‍ തേടാന്‍ പ്രേരിപ്പിക്കുകയായിരുന്നു അദ്ദേഹം. എഴുത്തുകാരന്‍ സ്വയം സൂക്ഷിക്കേണ്ട ഗുണനിലവാരത്തെക്കുറിച്ച് ഇത്തരം തിരിച്ചയയ്ക്കലുകളിലൂടെ അദ്ദേഹം ഓര്‍മപ്പെടുത്തിയിരുന്നു. എംടിയുടെ മറുപടിക്കത്തുകള്‍ കഥയുടെ ലോകത്തേക്കു കടക്കാനുള്ള മാന്ത്രികത്താക്കോലായി പല എഴുത്തുകാരും ഉപയോഗപ്പെടുത്തി. സ്വന്തം സൃഷ്ടികളിലൂടെ കാല്‍പനികതയുടെ കാമ്പുള്ള അനുഭവങ്ങള്‍ പകര്‍ന്നു നല്‍കിയ സാഹിത്യകാരന്‍ എന്നതിനപ്പുറം