അബദ്ധം തിരിച്ചറിഞ്ഞ് മുന്നേറി; ആകാശത്തേക്കുള്ള ഒറ്റ വഴിയിൽ കരുത്തായി ക്രയോജനിക് എൻജിൻ; തിരുത്തി ചന്ദ്രയാന്റെ പിഴവുകളും

Mail This Article
1969. കന്യാകുമാരി ജില്ലയിൽ നാഗർകോവിലിനു സമീപത്തെ കീഴെക്കാട്ടുവിള ഗ്രാമത്തിലെ സർക്കാർ തമിഴ് മീഡിയം സ്കൂൾ. ക്ലാസ് മുറികൾക്കു പകരം വലിയൊരു ഹാൾ മാത്രമാണ് ആ സ്കൂളിനുണ്ടായിരുന്നത്. എൺപതോളം വിദ്യാർഥികളുള്ള ആ സ്കൂളിലേക്കാണ് 2 കിലോമീറ്റർ അകലെനിന്ന് നാരായണൻ ഒന്നാം ക്ലാസിൽ പഠിക്കാനെത്തിയത്. നാരായണൻ സ്കൂളിൽ ചേർന്ന് ഒന്നര മാസം കഴിഞ്ഞു കാണും. ജൂലൈയിലെ ഒരു ദിവസം. ടീച്ചർ ക്ലാസിലേക്കെത്തിയത് വലിയ സന്തോഷത്തോടെയാണ്. കുട്ടികളോട് അവർ ആ സന്തോഷ വാർത്ത പങ്കിട്ടു: ‘കുട്ടികളേ, മനുഷ്യൻ ചന്ദ്രനിൽ ഇറങ്ങി’. ആകാശം കാണുന്ന മേൽക്കൂരയിലൂടെ കുട്ടികൾ കൗതുകത്തോടെ മുകളിലേക്കു നോക്കി; നാരായണനും. പകലായതു കൊണ്ട് എരിഞ്ഞു നിൽക്കുന്ന സൂര്യനെ മാത്രമേ കണ്ടുള്ളൂ. എങ്കിലും അവരുടെ കുഞ്ഞു മനസ്സിലേക്കു ചന്ദ്രനിൽ മനുഷ്യൻ ചെന്നിറങ്ങുന്ന ആ രംഗം തെളിഞ്ഞു വന്നു.